ബഹ്‌റൈൻ വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം; 2025-ൽ എത്തിയത് 97 ലക്ഷത്തിലധികം യാത്രക്കാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷിക പ്രകടനം 2025-ൽ രേഖപ്പെടുത്തി. ബഹ്‌റൈൻ എയർപോർട്ട് കമ്പനി (BAC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 9.74 ദശലക്ഷം (97.4 ലക്ഷം) യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളം വഴി കടന്നുപോയത്. 2024-നെ അപേക്ഷിച്ച് 4.2 ശതമാനം വർധനവാണിത്.

യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, ചരക്ക് നീക്കത്തിലും വിമാനത്താവളം റെക്കോർഡ് സൃഷ്ടിച്ചു. 4,05,217 ടൺ കാർഗോയാണ് 2025-ൽ കൈകാര്യം ചെയ്തത്. നിലവിൽ 39 വിമാനക്കമ്പനികളുമായി സഹകരിച്ച് ആറ് ഭൂഖണ്ഡങ്ങളിലെ 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബഹ്‌റൈൻ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ലണ്ടൻ ഗാറ്റ്‌വിക്, ന്യൂയോർക്ക്, നെയ്‌റോബി, ബുക്കാറെസ്റ്റ് തുടങ്ങി പുതിയ റൂട്ടുകൾ കൂടി ആരംഭിച്ചത് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടി.

സിംഗപ്പൂർ, ബെംഗളൂരു, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്കാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. മൊത്തം 97,740 വിമാന സർവീസുകൾ കഴിഞ്ഞ വർഷം നടന്നു. ഓഗസ്റ്റ് 8 ആയിരുന്നു ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയ തിരക്കേറിയ ദിവസം.

ബഹ്‌റൈൻ വിഷൻ 2030-ന്റെ ഭാഗമായി വിനോദസഞ്ചാര, വ്യാപാര മേഖലകളെ ശക്തിപ്പെടുത്തുന്നതിൽ വിമാനത്താവളം നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ബി.എ.സി ആക്ടിംഗ് സി.ഇ.ഒ അഹമ്മദ് ജനാഹി പറഞ്ഞു. 1932-ൽ ജി.സി.സിയിലെ ആദ്യത്തെ വാണിജ്യ വിമാനത്താവളമായി പ്രവർത്തനം തുടങ്ങിയ ബഹ്‌റൈൻ, ഇന്ന് അത്യാധുനിക സൗകര്യങ്ങളോടെ 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒന്നായി മാറിയിട്ടുണ്ട്.

article-image

dsfgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed