ബഹ്‌റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക്; സുരക്ഷ മുൻനിർത്തി തീരുമാനം
പ്രദീപ് പുറവങ്കര I ബഹ്‌റൈൻ
മനാമ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ ഓൺലൈൻ പഠനത്തിലേക്ക് (Remote Learning) മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരും.
നഴ്സറികൾ, പ്രൈമറി-സെക്കൻഡറി സ്കൂളുകൾ (സർക്കാർ, സ്വകാര്യ മേഖലകൾ), ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസുകൾ തുടരാനും വിദ്യാർത്ഥികളുടെ ഹാജർ കർശനമായി രേഖപ്പെടുത്താനും സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും മന്ത്രാലയം നിർദ്ദേശം നൽകി.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കുമായി മന്ത്രാലയത്തിന്റെ 17873372 എന്ന നമ്പറിൽ 24 മണിക്കൂറും ലഭ്യമായ വാട്സാപ്പ് (WhatsApp) സേവനത്തെയോ, ഔദ്യോഗിക വെബ്‌സൈറ്റായ www.moe.gov.bh എന്ന പോർട്ടലിനെയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപിക്കാവുന്നതാണ്.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും, തെറ്റായ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
aa


