യു.എ.ഇയിൽ വിസ റാക്കറ്റ് സജീവം


യു.എ.ഇയിൽ വിസ റാക്കറ്റ് സജീവമാണെന്നും സന്ദർശക വിസയിൽ ദുബായിൽ എത്തുന്ന തൊഴിലന്വേഷകരാണ് ഭൂരിപക്ഷവും ഇവരുടെ തട്ടിപ്പിന് ഇരയാവുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു. ചുരുങ്ങിയ കാലയളവിൽ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

യു.എ.ഇയിലെത്തിയ അറുപതോളം പേർ തൊഴിൽ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഒരു റിക്രൂട്ടിംഗ് ഏജൻസിക്ക് പണം നൽകിയിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഇവർ ദുബായ് അൽമുറഖബാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ഏജൻസി വ്യാജമാണെന്നും ഉടമ യു.എ.ഇയിൽ നിന്ന് മുങ്ങിയതായും പോലീസ് കണ്ടെത്തി.

വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളിലാണ് പലരും വശീകരിക്കപ്പെടുന്നതെന്ന് അൽമുറഖബാത്ത് പോലീസ് സ്റ്റേഷൻ മേധാവി അലി ഗാനം പറഞ്ഞു. യോഗ്യതയോ അനുഭവ പരിചയമോ ആവശ്യമില്ലെന്നും ജോലിക്ക് തെരഞ്ഞെടുക്കുന്നവർ പരിശീലന കോഴ്സുകളിൽ പങ്കെടുത്താൽ മതിയെന്നുമാണ് പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നത്.

സെക്യൂരിറ്റി ഗാർഡ് ജോലിക്ക് 2,200 ദിർഹവും സൂപ്പർവൈസർ ജോലിക്ക് 4,000 ദിർഹവുമാണ് പരസ്യത്തിൽ വ്യാജ ഏജൻസി ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഓരോ അപേക്ഷകനും ദേരയിലെ ഏജൻസിയുടെ ഓഫീസിൽ ഫയലുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്ന പരസ്യത്തിൽ സെക്യൂരിറ്റി ജോലിക്ക് അപേക്ഷിക്കുന്നവരോട് 1800 ദിർഹവും സൂപ്പർവൈസർ ജോലിക്ക് 3000 ദിർഹവും ഫീസായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഒരു മാസത്തിനു ശേഷം തൊഴിലന്വേഷകർ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ അത് അടച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. അപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് ബോധ്യമായത്. റിക്രൂട്ട്‌മെന്റ് ഏജൻസി ലൈസൻസ് ഇല്ലാതെയെും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഏജൻസി ഉടമ യു.എ.ഇ വിട്ടുകഴിഞ്ഞിരുന്നുവെന്നും പോലീസ് മേധാവി വ്യക്തമാക്കി.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളെ സമീപിക്കരുതെന്നും അത്തരത്തിലുള്ള ഏജൻസികളെ കുറിച്ച് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിൽ പണമടയ്ക്കാൻ ആവശ്യപ്പെടുന്ന ഏജൻസികളുടെ തട്ടിപ്പുകളെ സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

കമ്പനികളുടെ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളെ കുറിച്ച് അന്വേഷിക്കുവാനും ഓൺലൈൻ വഴി ഓരോ കമ്പനികളുടെ നിജസ്ഥിതി അറിയുവാൻ ഉദ്യോഗാർത്ഥികൾ ശ്രമിക്കണമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ തൊഴിലന്വേഷകരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ 150 പേരെ ചൂഷണം ചെയ്ത വ്യാജ റിക്രൂട്ടിംഗ് ഏജൻസി ഉടമയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed