മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടങ്ങൾക്ക് നാശനഷ്ടം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് കെട്ടിടങ്ങളെയാണ് പ്രധാനമായും ഈ സംഭവം ബാധിച്ചത്. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്.

ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായ ആദ്യ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിക്കുകയും അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പുക ശ്വസിച്ച് നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച ഒരാൾക്ക് സ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. രണ്ടാമത്തെ സ്ഥലത്ത് നിലവിൽ അഗ്നിശമന സേനയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മിസൈൽ തകർത്തതിനെത്തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ മൂന്നാമത്തെ കെട്ടിടത്തിലെ നാശനഷ്ടങ്ങളുടെ തോത് അധികൃതർ ഇപ്പോൾ വിലയിരുത്തി വരികയാണ്.

നിലവിൽ സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed