ഈ മധു ഇനി എത്ര നാൾ...


ഇന്ന് ലോക പരിസ്ഥിതിദിനമായി ആചരിക്കുകയാണല്ലോ. 700 കോടി ജനത്തിന് ഉള്ളത് ഒരേയൊരു ഭൂമിയാണെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ ഓർമ്മപ്പെടുത്തൽ. അനന്തവും അജ്ഞാതവുമായ ഈ ലോകത്ത് നമുക്ക് അറിയാൻ ഇനിയുമെത്രയോ കാര്യങ്ങൾ. ഒരായുസ് മതിയാകില്ല അതിന്റെ ഒരു ശതമാനമെങ്കിലും മനസ്സിലാക്കാൻ. കവി പാടിയത് പോലെ ആസന്നമൃതിയിലേയ്ക്ക് വളരെ വേഗം എടുത്തെറിയപ്പെടുന്ന ഈ ഭൂഗോളത്തിൽ നമ്മൾ തന്നെ എത്ര നാൾ എന്ന് പ്രവചിക്കാൻ പോലും എന്തൊക്കെ നേടിയെന്ന് അവകാശപ്പെട്ടാലും നാം മനുഷ്യർ ശക്തരല്ല. ആ ഒരു തിരിച്ചറിവാണ് ഇന്നിന്റെ ദിനത്തിൽ നമുക്ക് ഉണ്ടാകേണ്ടത്.

കോടാനുകോടി വർഷങ്ങളായി ഈ ഭൂമി ഉണ്ടായിട്ടെന്ന് ശാസ്ത്രം പറയുന്നു. അതിൽ കേവലം കൂടി വന്നാൽ നൂറോ നൂറ്റിപ്പത്തോ വർഷമാണ് ഒരു മനുഷ്യന്റെ ആയുസ്. ഗുരു ചേമഞ്ചേരിയെ പോലെയുള്ളവർക്ക് മാത്രമാണ് ആ മഹാഭാഗ്യം തന്നെ ലഭിക്കുന്നത്. 99 ശതമാനം പേരും അതിനടുത്തേയ്ക്ക് തന്നെ എത്തുന്നില്ല. എന്നിട്ടും നമ്മളിൽ ഭൂരിഭാഗം പേർക്കും എല്ലാത്തിനോടും ഒരു പുച്ഛഭാവമാണ്. എനിക്ക് എല്ലാം അറിയാം എന്ന ഭാവം. അത്തരം മനുഷ്യരാണ് കാലങ്ങളായി ഭൂമിക്ക് ചരമഗീതം എഴുതികൊണ്ടിരിക്കുന്നത്. പൂവിൽ നിന്ന് മധു ഊറ്റികുടിക്കുന്ന ശലഭത്തെ പോലെ ഭൂമി നൽകിയിട്ടുള്ള ഓരോ അനുഗ്രഹങ്ങളെയും വലിച്ചൂറ്റി കുടിച്ചു കൊണ്ടിരിക്കുകയാണ് സ്വാർത്ഥരായ മനുഷ്യർ. 

ഓരോ പരിസ്ഥിതി ദിനങ്ങൾ കഴിയുന്പോഴും നമ്മുടെ ചുറ്റും കപടപരിസ്ഥിതി വാദികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. എന്റെ ഒരു പഴയ ഓർമ്മ പങ്ക് വെയ്ക്കട്ടെ. വയനാട്ടിലെ തിരുനെല്ലിയിൽ ഒരു പരിസ്ഥിതി ക്യാന്പിന്റെ യോഗം. കാണികളിൽ ഞാനുമുണ്ട്. താടിയും നീട്ടി, ജുബ്ബയും ധരിച്ച് ക്യാന്പിൽ പങ്കെടുക്കുന്ന ഒരു പ്രതിനിധി കത്തിച്ചു കയറുകയാണ്. അദ്ദേഹം അന്ന് പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. “മുകളിൽ കാണുന്ന തിരുനെല്ലി മലനിരകൾ നമ്മുടെ തന്നെ ശരീരമാണ്. അതിലൂടെ ഒഴുകുന്ന നീർച്ചാലുകൾ രക്തകുഴലുകളും. അവിടെയുള്ള പുൽനാന്പുകളിൽ ഒരു മനുഷ്യന്റെ കാൽപ്പാടുകൾ വീഴുന്പോൾ അത് നമ്മുടെ നെഞ്ചത്ത് ചവിട്ടുന്ന വേദനയാണ് ഉണ്ടാക്കുന്നത്”. സദസിൽ നീണ്ട കരാഘോഷം. പരിസ്ഥിതി പ്രേമി വീണ്ടും തുടർന്നു കൊണ്ടേയിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഒരു കപട പരിസ്ഥിതിവാദിയെ കാണുന്നത്. കാരണം ഈ പരിസ്ഥിതിപ്രേമി അന്ന് രാവിലെ യോഗത്തിന് മുന്പായി ചെയ്തത് ഞങ്ങൾ താമസിച്ച ഫോറസ്റ്റ് ഓഫീസിന്റെ മുന്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് വിടർന്നുനിൽക്കുന്ന ഒരു പനിനീർ പൂവ് ഒരു ദയയുമില്ലാതെ പൊട്ടിച്ച് പ്രസംഗപീഠത്തിനടുത്തുള്ള ഫ്ളവർ ബേസിൽ വെച്ചതാണ്. ഇത് ഞാൻ കണ്ടിരുന്നു. അപ്പോഴാണ് ഇത്തരം പ്രസംഗങ്ങൾ ആവേശം കൊള്ളിക്കാൻ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടായത്.

ഇന്ന് രാവിലെ എറണാകുളത്തെ വിവിധ പരിപാടികളെ പറ്റി പത്രങ്ങളിൽ വായിച്ചുപോയപ്പോൾ ഏകദേശം ഇതേ വികരമാണ് തോന്നിയത്. പ‍ഞ്ചനക്ഷത്ര ഹോട്ടലുകളിൽ പരിസ്ഥിതി സെമിനാറുകൾ, ഒരു പുല്ല് പോലും മുളയ്ക്കാത്ത പാറപ്പുറത്ത് വൃക്ഷതൈ നട്ടുപിടിപ്പിക്കൽ എന്നു വേണ്ട ഒരു മൂന്ന് കോളം ഫോട്ടോയ്ക്കും മുപ്പത് സെക്കന്റ് നീണ്ട് നിൽക്കുന്ന എയർ ടൈമിനും വേണ്ടി പല തരത്തിലുള്ള പരസ്ഥിതി ബോധവത്കരണ കോമാളിത്തരങ്ങൾ. ഇതൊക്കെ കൊണ്ട് തന്നെയാണ് മലയാളത്തിന്റെ മഹാകവി ഒ.എൻ.വി സാർ വർഷങ്ങൾക്ക് മുന്പ് എഴുതിയ ആ കവിത ഇന്നും അൽപ്പമെങ്കിലും പേരുടെ ഉള്ളം നീറ്റുന്നത്. 

ഇനിയും മരിക്കാത്ത ഭൂമി! 

നിന്നാസന്ന−

മൃതിയിൽ നിനക്കാത്മശാന്തി!

ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്

ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടർന്നതിന്‍−

നിഴലിൽ നീ നാളെ മരവിക്കേ,

ഉയിരറ്റനിൻ‍മുഖത്തശ്രു ബിന്ദുക്കളാൽ 

ഉദകം പകർന്നു വിലപിക്കാൻ 

ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും!

ഇതു നിനക്കായ് ഞാൻ‍ കുറിച്ചീടുന്നു;

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന−

മൃതിയിൽ നിനക്കാത്മശാന്തി!

You might also like

  • Lulu Exchange
  • Straight Forward

Most Viewed