വ്യാജ ജോലി വാഗ്ദാനം നൽകി പെൺവാണിഭം: 23-കാരിയായ റഷ്യൻ യുവതി ബഹ്റൈനിൽ വിചാരണയിൽ


പ്രദീപ് പുറവങ്കര

മനാമ: വിദേശ വനിതകളെ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ബഹ്റൈനിലെത്തിച്ച് നിർബന്ധിത പെൺവാണിഭത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയ കേസിൽ 23-കാരിയായ റഷ്യൻ യുവതിയുടെ വിചാരണ ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. മധ്യേഷ്യയിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് പെൺവാണിഭ സംഘം നടത്തിയ കേസിലാണ് യുവതി വിചാരണ നേരിടുന്നത്.

തടങ്കലിൽ കഴിയുകയായിരുന്ന 21-കാരിയായ കസാഖ്സ്ഥാൻ സ്വദേശിനിയെയും 22-കാരിയായ റഷ്യൻ സ്വദേശിനിയെയും പോലീസ് രക്ഷപ്പെടുത്തിയതോടെയാണ് മനുഷ്യക്കടത്ത് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിലെ വ്യാജ ജോലി പരസ്യം കണ്ട് ഈ വർഷം ജൂണിലാണ് ഇരുവരും ബഹ്റൈനിൽ എത്തിയത്.

സെൻട്രൽ ഏഷ്യൻ സ്വദേശിനിയായ ഒന്നാം ഇര നൽകിയ മൊഴി പ്രകാരം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെയാണ് ബഹ്റൈനിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഇൻസ്റ്റാഗ്രാം പരസ്യം കണ്ടത്. തുടർന്ന് ടെലഗ്രാം വഴി ബന്ധപ്പെട്ട സംഘം യാത്രാ ചെലവുകളും താമസസൗകര്യവും വാഗ്ദാനം ചെയ്തു. എന്നാൽ ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പ്രതിയെത്തുകയും ഇരുവരുടെയും പാസ്‌പോർട്ടുകൾ ബലമായി പിടിച്ചെടുത്ത് ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന്, യാത്രയ്ക്കായി ചെലവായ തുക മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും പെൺവാണിഭത്തിന് നിർബന്ധിക്കുകയും ചെയ്തു.

"ജോലി ചെയ്യാൻ വിസമ്മതിക്കുകയോ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്താൽ പുറത്താക്കുമെന്നും വഴിയിലാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി," എന്ന് ഒന്നാം ഇര മൊഴി നൽകി. തുടർന്ന് ജുഫൈറിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയ ഇവർ രഹസ്യമായി നാട്ടിലെ കുടുംബത്തെ വിവരമറിയിക്കുകയും പോലീസെത്തി രക്ഷപ്പെടുത്തുന്നത് വരെ ജോലി ചെയ്യാൻ വിസമ്മതിച്ച് നിൽക്കുകയുമായിരുന്നു. സമാനമായ രീതിയിലാണ് രണ്ടാമത്തെ യുവതിയെയും തടങ്കലിൽ പാർപ്പിച്ചിരുന്നതെന്ന് അവർ കോടതിയിൽ വ്യക്തമാക്കി.

വിദേശത്തുള്ള മറ്റൊരു വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സാക്ഷ്യപ്പെടുത്തി. വിമാനത്താവളത്തിൽ ഇറങ്ങുന്ന പെൺകുട്ടികളെ സ്വീകരിച്ച് വാടക അപ്പാർട്ട്മെന്റുകളിലേക്ക് മാറ്റുന്നതും, ഇടപാടുകാരെ കണ്ടെത്തുന്നതും, പണം കൈപ്പറ്റുന്നതും പ്രതിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

വ്യാജ കടബാധ്യതകൾ ഉണ്ടാക്കിയാണ് പ്രതി ഇരകളെ വലയിലാക്കിയിരുന്നത്. അനുസരിക്കാൻ കൂട്ടാക്കാത്തവരെ ശാരീരികമായി ഉപദ്രവിക്കുകയും, ഉന്നത സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, നാടുകടത്തുമെന്ന് ഭയപ്പെടുത്തുകയും ചെയ്തിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന വ്യാജ ഭയവും പ്രതി ഇരകളിൽ സൃഷ്ടിച്ചിരുന്നു.

കേസിലെ വാദമുഖങ്ങൾ സമർപ്പിക്കുന്നതിനായി കോടതി വിചാരണ ഓഗസ്റ്റ് 16-ലേക്ക് മാറ്റി വെച്ചു.

article-image

xcvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed