ബഹ്‌റൈൻ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിൽ; ഇതുവരെ തകർത്തത് 188 മിസൈലുകളും 453 ഡ്രോണുകളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെയുള്ള ഇറാൻ്റെ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് അതീവ ജാഗ്രതയോടെ നേരിടുന്നു. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 188 മിസൈലുകളും 453 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം എട്ട് ഡ്രോണുകളാണ് ബി.ഡി.എഫ് ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു.
രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്നും സൈനികരുടെ ഉയർന്ന പോരാട്ട വീര്യവും പ്രവർത്തനക്ഷമതയും അഭിമാനകരമാണെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബി.ഡി.എഫ് വ്യക്തമാക്കി.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും തകർന്നുവീണ ഡ്രോൺ അവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്. സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സർക്കാർ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും മാത്രം മുൻഗണന നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ ജനങ്ങൾ തങ്ങളുടെ ദേശീയ ഉത്തരവാദിത്തം നിറവേറ്റണമെന്ന് നാഷണൽ കോൺടാക്റ്റ് സെന്റർ ആവർത്തിച്ചു. ഏത് വെല്ലുവിളിയെയും നേരിടാൻ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
fhfh
