കള്ളം പൊളിഞ്ഞതറിയാതെ ലേഖകൻ


ഫെബ്രുവരി 29ാം തീയതി ശ്രീ. ശിവപ്രസാദ് എഴുതിയ ‘ജെ.എൻ.യൂ− രാജ്യദ്രോഹത്തിന്റെ നേർക്കാഴ്ച’ എന്ന ലേഖനം സത്യത്തിൽ ഞെട്ടിച്ചു. ഒള്ളടക്കം കൊണ്ട് ആ ലേഖനം ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന് പത്രം വായിക്കുന്ന ആർക്കു തോന്നാം. വ്യാജ വീഡിയോ കെട്ടിച്ചമച്ച് വിളിയ്ക്കാത്ത മുദ്രാവക്യം വിളിച്ചുവെന്ന് വരുത്തി രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തത് എന്ന് ഫോറൻസിയ്ക്ക് വിഭാഗം കണ്ടെത്തിയ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പക്ഷേ ഇതൊന്നും കള്ളത്തിനു മുകളിൽ കള്ളം പെറ്റുകൂട്ടുന്ന സ്മൃതി ഇറാനിയുടെ ജനുസ്സിൽപെട്ട ലേഖകനു ബാധകമാകാൻ വഴിയില്ല. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയും തീവ്രവാദിയും അഫ്സൽ ഗുരുവായിരുന്നില്ല, ബി.ജെ.പിയുടെ സഹയാത്രികനായ ബാൽ താക്കറെയായിരുന്നുവെന്ന് സമകാലീന ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിയ്ക്കുന്ന ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. അദ്ദേഹം സുരക്ഷിതനായി ആയുസ്സെത്തി മരിച്ചു. നാലു മാസം കഴിഞ്ഞ് അപരനെ ഭരണകൂടം തൂക്കികൊന്നു. 

ലേഖകൻ അഫ്സൽ ഗുരുവിന്റെ വിധി ഒന്നു വായിച്ചു നോക്കിയിട്ട് പേനയെടുത്തിരുന്നെങ്കിൽ കുറെ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. പൊതുജനത്തിന്റെ പ്രതികരണം ഭയന്ന് നടത്തിയ ഒരു ശിക്ഷാവിധിയാണെന്ന് വിധിയിൽ വ്യക്തമായി പറഞ്ഞതും, പ്രതി കുറ്റക്കാരനാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്ന് ചിദംബരം പറഞ്ഞതും സംഘപരിവാറുകാർ അറിഞ്ഞിരിയ്ക്കാൻ വഴിയില്ല. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നത് തെറ്റാണെന്ന് വിശ്വസിയ്ക്കുവാനും പറയുവാനും ആർക്കും അവകാശമുണ്ട്. അതൊന്നും ദേശവിരുദ്ധകുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന് സുപ്രീം കോടതിയിൽ തന്നെ വ്യക്തമാക്കിയുട്ടുള്ളതാണ്. അതേസമയം കനയ്യകുമാറിന്റെ പേരിൽ ആരോപിക്കപ്പെട്ട മുദ്രാവാക്യങ്ങളൊന്നും അദ്ദേഹം വിളിച്ചതല്ല എന്ന് ഇപ്പോൾ തെളിയക്കപ്പെട്ടു കഴിഞ്ഞു. 

പക്ഷേ, ഇവിടെ സംഘപരിവാറിന്റെ പ്രശ്നം ഇതൊന്നും അല്ല. ചിന്തിക്കുന്നവർ രാജ്യത്ത് ഇല്ലാതെയാകണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെ ബുദ്ധിജീവികൾ പിറക്കുന്ന എല്ലാ സ്ഥാപനങ്ങളും നിയന്ത്രണത്തിൽ കൊണ്ടുവന്ന് അതിന്റെ തലപ്പത്ത് റാൻ മൂളികളും അന്ധവിശ്വാസികളുമായ പിന്തിരിപ്പന്മാരെ കുടിയിരുത്തണം. ശബ്ദമുയർത്തുകയും സംഘടിയ്ക്കുകയും ചെയ്യുന്ന ദളിതരെ കയറിലേയ്ക്ക് നടത്തണം. മത നിരപേക്ഷതയ്ക്ക് ഊന്നൽകൊടുത്ത അംബേദ്ക്കറുടെ പേരു തന്നെ ഇന്ത്യയിൽ കേൾക്കരുത്. ജെ.എൻ.യു സമരത്തിനു ലഷ്കർ ഇ തൊയ്ബയുടെ പിന്തുണ ഉണ്ട് എന്ന് പറഞ്ഞ് ആദ്യം മുന്നോട്ട് വന്ന് പുലിവാൽ പിടിച്ചത് രാജ്നാഥ് സിംഗ് ആയിരുന്നു. ആ വാർത്ത പ്രചരിപ്പിച്ചത് ഒരു വ്യാജ ഐഡിയിൽ നിന്നായിരുന്നു എന്നറിഞ്ഞ അദ്ദേഹം മാളത്തിലേയ്ക്ക് പിൻവലിഞ്ഞിട്ട് നാലഞ്ചു ദിവസമായി. എന്നിട്ടും ലേഖകൻ അതൊന്നും അറിഞ്ഞമട്ടില്ല.

ലേഖനത്തിലുടനീളം ഇടതുപക്ഷത്തോടുള്ള അസഹിഷ്ണുതയും ചരിത്രസത്യങ്ങളോടുള്ള അജ്ഞതയുമല്ലാതെ പരാമർശനവിധേയമായ വിഷയത്തെ വസ്തുനിഷ്ടമായി അവലോകനം ചെയ്യുന്നതിൽ ലേഖകൻ പരാജയപ്പെട്ടിരിയ്ക്കുന്നു. “ബ്രിട്ടീഷ് സർക്കാരിനെതിരെ എനിയ്ക്കും എന്റെ കുടുംബത്തിനും ഒരു പരാതിയും ഇല്ല. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ അനുസരണയോടേ കഴിയാനും അധികാരികളെ ആദരിയ്ക്കുവാനും സഹകരിച്ച് ജീവിയ്ക്കുവാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. ആയതുകൊണ്ട്, ഇനിയും താമസിപ്പിക്കാതെ, എന്റെ മാപ്പ് അപേക്ഷ സ്വീകരിച്ച് ജയിലിൽ നിന്നും വിട്ടയക്കണമെന്ന് താണുകേണ് അപേക്ഷിയ്ക്കുന്നു” എന്ന് എഴുതിക്കൊടുത്ത വി.ഡി സവർക്കറുടെ അനുയായികൾ ഇടതുപക്ഷത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ച് കഷ്ടപ്പെടേണ്ടതില്ല.

പുട്ടിനു തേങ്ങയിടുന്നതുപോലെ രാജ്യദ്രോഹം എന്ന് പറഞ്ഞ് വിയോജിയ്ക്കുന്നവരെ ഭയപ്പെടുത്താൻ നോക്കേണ്ട എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. 

 

സജി മാർക്കോസ്

You might also like

Most Viewed