ലൈസൻസില്ലാതെ ചികിത്സ നടത്തിയ ഏഷ്യക്കാരൻ ബഹ്റൈനിൽ അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ: സൽമാബാദിലെ താമസസ്ഥലത്ത് ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന 49 വയസ്സുകാരനായ ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഇയാളെ പിടികൂടിയത്.
ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് പ്രതിയെ തിരിച്ചറിയുകയും താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ ലൈസൻസില്ലാത്ത മെഡിക്കൽ സേവനങ്ങൾ നൽകിയിരുന്നതായും, ലൈസൻസില്ലാത്ത നിരവധി മരുന്നുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തതായും ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ഒരുങ്ങുകയാണെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ 999 എന്ന നമ്പറിൽ 24 മണിക്കൂറും വിളിച്ച് അറിയിക്കണമെന്നും, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ക്രിമിനൽ ഇൻഫർമേഷൻ ഡിവിഷൻ അറിയിച്ചു.
aa