സൗദി: വ്യാജ ഹജ്ജ് സർവീസുകൾക്കെതിരെ മുന്നറിയിപ്പുകൾ; അറസ്റ്റുകൾ


അക്ബർ പൊന്നാനി

ജിദ്ദ: സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് സർവീസ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചവരെ സൗദി ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസവും ഗതാഗതവും മറ്റു സേവനങ്ങളും നൽകുന്നതായി നിയമാനുസൃതമല്ലാത്ത വിധത്തിൽ ഇവർ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

അറസ്റ്റിലായവർ ഇൻഡോനേഷ്യൻ പ്രവാസികളാണ്. ഇത്തരത്തിൽ മൂന്ന് പേരെയാണ് മക്കയിലെ സുരക്ഷാ പെട്രോളിങ് സംഘം അറസ്റ്റ് ചെയ്തത്. നിയമനടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുകയും ചെയ്തതായും ആഭ്യന്തര വകുപ്പ് തുടർന്നു.

തീർഥാടകരുടെ സുരക്ഷയും സുരക്ഷയും നിലനിർത്തുന്നതിനും കർമ്മങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവഹിക്കുന്നതിനും ലക്ഷ്യമിട്ടുള്ളവയാണ് ഹജ്ജ് ചട്ടങ്ങളും നിയന്ത്രണങ്ങളുമെന്നും അവ പൂർണമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതർ വിവരിച്ചു. ലൈസൻസില്ലാത്ത ഓഫീസുകൾ ചെയ്യുന്ന വ്യാജ ഹജ്ജ് പ്രചാരണങ്ങളിലും പരസ്യങ്ങളിലും വീണുപോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുഖ്യമായും ആഭ്യന്തര തീർത്ഥാടകരെ ലക്ഷ്യമാക്കി നടക്കുന്നവയാണ് ഇത്തരം വ്യാജ ഹജ്ജ് സേവന പ്രചാരങ്ങൾ.

ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ഇതിനായി പ്രത്യേക ടെലിഫോൺ ലൈനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വദേശികളും പ്രവാസികളുമായ പൊതുസമൂഹത്തെ സൗദി ആഭ്യന്തര വകുപ്പ് ഓർമപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് (911) എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് (999) എന്ന നമ്പറിലും വിളിച്ച് വിവരങ്ങൾ അധികൃതർക്ക് കൈമാറാം.

അതേസമയം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഹാജിമാരുടെ പ്രവാഹം മുൻനിശ്ചിത വേഗത്തിൽ പുരോഗമിക്കുകയാണ്. അതോടൊപ്പമാണ്, ബഹുതലത്തിലുള്ള സേവനങ്ങൾ ഊര്ജിതപ്പെടുത്തിയതോടൊപ്പം അനാരോഗ്യകരമായ നീക്കങ്ങൾക്കെതിരെ വലവീശുകയുമാണ് സൗദി അധികൃതർ.

article-image

ിുിു

You might also like

Most Viewed