മദ്യപിച്ച് വാഹനമോടിച്ച് മാരക അപകടം: ഡ്രൈവർമാരുടെ 3 വർഷം തടവ് ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിനും മൂന്ന് പേർക്ക് പരിക്കേൽക്കാനും കാരണക്കാരനായ ഡ്രൈവർക്ക് ലോവർ കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചു. രജിസ്ട്രേഷനും ഇൻഷുറൻസും ഇല്ലാത്ത വാഹനവുമായാണ് പ്രതി അപകടമുണ്ടാക്കിയത്.
രാത്രി 11:25 ഓടെയായിരുന്നു സംഭവം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത മാത്രമുള്ള റോഡിൽ 75 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ വാഹനം നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ വാഹനം എതിർ വശത്തെ ട്രാക്കിലേക്ക് തെറിച്ചുവീണ് മൂന്നാമതൊരു വാഹനവുമായി നേർക്കുനേർ കൂട്ടിയിടിച്ചു.
തുടർന്ന് റോഡരികിലെ മെറ്റൽ ബാരിയറിലും ഇടിച്ചുനിന്ന പ്രതി, സംഭവസ്ഥലത്തുനിന്ന് താൽക്കാലികമായി ഓടി രക്ഷപെട്ടെങ്കിലും പിന്നീട് വാഹനം സമീപത്ത് പാർക്ക് ചെയ്ത ശേഷം തിരികെ എത്തുകയായിരുന്നു. അപകടത്തിൽ ഒരു യാത്രാക്കാരൻ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
sdfsf

