39,000 ദീനാറിലധികം വിലവരുന്ന മയക്കുമരുന്നുമായി ബഹ്റൈനിൽ രണ്ട് പേർ പിടിയിൽ

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്സ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നുകളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. 39,000 ദീനാറിലധികം വിലവരുന്ന മയക്കുമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളിലും പരിശോധനകളിലുമാണ് പ്രതികളെ തിരിച്ചറിയാനും അവരിൽ നിന്ന് മയക്കുമരുന്നുകൾ കണ്ടെത്താനും കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
പ്രതികളിലൊരാൾ വിമാനത്താവളത്തിലെ കസ്റ്റംസ് വഴി തപാൽ പാഴ്സലായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തതായി കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി രണ്ട് സംഭവങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
aa