എന്നെങ്കിലും ഒരിക്കൽ...


ആകാശത്ത് മേഘകൂട്ടങ്ങൾ പതിയെ നീങ്ങുകയാണ്. പാലാരിവട്ടം സിഗ്നലിൽ കാത്തു നിൽക്കുന്പോഴായിരുന്നു മൂക്കട്ടയും ഒലിപ്പിച്ച് ചാറിപ്പാറിക്കിടക്കുന്ന കാപ്പി നിറത്തിലുള്ള ചുരുണ്ട മുടിയുമായി ആ  കുഞ്ഞ് മഞ്ഞിച്ച ആ പല്ലുകൾ കാണിച്ച് എന്നോട് എന്തിനോ വേണ്ടി ചിരിച്ചത്. അവനെയും കൈയിലേന്തി കാറിൽ ഫിക്സ് ചെയ്യാനുള്ള മൊബൈൽ സ്റ്റാൻ്റ് അവിടെ കാത്ത് നിൽക്കുന്ന കാർ ഡ്രൈവർമാർക്ക് വിൽക്കാനുള്ള ശ്രമത്തിലാണ് നിറയെ കൈ വളയിട്ട ആ രാജസ്ഥാൻകാരി നാടോടി സ്ത്രീ. സ്കൂട്ടറിൽ ആയത് കൊണ്ടായിരിക്കാം ഞങ്ങളോട് വലിയ പ്രതിപത്തി കാണിക്കാൻ അവർ നിന്നില്ല. അടുത്തുള്ള കാർ ഡ്രൈവറുമായി അവർ വിലപേശുന്ന കാഴ്ച്ച കണ്ടു നിന്നപ്പോഴേക്കും സിഗ്നൽ ഓണായി. ആൾകൂട്ടത്തിൽ എവിടെയോ ആ സ്ത്രീയും കുഞ്ഞും അങ്ങിനെ അലിഞ്ഞില്ലാതായി. അപ്പോഴും ആകാശത്ത് മേഘകൂട്ടങ്ങൾ നീങ്ങികൊണ്ടിരിക്കുകയായിരുന്നു. മഴ പെയ്യുമോ എന്തോ...

ഓഫീസിൽ എത്തിയപ്പോൾ ചാറ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. വാർത്തകളുടെ ബഹളം, ജീവിത പ്രശ്നങ്ങളുടെ വിശദീകരണങ്ങൾ, വരാനിരിക്കുന്ന പ്രൊജക്ടുകളുടെ നീണ്ട ലിസ്റ്റുകൾ അങ്ങിനെ ഓരോരുത്തർക്കും ഓരോ ആവശ്യങ്ങൾ, അഭിപ്രായങ്ങൾ, ആവലാതികൾ. ഓരോന്നിനും മറുപടി കൊടുത്തുകൊണ്ട് അവരുടെ പ്രശ്നങ്ങളിൽ ഞാനും മുങ്ങിത്തുടങ്ങി. 

സഹപ്രവർത്തകനും സുഹൃത്തുമായ ഒരാളുടെ ഹായ് മെസേജ് വന്നപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്റെ ഓപ്പറേഷൻ ഇന്നാണല്ലോ എന്നോർത്തത്. എന്താണ് അവസ്ഥ എന്ന ചോദ്യത്തിന്  ഓപ്പറേഷൻ തീയറ്ററിലാണ് അച്ഛനെന്നും ഞാനും അമ്മയും പുറത്ത് കാത്തിരിക്കുകയാണെന്നും മറുപടി കിട്ടി. കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന അനവാശ്യമായ ഒരു പേടി ആ വാചകങ്ങളിൽ എവിടെയോ ഞാൻ വെറുതെ വായിച്ചെടുത്തു. അതു കൊണ്ടായിരിക്കണം ഔപചാരികതയുടെ മുഖം മൂടി എടുത്തണിഞ്ഞ് പ്രാർത്ഥിക്കാം എന്ന് മറുപടി പറഞ്ഞത്. ആരെങ്കിലും മരണപ്പെട്ടാലോ, അസുഖമായി കിടന്നാലോ നിര‍ർത്ഥകമായ കമന്റുകൾ എഫ്ബിയിലൊക്കെ നമ്മൾ എല്ലാവരും കൊടുക്കുന്നത് പോലെയുള്ള ഒരു കമന്റ് മാത്രമാണ് ഇതെന്ന് താരതമ്യേന ന്യൂ ജനായ അവനും തിരിച്ചറിഞ്ഞിരിക്കണം. ഓപ്പറേഷൻ തീയ്യറ്ററിന്റെ മുന്പിൽ ഇരുന്നുകൊണ്ട് അപ്പോഴും വാർത്തകൾ അയച്ചുതരുന്നുണ്ടായിരുന്നു ആ സുഹൃത്ത്. ഇന്ന് റെെസ്റ്റടുത്തോളൂ എന്നാവശ്യപ്പെട്ടപ്പോൾ കുഴപ്പമില്ല, എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആണ് ബുദ്ധിമുട്ടാകുന്നതെന്നായിരുന്നു അവന്റെ മറുപടി. 

കൂടുതൽ സംസാരിച്ച് വന്നപ്പോഴാണ് അറുപത് കഴിഞ്ഞ അച്ഛൻ്റെ രോഗാവസ്ഥയെ പറ്റി പറഞ്ഞത്. ഇപ്പോൾ തന്നെ വലിയൊരു തുക പ്രതീക്ഷിക്കാതെ കടന്നു വന്ന രോഗത്തിന് വേണ്ടി ചിലവായി. ഇനിയും ഏറെ വേണ്ടി വരും. എങ്ങിനെയാണ് ഇത് കണ്ടെത്തുക എന്നറിയില്ല. അവനും അവന്റെ ഭാര്യയ്ക്കും, കുഞ്ഞിനും ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുത്തിട്ടുണ്ട്. പക്ഷെ മാതാപിതാക്കൾക്ക് എടുക്കാൻ വിട്ടുപോയി. അതിന്റെ പ്രശ്നങ്ങളാണ് താൻ അനുഭവിക്കുന്നതെന്നും അവൻ പറഞ്ഞു. 

ചിന്തിച്ചപ്പോൾ ശരിയാണ്. പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വിവാഹം കഴിഞ്ഞാൽ പിന്നെ കുടുംബം എന്ന സങ്കൽപ്പത്തിൽ ഭർത്താവിന്റെയോ ഭാര്യയുടെയോ അച്ഛനും അമ്മയും പെടാറില്ല. അവർ നമ്മളിൽ നിന്നോ നമ്മൾ അവരിൽ നിന്നോ വേർപ്പെട്ടു പോകുന്നു. സാമൂഹ്യമായി വേർപ്പെടുന്നത് മിക്ക സാഹചര്യങ്ങളിലും ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിലും, സാന്പത്തികമായി ഇത് സംഭവിക്കുന്നത് വളരെ ദു:ഖകരമായ ഒന്ന് തന്നെയാണ്. കുടുംബത്തിന് വേണ്ടി ചെയ്യുന്ന ഇത്തരത്തിലുള്ള ഏതൊരു കാര്യത്തിലും തങ്ങളുടെ മാതാപിതാക്കളെ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ അത് വലിയ മെച്ചമാണ് ഭാവിയിൽ നൽകുക എന്നൊരു തിരിച്ചറിവാണ് സുഹൃത്ത് സമ്മാനിച്ചത്. നിങ്ങൾക്കും ഇത് പ്രാവർത്തികമാക്കാം.

ആദ്യം സൂചിപ്പിച്ചത് പോലെ ആകാശത്ത് ഒഴുകി നടക്കുന്ന മേഘകൂട്ടങ്ങളെ പോലെ ജീവിതയാത്രയിൽ ഒഴുകി നടക്കുന്നവരാണ് നമ്മളൊക്കെ. എന്നെങ്കിലും നമ്മളും പെയ്ത് തീർന്നേ മതിയാകൂ എന്ന് എപ്പോഴും ഓർക്കുക!!

You might also like

Most Viewed