അധ്യാപക പരിശീലനം ‘വേരറിവ് നേരറിവ്’: നാട്ടറിവ് അധിഷ്ഠിതമായി പാഠ്യപദ്ധതി വിപുലീകരണം ലക്ഷ്യം

പ്രദീപ് പുറവങ്കര
മനാമ I മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ കേരളീയ സമാജം മലയാളപാഠശാലയും സംയുക്തമായി അധ്യാപകർക്കായി "വേരറിവ് നേരറിവ്" എന്ന പേരിൽ പരിശീലന ശിബിരം സംഘടിപ്പിച്ചു. കുട്ടികളുമായി സജീവ ബന്ധം സ്ഥാപിക്കുകയും പാഠ്യപദ്ധതിയെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, നാട്ടറിവുകളും നാട്ടുനന്മകളും അടിസ്ഥാനമാക്കി ശിബിരം രൂപകൽപ്പന ചെയ്യുകയായിരുന്നു.
കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാര ജേതാവും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ നാടക-നാടൻകലാ പ്രവർത്തകൻ ഉദയൻ കുണ്ടംകുഴിയാണ് പരിശീലന ശിബിരം നയിച്ചത്. നാടൻ പാട്ടുകളും നാട്ടറിവുകളും കുട്ടികളുടെ ആന്തരിക വളർച്ചയ്ക്കും പഠന താത്പര്യവൃദ്ധിക്കും മികച്ച ഉപാധികളായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന സംവേദനത്തിലാണ് പരിശീലനം ക്രമീകരിച്ചത്. ഇവ പഠനക്രമത്തിലേർപ്പെടുത്തുന്നത് കുട്ടികളെ കൂടുതൽ അറിവുള്ളവരാക്കാനും സാമൂഹികമായി സജീവരാക്കാനും സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും മലയാളം മിഷന്റെ സ്ഥാപക ചെയർമാനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാപ്റ്റർ കോർഡിനേറ്റർ രജിത അനി നന്ദി രേഖപ്പെടുത്തി.
ബഹ്റൈൻ കേരളീയ സമാജം, പ്രതിഭ, പ്രവാസി ഗൈഡൻസ് ഫോറം, ഗുരുദേവ സോഷ്യൽ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, യൂണിറ്റി ബഹ്റൈൻ തുടങ്ങിയ പഠന കേന്ദ്രങ്ങളിൽനിന്ന് അൻപതിലധികം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഏകോപനം ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് നിർവ്വഹിച്ചു.
ASASS
ASWADS
zasasd