ബഹ്‌റൈൻ കേരളീയ സമാജം 'ശ്രാവണം 2025' എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കും

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കേരളീയ സമാജം 'ശ്രാവണം 2025' എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾക്കിടയിൽ നടക്കുന്ന ഏറ്റവും വിപുലമായ ഓണാഘോഷങ്ങളിൽ ഒന്നായിരിക്കും ഇത്.
പിള്ളേരോണത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് മുന്നോടിയായി നാളെ രുചി മേള നടക്കും. സെപ്റ്റംബർ ഒന്നിന് കൊടിയേറ്റത്തോടെ ഔദ്യോഗിക ഉദ്ഘാടനം. സെപ്റ്റംബർ 5-ന് പി. ജയചന്ദ്രന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവരുടെ നേതൃത്വത്തിൽ നയിക്കുന്ന ഗാനമേളയും, സെപ്റ്റംബർ 12-ന് കെ.എസ്. ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ നയിക്കുന്ന ഗാനമേളയും പ്രധാന ആകർഷണങ്ങളാകും.
കമ്പവലി മത്സരം, ഫോക്ക് ഡാൻസ്, ഓണപ്പുടവ മത്സരം, ക്വിസ്, പായസ മത്സരം, തിരുവാതിര, നാടൻ പാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, മ്യൂസിക്കൽ ബാൻഡ് ഷോകൾ എന്നിവയും സെപ്റ്റംബർ മാസം മുഴുവൻ നടക്കും. ഒക്ടോബർ 1-ന് വിദ്യാധരൻ മാസ്റ്റർക്ക് ആദരം അർപ്പിക്കുന്ന ഗാനങ്ങൾ, ഒക്ടോബർ 2-ന് ദിവ്യ എസ്. അയ്യർ ഐ.എ.എസ് മുഖ്യാതിഥിയാകുന്ന വിദ്യാരംഭം, ഒക്ടോബർ 3-ന് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യ എന്നിവയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. നൂറിലധികം വരുന്ന ഓണാഘോഷ കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
ൂ്ീ്