കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സന്ദർശിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇന്ത്യൻ എംബസി സന്ദർശിക്കുകയും അംബാസഡർ വിനോദ് ജേക്കബുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എംബസിയുടെ പ്രധാന ഭാഗങ്ങൾ നടന്നുകണ്ട മന്ത്രി, അവിടെ നടന്നുവരുന്ന വിവിധ ജനകീയ പ്രവർത്തനങ്ങളെക്കുറിച്ച് അംബാസഡർ വിനോദ് ജേക്കബിൽ നിന്ന് വിശദമായി മനസിലാക്കി. തൊഴിൽ മേഖലയിലെ പ്രശ്‍ന പരിഹാരത്തിനായി എല്ലാ മാസവും നടത്തുന്ന ഓപ്പൺ ഹൗസ്, സ്കൂൾ കുട്ടികൾക്കായുള്ള വിസിറ്റ് എംബസി പ്രോഗ്രാം, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന ഫോക്കസ് സ്റ്റേറ്റ് പ്രോഗ്രാം എന്നിവയെക്കുറിച്ച് അംബാസഡർ മന്ത്രിക്ക് വിശദീകരിച്ചു നൽകി.
അംബാസഡറുടെ ജനകീയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും, തുടർന്നും കർമ്മമേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, നവകേരള പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ. സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല എന്നിവരും മന്ത്രിയോടൊപ്പം എംബസി സന്ദർശനത്തിൽ പങ്കെടുത്തു.
sfszfs
