ശ്രദ്ധേയമായി 'പൊൻഫെസ്റ്റ് 2026'; പി.സി.ഡബ്ല്യു.എഫ് വാർഷികാഘോഷം വർണ്ണാഭമായി
പ്രദീപ് പുറവങ്കര / മനാമ
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-പുതുവത്സര ആഘോഷവും 'പൊൻഫെസ്റ്റ് 2026' എന്ന പേരിൽ സൽമാനിയ കെ. സിറ്റി ഹാളിൽ വിപുലമായി സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകയും സ്പെഷ്യലിസ്റ്റ് ഡോക്ടറുമായ ശ്രീദേവി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ ബോധവൽക്കരണ പരിപാടികൾ ഒരുക്കുന്നത് സ്വാഗതാർഹമാണെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ഫൗണ്ടർ സെയ്ത് ഹനീഫ അഭിപ്രായപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾ അഭിനയിച്ച 'അടിച്ചു മോളേ കോടി' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും നടന്നു. കൂടാതെ കലാവിഭാഗം അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, സഹൃദയ നാടൻ പാട്ട്, പൊൻബീറ്റ്സ് മുട്ടിപ്പാട്ട് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുസ്തഫ കൊലക്കാട്ട് അറിയിച്ചു. സെയ്ത് റംസാൻ, അനസ് റഹീം എന്നിവർ ആശംസകൾ നേർന്നു. നബീൽ എം.വി സ്വാഗതവും ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വി.എം നന്ദിയും പറഞ്ഞു.
അബ്ദുറഹ്മാൻ പി.ടി, റംഷാദ് റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

