ബഹ്‌റൈനിൽ ആറ് മാസത്തേക്കുള്ള ഭക്ഷ്യശേഖരം സുരക്ഷിതം; ആശങ്ക വേണ്ടെന്ന് അതോറിറ്റി
പ്രദീപ് പുറവങ്കര I ബഹ്‌റൈൻ
മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിലും രാജ്യത്തെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ ശേഖരം സുരക്ഷിതമാണെന്ന് ബഹ്‌റൈൻ ഫുഡ് സെക്ടർ കമ്മിറ്റി തലവൻ ഖാലിദ് അലി അൽ അമീൻ അറിയിച്ചു. അടുത്ത ആറ് മാസത്തേക്കാവശ്യമായ അരി, പാചക എണ്ണ, പാൽ, പഞ്ചസാര തുടങ്ങിയ എല്ലാ അത്യാവശ്യ സാധനങ്ങളുടെയും വൻ ശേഖരം രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ വിപണികളിൽ സാധനങ്ങളുടെ ലഭ്യത സുസ്ഥിരമാണ്. പ്രാദേശിക കാർഷിക ഉൽപ്പാദനം വർദ്ധിച്ചതിനാല് പച്ചക്കറികളുടെയും ഇലക്കറികളുടെയും വലിയ തോതിലുള്ള വരവ് വിപണിയിലുണ്ട്. ഇത് വിലക്കയറ്റം തടയാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സഹായിക്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷാ സമിതി, വാണിജ്യ വ്യവസായ മന്ത്രാലയം, മൊത്തക്കച്ചവടക്കാർ എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിതരണ ശൃംഖലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തീവ്രമായ നീക്കങ്ങളാണ് നടന്നത്. വിപണിയിൽ ഒരു തരത്തിലുള്ള ക്ഷാമവും ഉണ്ടാകില്ലെന്നും ഭക്ഷ്യശേഖരത്തിന്റെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഖാലിദ് അലി അൽ അമീൻ കൂട്ടിച്ചേർത്തു.
aa


