15 വർഷത്തെ കാത്തിരിപ്പിന് വിരാമം: മരീന വെസ്റ്റ് പദ്ധതി 19.8 മില്യൺ ദിനാറിന് സുമൂ ഹോൾഡിംഗിന് കൈമാറി


പ്രദീപ് പുറവങ്കര

മനാമ: രണ്ട് പതിറ്റാണ്ടോളമായി മുടങ്ങിക്കിടന്ന ബഹ്റൈനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് പദ്ധതിയായ 'മരീന വെസ്റ്റ്' (Marina West) പൂർത്തിയാക്കാൻ വഴിതുറക്കുന്നു. 19.8 മില്യൺ ബഹ്റൈനി ദിനാറിന് (BD19.8m) 'സുമൂ ഹോൾഡിംഗ് കമ്പനി' പദ്ധതി ലേലത്തിൽ സ്വന്തമാക്കിയതോടെയാണിത്. ലേല നടപടികൾ പൂർത്തിയാക്കി ബുദയ്യയിലെ ഈ പദ്ധതി സുമൂ ഹോൾഡിംഗിന്റെ പേരിലേക്ക് മാറ്റാനും ഉടമസ്ഥാവകാശ രേഖകൾ കൈമാറാനും അടിയന്തര നിഷ്കർഷയോടെ ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പുറപ്പെടുവിച്ചു.

തടസ്സപ്പെട്ട റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾ പരിഹരിക്കുന്നതിനുള്ള ജുഡീഷ്യൽ കമ്മിറ്റിയാണ് കേസിൽ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ജഡ്ജ് ഹുസാം തലാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ഡെവലപ്പറോടും വസ്തുവിന്റെ ഉടമയോടും മരീന വെസ്റ്റ് പദ്ധതിയുടെ പൂർണ്ണ ചുമതല സുമൂ ഹോൾഡിംഗിന് കൈമാറാൻ കമ്മിറ്റി ഉത്തരവിട്ടു.

2007-ൽ തുടക്കം കുറിച്ച ഈ തീരദേശ വികസന പദ്ധതി 2010-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 11 റെസിഡൻഷ്യൽ ടവറുകൾ, ആയിരത്തിലധികം ഫ്ലാറ്റുകൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന വൻകിട പ്രോജക്ടായിരുന്നു ഇത്. ബഹ്റൈനികളും വിദേശികളുമായ നൂറുകണക്കിന് നിക്ഷേപകർ 83,000 ദിനാർ മുതൽ 2,00,000 ദിനാറിലധികം വരെ മുടക്കി ഇതിൽ യൂണിറ്റുകൾ ബുക്ക് ചെയ്തിരുന്നു.

എന്നാൽ 2010 മാർച്ചിൽ അന്നത്തെ ഡെവലപ്പർമാരായ 'എ.എ.ജെ ഹോൾഡിംഗ്സ്' ആഗോള സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി നിർമ്മാണം നിർത്തിവെക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളോളം അനിശ്ചിതത്വത്തിലായ പദ്ധതി 2015-ൽ കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുലേലത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. പഠനങ്ങൾ പ്രകാരം പദ്ധതി ഇനിയും ലാഭകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇതിനായി ഏകദേശം 85 മില്യൺ ദിനാർ അധിക ചെലവ് വരുമെന്നും കണ്ടെത്തിയിരുന്നു.

ലേലം നേടിയ സൗദി അറേബ്യ ആസ്ഥാനമായ 'സുമൂ ഹോൾഡിംഗ്സ്' അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർണ്ണമായി പുനരുജ്ജീവിപ്പിക്കുമെന്ന് അറിയിച്ചു. ഇതിനായി 100 മില്യൺ ഡോളറിന്റെ (ഏകദേശം 37.7 മില്യൺ ദിനാർ) അധിക നിക്ഷേപം നടത്തും. നിർമ്മാണവും വിപണനവും മേൽനോട്ടം വഹിക്കുന്നതിനായി ബഹ്റൈനിൽ പ്രാദേശിക കമ്പനിയും രൂപീകരിക്കും.

പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സുമൂ ഹോൾഡിംഗ് ചെയർമാൻ ഡോ. ആയിദ് അൽ ഖഹ്താനി, സി.ഇ.ഒ സഈദ് അൽ നഹ്ദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലേലത്തിൽ വിജയിച്ച സുമൂ ഹോൾഡിംഗിനെ അഭിനന്ദിച്ച ഉപപ്രധാനമന്ത്രി, ഈ വികസന പദ്ധതി ബഹ്റൈന്റെ ടൂറിസം-പാർപ്പിട മേഖലയ്ക്ക് നൽകുന്ന വലിയ സംഭാവനകളെ പ്രശംസിക്കുകയും വരുംഘട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed