ബഹ്‌റൈൻ രാജാവിന്റെ ഒമാൻ സന്ദർശനം പൂർത്തിയായി

പ്രദീപ് പുറവങ്കര
മനാമ l സ്വകാര്യ സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഒമാനിലെ ദോഫാറിൽനിന്ന് ബഹ്റൈനിലേയ്ക്ക് മടങ്ങി എത്തി. സലാലയിലെ റോയൽ വിമാനത്താവളത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ബഹ്‌റൈൻ രാജാവ് സലാലയിലെത്തിയത്.
ഖരീഫ് സീസണിലെ സുഖകരമായ കാലാവസ്ഥ ആസ്വദിച്ചാണ് ഹമദ് രാജാവ് മടങ്ങിയത്. സലാലയിലെ ബൈത്ത് അൽ റബാത്തിൽ വെച്ച് സുൽത്താൻ ഹൈതമുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഒമാനും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ബഹ്റൈനിൽ തിരിച്ചെത്തിയ രാജാവിനെ പ്രധാനമന്ത്രിയും കിരീടാവാകശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.