ഇറാൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 35 വയസ്സുകാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്ഷൻ, ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് ഇയാളെ പിടികൂടിയത്.
വിവിധ സ്ഥലങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളുടെ വീഡിയോകൾ പകർത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പിടിക്കപ്പെട്ട വ്യക്തിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.
aa


