സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ലെന്ന് സൗദി അറേബ്യ

സൗദിയുടെ എണ്ണകയറ്റുമതിയില്ലെങ്കിൽ ലോകത്തിന് രണ്ടാഴ്ച്ചയിൽ കൂടുതൽ നിലനിൽക്കാനാവില്ലെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൾ അസീസ് ബിൻ സൽമൻ. റിയാദിൽ നടക്കുന്ന ആഗോള സൈബർ സുരക്ഷ ഫോറത്തിൽ സംസാരിക്കവെയാണ് ലോക രാജ്യങ്ങളുടെ ഊർജ ആവശ്യത്തിന് സൗദിയിൽ നിന്നുള്ള എണ്ണ അനിവാര്യമെന്ന് സൗദി ഊർജ മന്ത്രി അഭിപ്രായപ്പെട്ടത്.
ഊർജ മേഖലയാണ് ഏറ്റവും കൂടുതൽ സൈബർ ഭീഷണി നേരിടുന്നത്.
സൈന്യമോ, സൈനിക നീക്കങ്ങളോ ഇല്ലാതെയുള്ള യുദ്ധമാണ് സൈബർ ആക്രമണങ്ങളിലൂടെ നടക്കുന്നതെന്നും സൗദി ഊർജ്ജ മന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾ മുഖേന സംഭവിക്കുന്നത്.
ഇക്കാര്യത്തിൽ വലിയ ജാഗ്രത ആവശ്യമാണെന്നും അമീർ അബ്ദുൾ അസീസ് അഭിപ്രായപ്പെട്ടു. സൈബർ ആക്രമണങ്ങൾ നേരിടുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഫോറത്തിൽ നിർദേശങ്ങൾ ഉയർന്നു.
tufit