പിടിയെ പോലൊരാളുടെ നഷ്ടത്തെ സുവർ‍ണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും; ഉമ തോമസ്


ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർ‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർ‍ഹവും, ദുഃഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്തതുമെന്ന് യുഡിഎഫ് സ്ഥാനാർ‍ത്ഥി ഉമാ തോമസ്. ഉപതെരഞ്ഞെടുപ്പ് ജനങ്ങൾ‍ക്ക് കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണെന്ന മുഖ്യമന്ത്രിയുടെ പരാമർ‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമാ തോമസ്. കഴിഞ്ഞ ദിവസത്തെ എൽ‍ഡിഎഫ് കൺവെൻഷനിൽ‍ നടത്തിയ പരാമർ‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സ്ഥാനാർ‍ത്ഥിയുടെ പ്രതികരണം.

പിടിയെ പോലൊരാളുടെ നഷ്ടത്തെ സുവർ‍ണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ? പിടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പിടിയെ തൃക്കാക്കരക്കാർ‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ‍ ഉണ്ടായിട്ടും ഭൂരിപക്ഷം വർ‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ‍ വിജയിപ്പിച്ചത്. പിടി യുടെ മരണം സുവർ‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ‍ കേരളീയർ‍ അത് നഷ്ടമായാണ് കാണുന്നത്, ഉമാ തോമസ് ചൂണ്ടിക്കാട്ടി.

തൃക്കാക്കരയിൽ‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പിടിയുടെ രാഷ്ട്രീയ നിലപാടുകൾ‍ക്കും വികസന പ്രവർ‍ത്തനങ്ങൾ‍ക്കുമുള്ള സ്‌നേഹം തൃക്കാക്കരക്കാർ‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും അവർ‍ കൂട്ടിച്ചേർ‍ത്തു.തൃക്കാക്കരയിലെ ജനങ്ങൾ‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപ്പോഴുള്ള എൽ‍ഡിഎഫിന്റെ 99 സീറ്റുകൾ‍ നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള സുവർ‍ണാവസരമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽ‍റാം, യൂത്ത് കോൺ‍ഗ്രസ് ജനറൽ‍ സെക്രട്ടറി രാഹുൽ‍ മാങ്കൂട്ടത്തിൽ‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർ‍ശം തെരഞ്ഞെടുപ്പിൽ‍ സജീവ ചർ‍ച്ചയാക്കി നിർ‍ത്താനാണ് കോൺ‍ഗ്രസ് നീക്കം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed