വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കണം: റസാഖ് പാലേരി
പ്രദീപ് പുറവങ്കര / മനാമ
കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച് മനാമയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം എന്ന പദത്തോട് ചേർത്തുപിടിക്കാൻ അർഹതയില്ലാത്ത നിലപാടുകളാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്ന് അവകാശങ്ങൾ നേടിയെടുക്കുന്നതിന് പകരം മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയായി ചിത്രീകരിക്കുകയും മതം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നൽകുന്ന അമിത സംരക്ഷണമാണ് വിദ്വേഷ പ്രചാരകനായി വിലസാൻ ഇദ്ദേഹത്തിന് പ്രോത്സാഹനമാകുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
പരമത വിദ്വേഷത്തിനെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന വ്യക്തി തന്നെ ഇസ്‌ലാമോഫോബിയക്ക് നേതൃത്വം നൽകുന്നത് ദൗർഭാഗ്യകരമാണ്. സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇടതുസർക്കാർ തയ്യാറാകുന്നില്ല. നവോത്ഥാന ചരിത്രത്തെ സത്യസന്ധമായി ഉൾക്കൊള്ളാനും വിദ്വേഷ ശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി നേടിയ മുന്നേറ്റം പാർട്ടിയുടെ ജനക്ഷേമ നിലപാടുകൾക്കും സാഹോദര്യ രാഷ്ട്രീയത്തിനും കേരള ജനത നൽകിയ അംഗീകാരമാണ്. വാർത്താസമ്മേളനത്തിൽ പ്രവാസി വെൽഫയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിക് എരുമേലി, ബദറുദ്ദീൻ പൂവാർ എന്നിവരും പങ്കെടുത്തു.
dsfsdf

