17,000 ദീനാറിന്റെ സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: തലസ്ഥാന ഗവർണറേറ്റിലെ വാട്ടർഫ്രണ്ട് ഏരിയയിലുള്ള നിരവധി റസിഡൻഷ്യൽ ഫ്ലാറ്റുകളിൽ കയറി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന കേസിൽ 34 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 17,000 ബഹ്റൈൻ ദീനാറിലധികം (മുപ്പത്തിയേഴ് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വത്തുക്കളാണ് ഇയാൾ വിവിധ അപ്പാർട്ട്മെന്റുകളിൽ നിന്നായി മോഷ്ടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്തെ മോഷണ പരമ്പരകളെക്കുറിച്ച് പരാതി ലഭിച്ചയുടൻ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഊർജ്ജിതമായ അന്വേഷണവും വിവരശേഖരണവും ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് വലയിലാക്കിയത്. ഇയാൾക്കെതിരെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയതായും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
sssasa

