ബഹ്‌റൈനിൽ എ.ടി.എം. കത്തിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ
പ്രദീപ് പുറവങ്കര / മനാമ
തലസ്ഥാന ഗവർണറേറ്റിലെ നയീം പ്രദേശത്ത് ദേശീയ ബാങ്കിന്റെ എ.ടി.എം. കത്തിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ സ്വദേശികളായ ഹസ്സൻ കാസിം അബ്ദുൽ കരീം (19), അലി ഇബ്രാഹിം അബ്ദുൽ ഹുസൈൻ (23) എന്നിവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എ.ടി.എം. കൗണ്ടറിനുള്ളിൽ ഗ്യാസ് സിലിണ്ടർ വെച്ച ശേഷം തീ കൊളുത്തി സ്ഫോടനം നടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. ഹസ്സൻ കാസിമാണ് തീവെച്ചതെന്നും ഇതിന് അലി ഇബ്രാഹിം സഹായങ്ങൾ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ സ്ഫോടനം ലക്ഷ്യമിട്ടാണ് പ്രതികൾ ഈ കൃത്യം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
sdfdsf

