കേന്ദ്ര ബജറ്റ് എന്തുകൊണ്ട് ജനവിരുദ്ധമാണ്?


ബജറ്റുകളിലൂടെ  ഒരു ജനതയുടെ വികസനത്തെപറ്റിയുള്ള  അവരുടെ സർ‍ക്കാരിന്‍റെ നിലപാടുകൾ‍  വ്യക്തമാക്കപ്പെടുന്നു. കഴിഞ്ഞ കാൽ‍ നൂറ്റാണ്ടായി നമ്മുടെ നാടിനും  പരിചിതമായി തീർ‍ന്ന  ആഗോളവൽ‍കരണ നിലപാടുകൾ‍ ക്ലാസിക്കൽ‍ സർ‍ക്കാർ‍ ചുമതലകളെ പുനർ‍ വ്യാഖ്യാനിക്കുകയാണ്. ക്ഷേമ പദ്ധതികളിൽ‍ നിന്നും വികസന പദ്ധതികളിലേക്കുള്ള സർ‍ക്കാർ‍ മാറ്റം വികസനത്തിന്‍റെ  അളവുകോൽ‍ ജി.ഡി.പി എന്ന സാന്പത്തിക സൂചികയിൽ‍ അവസാനിക്കുകയാണ്. ജി.ഡി.പി വളർ‍ച്ചയും കടമെടുക്കുവാൻ കിട്ടുന്ന മുന്തിയ യോഗ്യതയും അഭിമാനത്തിന്‍റെ  ചിഹ്നമായി മാറി കഴിഞ്ഞു. ജി.ഡി.പി വളർ‍ച്ചാതോതിൽ‍ മുന്നിൽ‍ നിൽ‍ക്കുന്ന രാജ്യങ്ങൾ‍ വികസനത്തിന്‍റെ  മാതൃകകളായി അംഗീകരിക്കപെടുന്നു. ഇതിലെ അർ‍ത്ഥ ശൂന്യത മനസ്സിലാക്കുവാൻ റുവാണ്ടയുടെയും ഫിൻ‍ലൻഡിന്‍റെയും ജി.ഡി.പിയെ താരതമ്യപെടുത്തിയാൽ‍ മതി. റുവാണ്ടയുടെ ജി.ഡി.പി വളർ‍ച്ച ഇന്ത്യക്ക് തൊട്ടുപുറകിൽ‍ 6.5 ആണെങ്കിൽ‍ ഏറ്റവും സുരക്ഷിത ജീവിതം സാധ്യമായിട്ടുള്ള ഫിൻ‍ലൻ‍ഡിന്റെ കുതിപ്പ് അരശതമാനം മാത്രം. കേരളത്തിന്‍റെ ജി.ഡി.പി വളർ‍ച്ച കുറച്ചു കാലമായി ഏഴിനും ഒന്പതിനും ഇടയ്ക്കാണ്‌. എന്നാൽ‍ വളർ‍ച്ച തോത് മൂന്നിലും താഴെയായിരുന്ന 80കളിൽ‍ കേരളം സാമൂഹിക സുരക്ഷിത രംഗത്ത്   ഇന്ത്യൻ ജനത്തിന് മാതൃകയായിരുന്നു. ഇന്നു വികസന കുതിപ്പിൽ‍ മുന്നേറുന്നു എന്ന് അവകാശപെടുന്ന കേരളം രോഗാതുരതയുടെ, വൻ സാന്പത്തിക ബാധ്യതയുടെ, കാർ‍ഷിക തിരിച്ചടിയുടെ പിടിലാണ്. ഈ വസ്തുതകൾ‍ നാടിന്‍റെ  സാമൂഹിക സുരക്ഷിതത്വം ജി.ഡി.പിയുടെ തണലിൽ‍ വിലയിരുത്തുവാൻ കഴിയുകയില്ല എന്ന് ഓർ‍മിപ്പിക്കുന്നുണ്ട്.

ആഗോളവൽ‍കരണം വികസനത്തെ  നോക്കിക്കാണുന്നത് പഴയ രീതികൾ‍ വെച്ചല്ല എന്ന് മുകളിലെ വിവരങ്ങൾ‍ പറയുന്നുണ്ട്. ആസൂത്രണം സർ‍ക്കാരിന്‍റെ ലക്ഷ്യമായിരുന്ന കാലത്ത് ഓരോ ജനത്തിനും ആവശ്യമായ ജീവിത ഘടകങ്ങൾ‍ അവർ‍ക്ക് എത്തിച്ചുകൊടുത്ത് അവരെ ജീവിപ്പിക്കുവാൻ പ്രാപ്തമാക്കുക ആയിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എല്ലാവർ‍ക്കും 35 കിലോ ധാന്യം ഒരു കുടുംബത്തിന്  സ്ഥിരമായി നൽ‍കി അവർ‍ക്ക് നിശ്ചിത ഊർ‍ജ്ജത്തിലുള്ള  ഭക്ഷണം എത്തിക്കുന്നതു പോലെ, ഓരോ പദ്ധതിയും സർ‍ക്കാർ‍ വ്യക്തികളെയോ കുടുംബത്തെയോ യുണിറ്റുകളായി കണ്ട് നടപ്പാക്കുന്നു. എന്നാൽ‍ ഇന്ന്  ആസൂത്രണത്തെ സർ‍ക്കാർ‍ വികസനം എന്ന വാക്കുകൊണ്ട്  പകരം വെക്കുന്പോൾ‍ വ്യക്തികളുടെ വ്യക്തിപരമായ ജീവിതത്തിനു പകരം പുതിയ പദ്ധതികളുടെ കണക്കുകൾ‍ പ്രധാന മാനദണ്ധമായി കണ്ട്  സർ‍ക്കാർ‍ നാടിന്‍റെ കുതിപ്പിനെ നോക്കിക്കാണുന്നു. ഈ നിലപാടുകൾ‍  നാട്ടിൽ‍ വൻ‍കിട പദ്ധതികൾ‍ എത്തിക്കും. പുതിയ സാങ്കേതിക വിദ്യയും ജീവിത നിലവാരത്തിൽ‍ വളർ‍ച്ചയും ഉണ്ടാക്കും. അതിന്‍റെ  ഗുണഭോക്താക്കളാകുവാൻ ഏറിയും കുറഞ്ഞും ബഹുഭൂരിപക്ഷത്തിനും അവസരം ഉണ്ടാകാതിരിക്കില്ല. എന്നാൽ‍ വളർ‍ച്ച സുസ്ഥിരമോ സമഭാവനയോടെയോ ആയിരിക്കില്ല നടക്കുന്നത്. സ്വത്തിന്‍റെ കേന്ദ്രികരണത്തിൽ‍ വൻ അന്തരമുണ്ടാക്കും. വിരലിൽ‍ എണ്ണാവുന്ന കുറെ ആളുകൾ‍ വൻ സ്വത്തുകൾ‍ കുന്നുകൂട്ടുകയും ബഹുഭൂരിപക്ഷക്കാരും   സർ‍ക്കാർ‍ പോലും പാപ്പരാകുകയും ചെയ്യും. ഇത് കേരളത്തിന്‍റെ സാമൂഹികരംഗം മുതൽ‍ വികസിത രാജ്യങ്ങളുടെ അവസ്ഥകളും  പരിശോധിച്ചാൽ‍ മനസ്സിലാകും. അമേരിക്കയിലെ  സന്പന്നരുടെ ആസ്തിയിൽ‍ വൻ കുതിപ്പുകൾ‍ ഉണ്ടാകുന്പോൾ‍ 20% വരുന്ന ദരിദ്രർ‍ കൂടുതൽ‍ ദാരിദ്രരാകുന്നു. ഇതിനെതിരായ മുദ്രാവാക്യമാണ്  വാൾ സ്ട്രീറ്റിൽ‍ മുഴങ്ങിയത്. എല്ലാം ഒരു ശതമാനക്കാർ‍ക്ക് എന്ന വ്യവസ്ഥക്കെതിരായി 99 ശതമാനക്കാരുടെ പോരാട്ടം എന്ന ആവശ്യം  neo-globalisationനെതിരയുള്ള പ്രതിക്ഷേധമായിരുന്നു. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളും മുകളിൽ‍ വിശേഷിപ്പിച്ച ആഗോളവൽ‍കരണത്തിന്‍റെ  ആരാധകരാൽ‍ ഭരിക്കപെടുന്നു. ഇന്ത്യയിലെ എല്ലാ വലതു ഇടതു −കാവി രാഷ്ട്രീയവും ഏറിയും കുറഞ്ഞും ആഗോളവൽ‍ക്കരണ നയങ്ങളുടെ വക്താക്കളാണ്. ശ്രീ മോഡി ഈ കാര്യത്തിൽ‍ മുൻ‍കാല സർ‍ക്കാരുകളെ  പലതരത്തിലും പിന്നിലാക്കി കഴിഞ്ഞു. അതിനുള്ള ഒരു തെളിവുകൂടിയാണ് പുതിയ ബജറ്റും.

ഒരു വികസ്വര രാജ്യത്തിന്‍റെ ബജറ്റ് കമ്മിയുടേത് ആയിരിക്കും. ബജറ്റിലെ പ്രധാന ചിലവുകൾ‍ പദ്ധതിയ്ക്കായി മാറ്റിവെക്കുന്പോഴേ നാട്ടിൽ‍ വികസനങ്ങൾ‍ വിജയകരമായി തീരുകയുള്ളു. ബജറ്റിലെ മറ്റൊരു പ്രധാന പ്രശ്നം  ചിലവിനം റവന്യുവിൽ‍ പെടുന്നു. റവന്യു ചെലവ് പ്രധാനമായും ഭരണചിലവുകൾ‍ ആണ്. നമ്മുടെ ബജറ്റ് തുകകൾ‍ പരിശോധിച്ചാൽ‍ അതിന്‍റെ ഘടന അനാരോഗ്യകരമാണെന്ന് വിളിച്ചറിയിക്കുന്നുണ്ട്. വരും വർ‍ഷത്തെ പദ്ധതി ഇതരചിലവു 14.28 ലക്ഷം കോടിയും പദ്ധതി വിഹിതം 5.5 ലക്ഷം കോടിയും ആണെന്നത് മുകളിൽ‍ പറഞ്ഞ വാദത്തെ ശരി വെയ്ക്കുന്നു. മാത്രവുമല്ല വരവിന്‍റെയും ചിലവിന്‍റെയും ഘടകങ്ങൾ‍ പരിശോധിക്കുന്പോൾ‍ അനാരോഗ്യപ്രവണതകൾ‍ കുറെക്കൂടി വ്യക്തമാണ്. നമ്മുടെ വരുമാനത്തിന്‍റെ 21 ശതമാനവും കടം വാങ്ങുന്നതിലൂടെയാണ് കണ്ടെത്തുന്നത്. പിന്നീടുള്ള  പ്രധാന വരുമാന മാർ‍ഗമായ നികുതികളിൽ‍ (63%) സന്പന്നർ‍ നേരിട്ടുനൽ‍കുന്ന നികുതികൾ‍ (CORPORATION TAX + INCOME TAX ) 33% മാത്രമാണ്. ബാക്കി വരുന്ന 30 ശതമാനവും  സാധാരണക്കാരുടെ മുകളിൽ‍ വന്നു വീഴുന്നു. ഇനിയും  ചിലവിനം പരിശോധിച്ചാൽ‍ സംസ്ഥാനങ്ങൾ‍ക്ക് നൽ‍കേണ്ട വിഹിതം കഴിഞ്ഞാൽ‍ ഏറ്റവും കൂടുതൽ‍ തുക മാറ്റിവെച്ചിരിക്കുന്നത് എടുത്ത കടത്തിന് പലിശ കൊടുക്കാനാണ്.(19%) സബ്സിഡിയോളം തുക പ്രതിരോധത്തിനു മാറ്റിവെച്ചിട്ടുണ്ട്. (10%) ഇതിൽ‍ നിന്നും നമ്മുടെ ബജറ്റ് സമീപനങ്ങൾ‍ ആരോഗ്യകരമല്ല എന്ന് മനസ്സിലാക്കാം. പണക്കുറവ് പരിഹരിക്കുവാൻ വിദേശ വായ്പകൾ‍ക്കും പൊതുമുതലുകൾ‍ വിറ്റ്‌ പണം കണ്ടെത്തുന്നതിനും മുതിരുന്ന സർ‍ക്കാർ‍ വിഭവ സമാഹരണത്തിനും ഭരണ ചെലവുകൾ‍  കുറയ്ക്കുന്നതിനും തയ്യാറാകുന്നില്ല. പകരം വിദേശ വായ്പകൾ‍ക്കായി സമീപിക്കുന്ന IMF, EDB, ADB  തുടങ്ങിയവരുടെ നിർ‍ദേശ പ്രകാരം സബ്സിഡികൾ‍ കുറച്ചു ധനകമ്മി കുറയ്ക്കണം എന്നാണവർ‍  പറയുന്നത്. എന്തുകൊണ്ടാണ് നമ്മുടെ സർ‍ക്കാരിന്‍റെ  കൈവശം പണമില്ലാതാകുന്നത്.?

ജനകീയ സർ‍ക്കാർ‍ പ്രവർ‍ത്തിക്കുന്നത് ഉള്ളവരിൽ‍ നിന്നും നികുതിയും മറ്റും  പിരിച്ചെടുത്ത്  പാമരരായവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുക  മുഖ്യ അജണ്ടയായി കണ്ടുകൊണ്ടാണ്. വളരെ സന്പന്ന രാജ്യങ്ങൾ‍ പോലും ഇത്തരത്തിൽ‍ പ്രവർ‍ത്തിക്കുന്നു. ഡെന്മാർ‍ക്ക്, സ്വീഡൻ‍, ഫിൻ‍ലൻ‍ഡ് തുടങ്ങിയവ ഏറ്റവും കാര്യക്ഷമായി നികുതി പിരിച്ച് ജനങ്ങളുടെ പ്രാഥമിക പ്രവർ‍ത്തനങ്ങളിൽ‍  സജീവമായി ഇടപെടുന്നു. പണക്കാരന്‍റെ പറുദീസയായി ലോകം വാഴ്ത്തുന്ന അമേരിക്കയിലെ 45% ആളുകളും നികുതി കൊടുക്കുന്നവരാണ്‌. മുകളിൽ‍ സൂചിപ്പിച്ച നോറാഡിക്ക് രാജ്യങ്ങളിൽ‍ paperless economy നിലവിൽ‍വന്നു. എല്ലാ പ്രധാന കൊടുക്കൽ‍ വാങ്ങലുകളും കാർ‍ഡുകൾ‍ വഴി നടത്തുന്നു. അതുവഴി പണമിടപാടുകൾ‍ നിയമപരമായി മാത്രമേ നടത്തുവാൻ കഴിയുന്നുള്ളൂ. എന്നാൽ‍ നമ്മുടെ നാട്ടിലെ നികുതി ഘടനയുടെ ആശാസ്ത്രീയതക്കു പിന്നിൽ‍ നികുതിയിൽ‍ നിന്നും ഉള്ളവരെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഉദാഹരണമായി സ്വർ‍ണ്ണ വ്യാപാര മേഖലയിലെ മാത്രം കാര്യം പരിശോധിച്ചാൽ‍ കാര്യം വ്യക്തമാണ്‌. ഇന്ത്യയിൽ‍ പ്രതിവർ‍ഷം എത്തുന്ന സ്വർ‍ണ്ണത്തിന്‍റെ അളവ് 900 ടണ്ണിനും 1500  ടണ്ണിനും ഇടയിൽ‍ വരും. ഈ മേഖലയിൽ‍ മാത്രം സർ‍ക്കാരിന് 1.5 ലക്ഷം കോടിയുടെ നികുതി നഷ്ടം ഉണ്ടാകുന്നു. ഇവ ഇറക്കുമതി ചെയ്യുന്നത് വൻ‍കിട കച്ചവടക്കാരണെന്നിരിക്കെ സർ‍ക്കാർ‍ നടപടികൾ‍ക്ക് വിമുഖരാണ്. ലോകത്തെ ഏറ്റവും കുടുതൽ‍ കോടിശ്വരന്മാർ‍ പാർ‍ക്കുന്ന  നഗരങ്ങളിൽ‍ ബോംബൈ മുന്നിലാണ്. ലോകത്തെ എണ്ണം പറഞ്ഞ പണക്കാരിൽ‍ നിരവധി ആളുകൾ‍  ഇന്ത്യക്കാരായി ഉണ്ട്. എന്നാൽ‍  ഒരു കോടിയിൽ‍ കൂടുതൽ‍ വരുമാനമുള്ളവരായി ഇന്ത്യയിൽ‍ 44000 ആളുകളെ ഉള്ളു എന്ന് സർ‍ക്കാർ‍ സമ്മതിക്കുന്നു. നാട്ടിൽ‍ income tax  കൊടുക്കുന്നവർ‍ 2.8% മാത്രം. Corporation tax കൊടുക്കുന്നവർ‍ക്കും income tax കൊടുക്കുന്നവർ‍ക്കും നിരന്തരമായി സർ‍ക്കാർ‍ ആനുകൂല്യങ്ങൾ‍ പ്രഖ്യാപിക്കുന്നു. പുതിയ ബജറ്റിലും ഇത്തരക്കാർ‍ക്ക് 1060 കോടിയുടെ ഇളവുകൾ‍ കൊടുത്തപ്പോൾ‍ പരോക്ഷ നികുതിയിൽ‍ കാൽ‍ ലക്ഷം കോടിയുടെ വർ‍ദ്ധനവു വരുത്തി.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില 115 ഡോളറിൽ‍നിന്നും 30 ഡോളറായി ഇടിഞ്ഞിട്ടും പെട്രോളിയം‍ ഉത്‌പന്നങ്ങളുടെ വിലയിൽ‍ 15 രൂപ മാത്രമാണ് സർക്കാർ കുറവ് വരുത്തിയത്. ഇതിൽ നിന്ന് പരോക്ഷ നികുതിയെ മുൻ നിർ‍ത്തി സർ‍ക്കാർ‍ നടത്തുന്ന കൊള്ള മനസ്സിലാക്കുവാൻ കഴിയും. സ്വഭാവികമായും വില മൂന്നിൽ‍ ഒന്നായി കുറയ്ക്കുന്നതിനു പകരം സർ‍ക്കാരുകൾ‍ കഴിഞ്ഞ നവംബർ‍ മാസത്തിനും ഫെബ്രുവരിക്കും ഇടക്ക് 5 തവണയാണ്  excise  തിരുവ കൂട്ടിയത്. ഈ നിലപാട് പുതിയ ബജറ്റിലും തുടരുന്നു.  രണ്ട് കോടി വരുമാനമുള്ള ഒരു ഇന്ത്യക്കാരൻ കൊടുക്കേണ്ട നികുതിയിലെ വർ‍ദ്ധന 1.8 ലക്ഷം മാത്രം. വരുമാനം 60 ലക്ഷമാണെങ്കിൽ‍ ഒരു രൂപപോലും അധികം നികുതിയിനത്തിൽ‍ കൊടുക്കേണ്ടതില്ല. പ്രത്യക്ഷ നികുതിയുടെയും പരോക്ഷ നികുതിയുടെയും വർദ്ധനവിൽ‍ പരോക്ഷ നികുതി വൻ വളർ‍ച്ച  കാണിക്കുന്നു. എന്നാൽ‍ നികുതിപിരിവിൽ‍ ശ്രദ്ധിക്കുന്ന രാജ്യങ്ങളിൽ‍ പ്രത്യക്ഷ നികുതി വർ‍ദ്ധിപ്പിച്ച് സാധാരണക്കാർ‍ക്ക് കൂടുതൽ‍ നികുതി ഇളവുകൾ‍ നൽ‍കുന്നു. ഈ വിശദീകരണങ്ങളിൽ‍ നിന്നും സർ‍ക്കാർ‍ വെച്ചു പുലർ‍ത്തുന്ന സമീപനങ്ങൾ‍ ആഗോളവൽ‍ക്കരണം  ഉയർ‍ത്തി പിടിക്കുന്ന സന്പന്നതാൽ‍പ്പര്യങ്ങൾ‍ ആണെന്ന് വ്യക്തം. ഇന്നത്തെ നികുതി വരുമാനം ഏകദേശം 15 ലക്ഷമായിരിക്കെ 10% ആളുകളെ നികുതി ഘടനയിൽ‍ കൊണ്ടുവന്നാൽ‍ തന്നെ നികുതി വരുമാനത്തിൽ‍ നിരവധി മടങ്ങ്‌ വർ‍ദ്ധനവ്‌ ഉണ്ടാക്കാവുന്നതാണ്. മാത്രമല്ല പരോക്ഷ നികുതി കുറയ്ക്കുവാൻ കഴിഞ്ഞാൽ‍ പെട്രോളിയം ഉൽ‍പന്നങ്ങൾ‍ 25 രൂപ വിലക്ക് ജനങ്ങൾ‍ക്ക് നൽ‍കി വിലക്കയറ്റത്തിന് അന്ത്യം കുറിക്കാം.

നമ്മുടെ നാട് കർ‍ഷകർ‍ക്ക് സ്വന്തമാണെന്ന് പറയുമെങ്കിലും 50 ശതമാനത്തിലധികം ആളുകൾ‍ കാർ‍ഷിക രംഗത്ത്‌ പണി ചെയ്യുന്നു എങ്കിലും അവരുടെ ജീവിതം ഏറ്റവും ദുരിത പൂർ‍ണമാണ്. ഇന്ത്യൻ കർ‍ഷകന്‍റെ  വരുമാനവും അതിന്‍റെ  വളർ‍ച്ചയും ദിനം പ്രതി താഴേക്ക്‌ പതിക്കുന്നു. കഴിഞ്ഞ വർ‍ഷങ്ങളിൽ‍ ജനങ്ങളുടെ ഭക്ഷ്യ ലഭ്യതയിൽ‍ പോലും കുറവുണ്ടായത് നേരിട്ടു കർ‍ഷകരെബാധിച്ചു. കഴിഞ്ഞ വർ‍ഷത്തിൽ‍ ഉത്പാദനം തന്നെ കുറഞ്ഞു. ശരാശരി ഇന്ത്യൻ കർ‍ഷകന്‍റെ  വരുമാനം 3300 രൂപയ്ക്കു അടുത്ത് നിൽ‍ക്കുന്പോൾ‍  മറ്റു മേഖലയിലെ വേതന വർ‍ദ്ധന വ്യത്യസ്തമാണ്. സർ‍ക്കാർ‍ വകുപ്പുകളിൽ‍ വില വർ‍ദ്ധനയിലും മുന്‍പിൽ‍ വേതനം കൂടിവന്നു. വിലവർ‍ദ്ധന 6−7 മടങ്ങെങ്കിൽ‍ പിയൂണിന്‍റെ വേതനത്തിൽ‍ 23  മടങ്ങും കന്പനി CEO യുടെ വേതനത്തിൽ‍ 36 മടങ്ങും വർദ്ധനവ്  രേഖപ്പെടുത്തി. ഇതിനു കാരണം സർ‍ക്കാർ‍ കാർ‍ഷിക മേഖലയെ അന്തർ‍ദേശിയ കരാറുകളെ ഭയന്ന് അവഗണിച്ചതാണ്. അതുവഴി  2.5 ലക്ഷം കർഷകർ‍ ആത്മഹത്യ  ചെയ്യേണ്ടി വരുന്നു. കാലവർ‍ഷത്തിലെ 30% കുറവും വിലയിടിവും  വരുത്തിയ നഷ്ടം കേരളത്തിൽ‍ മാത്രം 15000 കോടിയിൽ‍ കുറയാത്തതാണെന്ന് പറഞ്ഞാൽ‍ ഇന്ത്യയിൽ‍ ആകെ ഉണ്ടാക്കിയ നഷ്ടം എത്ര ലക്ഷം കോടിയുടെതാകും. എന്നാൽ‍ സർ‍ക്കാർ‍ പറയുന്നത് അവരുടെ ശ്രമങ്ങൾ‍  അടുത്ത 5  വർ‍ഷത്തിനകം കർ‍ഷകരുടെ വരുമാനത്തിൽ‍ ഇരട്ടി വർ‍ദ്ധന ഉണ്ടാക്കും എന്നാണ്. തികച്ചും സ്വപ്നസമാനമായ  വാദങ്ങൾ‍ ഉയർ‍ത്തുന്ന സർ‍ക്കാർ‍ വിള നഷ്ടത്തിന് മാറ്റി വെച്ച തുകയിൽ‍ നിന്നും (5500 കോടി) വാക്കുകളിൽ‍ കാര്യങ്ങൾ‍ ഒതുങ്ങും എന്ന് തോന്നിപ്പിക്കുന്നു.

ആരോഗ്യ മേഖലയിൽ‍ വൻ പദ്ധതികൾ ‍പ്രഖാപിക്കുന്പോൾ‍ അവയെല്ലാം PPP മാതൃകയിൽ‍ ആണെന്ന് പറയുന്നുണ്ട്. അതിനർ‍ത്ഥം ലാഭം മുൻനിർ‍ത്തി സ്വകാര്യ വ്യക്തികൾ‍ക്ക് ചികിത്സാലോകം പിടിയിൽ‍ ഒതുക്കാമെന്ന്. ക്ഷേമ പദ്ധതികളിൽ‍ തൊഴിൽ‍ ഉറപ്പു പദ്ധതിക്കായി കഴിഞ്ഞ വർ‍ഷത്തിലും തുക കൂട്ടിയിട്ടത്  വരൾച്ചകൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണർ‍ക്ക്  ആശ്വാസമാണ്. പഞ്ചായത്തുകൾ‍ക്ക് അനുവദിക്കുന്ന തുകകൾ‍ കേന്ദ്രീകരണമില്ലാതെ കാര്യക്ഷമായി ഉപയോഗപ്പെടുത്തിയാൽ‍ അത് ഗ്രാമീണവികസനത്തിന് മുതൽ‍ കൂട്ടാകും. എന്നാൽ ഇവയിലൊന്നും ഭരണക്കാർക്ക് ആത്മാർത്ഥതയില്ല എന്നിരിക്കെ പ്രഖ്യാപനങ്ങളായി ഇവ ഒതുങ്ങുകയാവും സംഭവിക്കുക.

രാജ്യത്തിന്‍റെ വിദേശ നാണ്യം അതും ലോകത്തിൽ‍ വെച്ച് ഏറ്റവും കൂടുതൽ‍ (5 ലക്ഷം കോടി) നേടിത്തരുന്ന NRIകാരെ പാടെ മറന്ന ഈ ബജറ്റ് GCC രാജ്യങ്ങളിലെ സാധാരണ പ്രവാസികൾ‍ക്ക് വലിയ നിരാശ സമ്മാനിക്കുന്നു. തൊഴിൽ‍ അവസരങ്ങൾ‍ കുറയുന്നതിനോടൊപ്പം ജീവിത ചെലവുകൾ‍ കൂടി വരുന്ന ഈ അവസ്ഥയിലും പെട്രോൾ‍ വിലയിടിവ് തീർ‍ക്കുന്ന  മാന്ദ്യത്തിലും ഒരു പരിഗണനയും പ്രവാസികൾ‍ക്ക്  നൽ‍കാതിരുന്ന കേന്ദ്ര ബജറ്റ് മറ്റുള്ള സാധാരണക്കർ‍ക്കെന്ന  പോലെ പ്രവാസികൾ‍ക്കും  താങ്ങാനാകുന്നില്ല.

You might also like

Most Viewed