യാത്രക്കാർ ശ്രദ്ധിക്കുക; ബഹ്‌റൈൻ വ്യോമപാത അടച്ചു
പ്രദീപ് പുറവങ്കര I ബഹ്‌റൈൻ
മനാമ: മേഖലയിലെ നിലവിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈൻ രാജ്യം തങ്ങളുടെ വ്യോമപാത (Airspace) താത്കാലികമായി അടച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു. അയൽരാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ ഇത് ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പല വിമാനങ്ങളും വഴിതിരിച്ചുവിടാനോ (Divert), റദ്ദാക്കാനോ അല്ലെങ്കിൽ സമയക്രമത്തിൽ മാറ്റം വരുത്താനോ സാധ്യതയുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാനക്കമ്പനികളുമായും പ്രാദേശിക-അന്തർദേശീയ ഏജൻസികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
റീബുക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി എയർലൈൻ ഓഫീസുകളെ സമീപിക്കാവുന്നതാണ്. മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ കൃത്യസമയത്ത് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
cxvcxv


