മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്‌റൈനിൽ ഇന്ന് ഔദ്യോഗിക തുടക്കം

പ്രദീപ് പുറവങ്കര
മനാമ l മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസ് ഇന്ന് (ഒക്ടോബർ 22) വൈകുന്നേരം ബഹ്‌റൈനിൽ ഔദ്യോഗികമായി ആരംഭിക്കും. ഒക്ടോബർ 31 വരെയാണ് ഈ കായികമാമാങ്കം നടക്കുന്നത്. 2013-ൽ ചൈനയിലെ നാൻജിംഗിൽ നടന്ന രണ്ടാം പതിപ്പിന് ശേഷം 12 വർഷങ്ങൾക്ക് ശേഷമാണ് ഗെയിംസ് വീണ്ടും നടത്തപ്പെടുന്നത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗെയിംസ് 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ മത്സരമായും പരിഗണിക്കപ്പെടുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി ചില മത്സരങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു. കബഡി, വോളിബോൾ, ഹാൻഡ്‌ബോൾ തുടങ്ങി ചില ഇനങ്ങളാണ് ഒക്ടോബർ 19 മുതൽ ആരംഭിച്ചത്.
ബഹ്‌റൈൻ എക്സിബിഷൻ വേൾഡിൽ ഇന്ന് വൈകുന്നേരമാണ് ഔദ്യോഗിക ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്. മൊത്തത്തിൽ 26 കായിക ഇനങ്ങളിലായി 4,300-ലധികം താരങ്ങളാണ് പങ്കെടുക്കുന്നത്. ഉമ്മുൽ ഹസ്സം സ്പോർട്സ് കോംപ്ലക്സ്, ഈസ സ്പോർട്സ് സിറ്റി, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ എന്നിവയാണ് പ്രധാന വേദികൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് 222 താരങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ 119 വനിതകളും 103 പുരുഷന്മാരും ആണ് ഉള്ളത്. ആകെ 28 കായിക ഇനങ്ങളിൽ നിന്ന് 21 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്, അതിൽ ഏറ്റവുമധികം താരങ്ങൾ പങ്കെടുക്കുന്നത് അത്ലറ്റിക്‌സിലാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഗുസ്തി താരം യോഗേശ്വർ ദത്തയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
xcxcv