കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ I ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. രണ്ട് വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച കബീർ മുഹമ്മദ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്.
ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ നടന്ന അനുസ്മരണ സംഗമം ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി. യുടെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സൗമ്യമുഖമായിരുന്ന കബീർ മുഹമ്മദ്, സംഘടനാതലത്തിലും പൊതുമേഖലയിലും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ചും ദേശീയ പ്രസിഡന്റ് അനുസ്മരിച്ചു.
സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നാട്ടിലും വിദേശത്തും സഹജീവി സ്നേഹത്തിലൂന്നി പ്രവർത്തിച്ച കബീർ മുഹമ്മദ് എല്ലാവർക്കും മാതൃകയാണെന്ന് അനിൽകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ജോയിന്റ് സെക്രട്ടറി രതീഷ് രവി, കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, പങ്കെടുത്തു. പുഷ്പാർച്ചനയോടെ തുടക്കം കുറിച്ച പരിപാടിയിൽ നസീർ പൊന്നാനി സ്വാഗതവും, രഞ്ജിത്ത് നന്ദിയും പറഞ്ഞു.
aa