സദ്ഗുരുവും ഇഷ ഔട്ട്‌റീച്ചും മെറ്റ പ്ലാറ്റ്ഫോമിലെ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാക്കൾ

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവും അദ്ദേഹം നേതൃത്വം നൽകുന്ന ഇഷ ഔട്ട്‌റീച്ചും ഇന്ത്യയിൽ മെറ്റ പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ പരസ്യദാതാക്കളെന്ന് റിപ്പോർട്ട്. ഏപ്രിൽ 27നും ജൂലൈ 25നും ഇടയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്കായി ഇവർ പ്രതിദിനം 1.35 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള എന്റർപ്രൈസ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ പൈറൈറ്റ് ടെക്നോളജീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 1.20 കോടി രൂപയാണ് അവർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ചെലവഴിച്ചത്.
സദ്ഗുരു ജഗ്ഗി വാസുദേവ് ഒരു ഇന്ത്യൻ യോഗ ഗുരുവാണ്. ഇൻസ്റ്റാഗ്രാമിൽ 8.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 5.2 ദശലക്ഷം ആരാധകരും ട്വിറ്ററിൽ 3.9 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്.
ഏറ്റവും വലിയ പരസ്യദാതാക്കളുടെ പട്ടികയിൽ സദ്ഗുരുവിന് തൊട്ടുപിറകിലായി മൂന്ന് മാസത്തിനുള്ളിൽ 87ലക്ഷം ചിലവഴിച്ച മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ‘കൂ’വും 67 ലക്ഷം രൂപ പരസ്യച്ചെലവുള്ള ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ടുമാണ് ഉള്ളത്.