ക്രിക്കറ്റ് ബാറ്റുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: ഏഷ്യക്കാരന് 5 വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: തപാൽ പാഴ്‌സലുകളായി എത്തിയ ക്രിക്കറ്റ് ബാറ്റുകൾക്കും കായിക ഉപകരണങ്ങൾക്കുമുള്ളിൽ ഒളിപ്പിച്ച് അഞ്ച് കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഷ്യൻ സ്വദേശിക്ക് ബഹ്‌റൈൻ ഫസ്റ്റ് ക്രിമിനൽ ഹൈക്കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 3,000 ബഹ്‌റൈനി ദിനാർ പിഴയും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കാനും നിർദ്ദേശമുണ്ട്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തപാൽ പാഴ്‌സലുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ മയക്കുമരുന്ന് വേട്ടയ്ക്ക് വഴിവെച്ചത്. എക്സ്-റേ പരിശോധനയിൽ പാഴ്‌സലുകൾക്കുള്ളിൽ അസ്വാഭാവികമായ സാന്ദ്രത കണ്ടെത്തുകയായിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിൽ 'ഷാബു' (Shabu) എന്ന് വിളിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത്.
തുടർന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ (Controlled Delivery), പാഴ്‌സൽ കൈപ്പറ്റാൻ എത്തിയ പ്രതിയെ ഉദ്യോഗസ്ഥർ ഒടുവിൽ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് തരാസും പോലീസ് കണ്ടെടുത്തു.
asddd

