ബി.കെ.എസ്സ്. - ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ 4-ന് ആരംഭിക്കും


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി. ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി.കെ.എസ്. - ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ സമാജത്തിൽ വെച്ച് അരങ്ങേറും. ഡിസംബർ 4-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് എൺപതോളം ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബാൻഡിന്റെ അകമ്പടിയോടെയാണ് ആരംഭിക്കുക. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ്മ വിശിഷ്ടാതിഥിയുമായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, ബഹ്‌റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും മേളയോടനുബന്ധിച്ച് പ്രകാശനം ചെയ്യപ്പെടും. രാവിലെ 9.00 മുതൽ രാത്രി 10.30 വരെയാണ് സന്ദർശകർക്കായി പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വൈകീട്ട് 7.30-ന് സാംസ്കാരിക പരിപാടികളും തുടർന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഡിസംബർ 5-ന് നടക്കുന്ന 'കൾച്ചർ വിവാ' എന്ന നൃത്തസംഗീത പരിപാടിയിൽ ഇന്ത്യ, ബഹ്‌റൈൻ, തായ്‌ലൻഡ്, സൗത്ത് ആഫ്രിക്ക, നേപ്പാൾ, കാമറൂൺ, ശ്രീലങ്ക, ചൈന, ഭൂട്ടാൻ, ബംഗ്ലാദേശ്, കെനിയ, ഫിലിപ്പീൻസ് തുടങ്ങി പത്തിൽപരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. അന്നേ ദിവസം എഴുത്തുകാരി നിഷ രത്നമ്മ, ബഹ്റൈൻ പ്രവാസിയായ രമ്യ മിത്രപുരം എഴുതിയ ഒരു നഴ്സിന്റെ ഡയറികുറിപ്പ് എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യും. ഡിസംബർ 6-ന് ഇന്ത്യൻ സാംസ്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന 'കലൈഡോസ്കോപ്പ്‌' അരങ്ങിലെത്തും. പതിനെട്ടോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളാണ് കലൈഡോസ്കോപ്പിൽ അണിനിരക്കുക. ഡിസംബർ 7-ന് ഐ.ഐ.പി.എ. കലാകാരന്മാർ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയെ തുടർന്നുള്ള പൊതുചടങ്ങിൽ പ്രമുഖ വ്‌ളോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ പങ്കെടുക്കും. ഡിസംബർ 8-ന് മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിലെ കുട്ടികൾക്കായി 'അക്ഷരത്തോണി' എന്നപേരിൽ എഴുത്ത്-ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കും. തുടർന്നുള്ള പൊതുചടങ്ങിൽ എഴുത്തുകാരൻ നസീഫ് കലയത്തു പങ്കെടുക്കും. ഡിസംബർ 9-ന് 'ആർദ്രഗീതസന്ധ്യ' എന്ന പേരിൽ മലയാളം ആർദ്ര-ഭാവഗീതങ്ങളുടെ അവതരണവും തുടർന്ന് പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടിൽ പങ്കെടുക്കും. ഡിസംബർ 11-ന് നടക്കുന്ന പൊതു ചടങ്ങിൽ പ്രമുഖ മോട്ടിവേഷണൽ സ്‌പീക്കർ പി.എം.എ. ഗഫൂർ പങ്കെടുക്കും.

മേളയോടനുബന്ധിച്ച് ദിവസേന സ്പോട്ട് ക്വിസ്സും നടക്കും. സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആർട് & പെയിന്റിംഗ് എക്സിബിഷനും നടത്തപ്പെടും. ഡിസംബർ 13-ന് പ്രമുഖ എഴുത്തുകാരനും വിമർശകനുമായ ഹമീദ് ചെന്നമംഗലൂരുമായുള്ള സംവാദം നടക്കും. 14-ന് നടക്കുന്ന നൃത്ത-സംഗീത പരിപാടികൾക്കും ക്വിസ് മത്സരത്തിനും ശേഷമാണ് സമാപന സമ്മേളനം നടക്കുക. സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള നൂറ്റിയൻപതിൽപരം അംഗങ്ങളുള്ള സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പുസ്തകങ്ങൾ കാണുവാനും വാങ്ങിക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ഏവരെയും സമാജത്തിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39215128 അല്ലെങ്കിൽ 39370929 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ബികെഎസ് പ്രസിഡണ്ട് പിവി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, സാഹിത്യവിഭാഗം പ്രസിഡണ്ട് വിനയചന്ദ്രൻ നായർ, സാഹിത്യവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ജനറൽ കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില, ജോയിന്റ് കൺവീനർമാരായ ജോയ് പോളി, സവിത സുധീർ, സിൻഷ വിതേഷ് എന്നിവർ പങ്കെടുത്തു.

article-image

sadsad

You might also like

  • Straight Forward

Most Viewed