ടെലികോം ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ: ബാറ്റെൽകോയും എസ്ടിസിയും മുന്നിൽ


പ്രദീപ് പുറവങ്കര

മനാമ: ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ 2025-ലെ കംപ്ലയൻസ് റേറ്റിംഗിൽ ബാറ്റെൽകോയും (Batelco) എസ്ടിസി ബഹ്റൈനും (stc Bahrain) 92 ശതമാനം സ്കോറോടെ ഒന്നാം സ്ഥാനം നേടി. രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരുടെ പ്രകടനം വിലയിരുത്തി അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിലയിരുത്തലിൽ സൈൻ ബഹ്റൈൻ (Zain Bahrain) 87 ശതമാനം റേറ്റിംഗ് കരസ്ഥമാക്കി.

ജനറൽ റഗുലേറ്ററി കംപ്ലയൻസ്, റോമിംഗ്, നമ്പർ പോർട്ടബിലിറ്റി, റീട്ടെയിൽ സർവീസ് പാക്കേജുകളുടെ സുതാര്യത, ബില്ലിംഗ് വ്യക്തത, കരാർ ചുരുക്കം (contract summaries) എന്നിങ്ങനെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്ന ആറ് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് നിർണ്ണയിച്ചത്. സ്വതന്ത്ര ഏജൻസികൾ വഴിയുള്ള നേരിട്ടുള്ള ഉപഭോക്തൃ അനുഭവ പരിശോധനകളിലൂടെയാണ് (mystery shopping exercises) ടി.ആർ.എ വിവരങ്ങൾ ശേഖരിച്ചത്.

നമ്പർ പോർട്ടബിലിറ്റി, കരാർ വ്യക്തത എന്നീ മേഖലകളിൽ രാജ്യത്തെ മൂന്ന് ടെലികോം സേവന ദാതാക്കളും 100 ശതമാനം സ്കോർ നേടി. റോമിംഗ് സേവനങ്ങളിലും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. എന്നാൽ, റീട്ടെയിൽ സർവീസ് പാക്കേജുകളുടെ സുതാര്യതയിലും കസ്റ്റമർ ബില്ലിംഗ് വ്യക്തതയിലും കമ്പനികൾ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ടി.ആർ.എ മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ഫിലിപ്പ് മാർണിക് പറഞ്ഞു. ഈ വിലയിരുത്തൽ റിപ്പോർട്ട് ഓപ്പറേറ്റർമാരുടെ പ്രകടനം മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പുവരുത്താനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും കൂടുതൽ വ്യക്തത ഉറപ്പാക്കുന്നതിനും റിപ്പോർട്ട് ഒരു വഴികാട്ടിയായി പ്രവർത്തിക്കുമെന്ന് കൺസ്യൂമർ അഫയേഴ്‌സ് മാനേജർ ഖാലിദ് അൽ ഹാഷിമിയും കൂട്ടിച്ചേർത്തു.

article-image

vxczvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed