സോഷ്യൽ മീഡിയ ദുരുപയോഗം: പൊതു സദാചാരം ലംഘിച്ചതിന് പ്രതിക്ക് ബഹ്റൈനിൽ ഒരു മാസത്തെ തടവ്

പ്രദീപ് പുറവങ്കര
മനാമ: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയും പൊതു സദാചാരത്തിന് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ ഒരു പ്രതിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചു.
പ്രതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ദുരുപയോഗം ചെയ്തുകൊണ്ട്, സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക മൂല്യങ്ങളെയും പൊതു സദാചാരത്തെയും ലംഘിക്കുകയും മനുഷ്യന്റെ അന്തസ്സ് തകർക്കുകയും ചെയ്യുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തു എന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ ഓഫീസ് ചീഫ് പ്രോസിക്യൂട്ടർ പ്രസ്താവിച്ചു. ഇതേത്തുടർന്ന് തേർഡ് മൈനർ ക്രിമിനൽ കോടതി, പ്രതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിക്കുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിരുദ്ധ ജനറൽ ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയുടെ പൊതുവായി ലഭ്യമായ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ദൃശ്യ ഉള്ളടക്കം, സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക മൂല്യങ്ങളെയും മനുഷ്യ സ്വഭാവത്തെയും ലംഘിക്കുന്നതിനാൽ നിയമപ്രകാരം കുറ്റകരമാണ് എന്ന് കണ്ടെത്തത്തിയതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ്റെ ഉത്തരവനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
രാജ്യത്ത് ധാർമികതയ്ക്കും സ്ഥാപിത നിയമങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കങ്ങളിൽ നിന്ന് സൈബർ ലോകത്തെ സംരക്ഷിക്കുന്നതിനായി കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി.