ലൈസൻസില്ലാത്ത നഴ്സറി നടത്തിപ്പ്: ബഹ്‌റൈനിൽ യുവതിക്ക് മൂന്നുമാസം തടവ്
പ്രദീപ് പുറവങ്കര / മനാമ
മതിയായ ലൈസൻസില്ലാതെ നഴ്സറി പ്രവർത്തിപ്പിച്ച കേസിൽ ബഹ്‌റൈനിലെ ഒരു യുവതിക്ക് നാലാം മൈനർ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ലൈസൻസില്ലാതെ നഴ്സറി പ്രവർത്തിക്കുന്നുവെന്ന് കാണിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അധികൃതർ കേസെടുത്തത്. ഇൻസ്പെക്ടർമാർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ, ഏകദേശം 30 കുട്ടികളുള്ള നഴ്സറി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
നേരത്തേ രണ്ടു തവണ ലൈസൻസില്ലാത്തതിന് ഈ നഴ്സറിക്ക് പിഴയടക്കേണ്ടി വന്നിരുന്നു. പിഴയടച്ചെങ്കിലും യുവതി ലൈസൻസ് നേടാതെ പ്രവർത്തനം തുടരുകയായിരുന്നു. നഴ്സറിയിൽ അടിസ്ഥാന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക ഉൾപ്പെടെ നിരവധി സുരക്ഷാ ലംഘനങ്ങൾ ഇൻസ്പെക്ടർമാർ കണ്ടെത്തുകയുണ്ടായി. ശിശു സംരക്ഷണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിലവാരം ഈ സ്ഥാപനത്തിനുണ്ടായിരുന്നില്ല.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ യുവതിയെ വിചാരണയ്ക്ക് മുമ്പ് തടങ്കലിൽ വെക്കാനും ലൈസൻസില്ലാത്ത സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു. കേസ് കോടതിക്ക് കൈമാറിയതിനെ തുടർന്നാണ് ഇപ്പോൾ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈസൻസില്ലാതെ കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമ ലംഘനമാണെന്ന് ഹെഡ് ഓഫ് ദ ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ അറിയിച്ചു.
fsdf
