ബഹ്റൈൻ പ്രവാസി സുനിൽ തോമസ് റാന്നിയുടെ 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്‌സ്' പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ പ്രവാസിയായ സുനിൽ തോമസ് റാണിയുടെ 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്‌സ്' എന്ന പുതിയ പുസ്തകം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പുസ്തകം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്‌സ്' പുറത്തിറക്കിയത്. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയായ സുനിൽ തോമസ്, ഒരു പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിൽ പ്രവാസജീവിതം നയിക്കുകയാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന സുനിൽ, യാത്രാ അനുഭവങ്ങൾക്കൊപ്പം നിർദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ടൂറിസം രംഗത്ത് പ്രാദേശിക ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഈ പുസ്തകം യാത്ര പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. പത്തനംതിട്ട ജില്ലയിലെ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നിർദ്ദേശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഴുത്തും വായനയും കവിതകളും ഇഷ്ടപ്പെടുന്ന സുനിൽ തോമസ്, സമകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും പ്രധാന വിനോദങ്ങളിലൊന്നാണ്. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത നൂറ് കത്തുകൾ അടുത്തതായി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു കവിതാ സമാഹാരവും പുറത്തിറക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്‌സ്' താമസിയാതെ ഓൺലൈൻ സൈറ്റുകളിലും ലഭ്യമാകും. പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്റർ രൂപീകരിച്ച ശേഷം പ്രവാസ ലോകത്ത് നിന്ന് ഇറങ്ങുന്ന ആദ്യ പുസ്തകം എന്ന പ്രത്യേകതയും ഇതിനുണ്ട്.
aa