മെഡിസെപ് മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്താൻ സർക്കാർ തീരുമാനം


ശാരിക

തിരുവനന്തപുരം l സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷൂറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന രണ്ട് ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും. പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തുമെന്നും സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

article-image

fsf

You might also like

  • Straight Forward

Most Viewed