മുൻ ബിസിനസ് പങ്കാളിക്ക് ലാഭവിഹിതവും അലവൻസും നൽകാതിരുന്ന കേസിൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

പ്രദീപ് പുറവങ്കര
മനാമ l മുൻ ബിസിനസ് പങ്കാളിക്ക് ലാഭവിഹിതവും പ്രതിമാസ അലവൻസും നൽകാതിരുന്ന കേസിൽ, കമ്പനി 13,597 ബഹ്‌റൈനി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലയളവിലെ ലാഭവിഹിതം നൽകാതിരുന്നതിനെതിരെ രണ്ട് പങ്കാളികൾക്കെതിരെ സമർപ്പിച്ച കേസിലാണ് വിധി. നിർദിഷ്ട നാല് വർഷക്കാലം കമ്പനി വരുമാനം നേടിയിട്ടും ഹർജിക്കാരന് ലാഭത്തിന്റെ അർഹമായ വിഹിതം നിഷേധിക്കപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.
ലാഭവിഹിതത്തിന് പുറമെ, പങ്കാളികൾക്കായി പരസ്പരം സമ്മതിച്ച് നിശ്ചയിച്ചിരുന്ന പ്രതിമാസ അലവൻസും ഹർജിക്കാരന് നൽകിയിരുന്നില്ലെന്നും കോടതി വിലയിരുത്തി. വിചാരണാ കാലയളവിലുടനീളം കമ്പനി ലാഭത്തിലായിരുന്നുവെന്ന് കോടതി രേഖകൾ സ്ഥിരീകരിച്ചു. ഈ കാലയളവിൽ കമ്പനിയിലെ പണം മറ്റൊരു സ്ഥാപനത്തിലേക്ക് വകമാറ്റിയതായും, ഇത് ലാഭവിതരണത്തെ ബാധിച്ചിരിക്കാമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും എതിർകക്ഷികൾ വഹിക്കണമെന്നും വിധിയിലുണ്ട്.
dgg