ബഹ്‌റൈനിൽ നമസ്‌കാര സമയങ്ങളിൽ ക്രമീകരണം; തറാവീഹ് 25 മിനിറ്റായി ചുരുക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ്‌കാര സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് (സുന്നി ഔഖാഫ്) അറിയിച്ചു. പള്ളികളിൽ അഞ്ചു നേരത്തെ നമസ്‌കാരവും തറാവീഹ് നമസ്‌കാരവും പതിവുപോലെ തുടരുമെങ്കിലും വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ മാറ്റങ്ങൾ.
പുതിയ നിർദ്ദേശ പ്രകാരം തറാവീഹ് നമസ്‌കാരം പരമാവധി 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റ് കഴിഞ്ഞാലുടൻ നമസ്‌കാരം ആരംഭിക്കണം. ഇഷാ നമസ്‌കാരത്തിന് തൊട്ടുപിന്നാലെ തന്നെ തറാവീഹ് നമസ്‌കാരവും നിർവഹിക്കേണ്ടതാണ്.
വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പള്ളികൾ ആരാധനയുടെയും ശാന്തിയുടെയും കേന്ദ്രങ്ങളായി തുടരാൻ എല്ലാവരും ഉത്തരവാദിത്തത്തോടെ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് മന്ത്രാലയം വാർത്താക്കുറിപ്പ് അവസാനിപ്പിച്ചത്.
aa


