പാഠം ഒന്ന്: പങ്കെടുക്കാൻ, പങ്കിടാൻ...
“ഒരു മുറിയിൽ പത്ത് പേർ.. ആലോചിക്കാൻ പറ്റുന്നില്ല. എന്നോട്എന്തിനാണ് ഇത്ര ദേഷ്യം. എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലെ ഇങ്ങിനെ ചെയ്യുന്നത്” ഇടക്കിടെ വിതുന്പി കൊണ്ട് ആ പാവം കുട്ടി തന്റെ വിഷമം പറഞ്ഞുകൊണ്ടേയിരുന്നു. ഇതൊക്കെ ശീലമാകും എന്ന ആശ്വാസവാക്കുമേകി ഞങ്ങളും, മാതാപിതാക്കളും, ബന്ധുക്കളും അവളെ സമാധാനിപ്പിച്ചു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ ഗൾഫിൽ പഠിച്ചതിന് ശേഷം കൊച്ചിയിലുള്ള ഏറ്റവും മികച്ച കോളേജിൽ ഡിഗ്രിക്കായി ചേർത്തതാണ് അവളെ. പക്ഷെ ഹോസ്റ്റൽ സൗകര്യത്തിൽ കുട്ടി തീരെ തൃപ്തയല്ല. പത്ത് പേരെ ഉൾക്കൊള്ളുന്ന ഒരു ഡോർമെറ്ററിയാണ് കിട്ടിയത്. തനിക്ക് രണ്ട് പേരുള്ള ഒരു റൂം വേണമെന്ന വാശിയിലാണ് പെൺകുട്ടി. ഇത് ആ ഒരു കുട്ടിയുടെ മാത്രം അനുഭവമല്ല. ഇപ്പോൾ പ്ലസ്ടു കഴിഞ്ഞതിന് ശേഷം നാട്ടിലേയ്ക്ക് പറിച്ച് നടപ്പെടുന്ന നിരവധി പ്രവാസി വിദ്യാർത്ഥികൾ ഇതേ പ്രശ്നം നേരിടുന്നുണ്ടാകും. യഥാർത്ഥത്തിൽ പ്രശ്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്നവരാണ് പ്രവാസികൾ. എന്നാൽ അവരുടെ മക്കളിൽ ഭൂരിഭാഗത്തിനും ഈ ഗുണങ്ങൾ ലഭിക്കുന്നില്ല. സാങ്കേതികമായി ഏറെ വളർന്നിട്ടുണ്ടാവുമെങ്കിലും സങ്കീർണമായ ഒരു പ്രശ്നം മുന്പിൽ വന്നാൽ ഒന്നു വിറച്ചു പോകുന്നവരാണ് ഭൂരിഭാഗവും.
ഗൾഫ് നാടുകളിൽ എത്തുന്നവരുടെ പ്രധാന ലക്ഷ്യം തങ്ങളുടെ സന്പാദ്യം വർദ്ധിപ്പിക്കുക എന്നത് തന്നെയാണ്. അതിനായി അച്ഛ
നും അമ്മയും ജോലിക്ക് പോകേണ്ടി വരും. അതുകൊണ്ട് തന്നെ ജനിച്ച് അറുപതാം ദിവസം മുതൽ കൈക്കുഞ്ഞായി ബേബി സിറ്ററു
ടെ അരികിലാകും ഭൂരിഭാഗം കുട്ടികളും വളരുന്നത്. അവിടെ നിന്ന് കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ പിന്നെ മാതാപിതാക്കൾ ഓട്ടം തുടങ്ങുകയായി. മിക്ക സ്‌കൂളുകളും അതിരാവിലെ 7 നും 7.30നും ഇടയ്ക്ക് തുറക്കും. 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ
ഇവിടെയെത്താൻ സമയം എടുക്കാറുണ്ട്. ഉച്ചയ്ക്ക് ക്ലാസും കഴിഞ്ഞ് തളർന്ന് തിരിച്ചു വരുന്ന മിക്കവർക്കും പോകേണ്ടി വരുന്നത് ഡേ
കെയറിലേയ്ക്കോ, ട്യൂഷൻ ക്ലാസിലേയ്ക്കോ ആകും. വാരാന്ത്യങ്ങളിൽ ഒരു മാളിലേയ്ക്കോ, പാർക്കിലേയ്ക്കോ, സിനിമയ്ക്കോ ഒരു ഔട്ടിങ്ങ്. ഇങ്ങിനെ വളർന്നാണ് മിക്കവാറും കുട്ടികൾ പ്ലസ് ടു കഴിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നത്.
വർഷങ്ങളുടെ ഇടവേളയിൽ ഒരു മാസത്തേക്കോ, രണ്ടു മാസത്തേയ്ക്കോ നാട്ടിലെത്തുന്പോൾ ഉണ്ടാകുന്ന അനുഭവങ്ങളായിരി
ക്കും അപ്പോൾ ഇവരുടെ മനസ്സിൽ. ഒരു വീഗാലാന്റ് ട്രിപ്പ്, എസി കാറിൽ കറക്കം, ബന്ധുക്കളുടെ വീട്ടിലെ സ്വീകരണം അങ്ങനെയുള്ള സുഖജീവിതം. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പടപേടിച്ച് പന്തളത്തെത്തുന്പോൾ പന്തം കൊളുത്തി പട എന്നു പറയുന്ന രീതിയിലായിരിക്കും മാറിയ സാഹചര്യങ്ങൾ. തങ്ങൾ ഇവിടെയെത്തിയത് സ്ഥിരമായി നിൽക്കാനാണെന്ന ബോധം വളരെ വൈകിയാണ് ഇവർക്കുണ്ടാകുന്നത്. അപ്പോൾ അതുവരേയ്ക്കും ലഭിച്ച സൗകര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന ഭീതിയും ഇവരെ പിടികൂടുന്നു.
നാട്ടിലെ കുട്ടികളുടെ ചെറുതമാശകൾ പോലും മനസ്സിലാക്കാൻ ഇവർക്ക് സാധിക്കണമെന്നില്ല. അതു പോലെ ഗൾഫിലെ കടുത്ത നിയമങ്ങൾ അനുസരിച്ച് ജീവിച്ചത് കാരണം നല്ല മാർഗത്തിലൂടെ ജീവിച്ചു പോയവരാണ് അവർ. എന്നാൽ വളഞ്ഞ വഴി പോകാൻ അതിസാമാർത്ഥ്യമുള്ളവരാണ് നാട്ടിലെ കുട്ടികൾ. അവരിൽ കുറച്ചുപേരെങ്കിലും പ്രവാസികളായ കുട്ടികളെ നന്നായി തന്നെ പറ്റിക്കുന്നു. നാട്ടിലെ പത്ത് രൂപയ്ക്ക് ഗൾഫിൽ വെറും നൂറ് ഫിൽസ് മാത്രമല്ലേയുള്ളൂ എന്ന ചിന്തയിലായിരിക്കും പ്രവാസി കുട്ടികളുടെ ആദ്യത്തെ ഒന്ന് രണ്ട് വർഷത്തെ ജീവിതം. അവിടെ കടുത്ത ചൂടിൽ എയർ കണ്ടീഷൻഡ് കാറിൽ സഞ്ചരിച്ച കുട്ടിക്ക് ഇവിടെ ബസിൽ കയറി പോകാനും സമയമെടുക്കും. ഇനി അഥവാ വല്ല ബൈക്കും എടുത്തുകൊടുത്താൽ അമിതസ്വാതന്ത്ര്യത്തിന്റെ വെപ്രാളം കാരണം വല്ല അപകടവും ഒപ്പിക്കും. നാട്ടിലെത്തിയാൽ തനിയെ റോഡ് മുറിച്ച് കടക്കാൻ പോലും ഇവരിൽ മിക്കവർക്കും ഭയമാണ്.
ഇതൊക്കെ കൊണ്ട് തന്നെ ഈ അവധികാലത്ത് നാട്ടിലെത്തുന്പോൾ മുതിർന്നവർ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കണം. ശരിയാണ്, കുട്ടികൾ എത്ര തന്നെ വലുതായാലും മാതാപിതാക്കൾക്ക് അവർ കുട്ടികൾ തന്നെയാണ്. പക്ഷെ നാളെ അവർ മറ്റൊരാളുടെ അച്ഛനും അമ്മയും ആകേണ്ടവരാണെന്ന ബോധം നമ്മുടെയും മനസ്സിനുള്ളിലുണ്ടാകണം. എഞ്ചിനീയറിംഗും, എം. ബി.ബി.എസും അല്ലാതെയും ജീവിതത്തിന് ലക്ഷ്യമുണ്ട് എന്ന ബോധ്യം കുട്ടികളിലുണ്ടാക്കേണ്ടത് മാതാപിതാക്കളാണ്. നമ്മെനാമാക്കിയ നമ്മുടെ നാടിനെയും നാട്ടുകാരെയും ഉത്സവങ്ങളെയും ആഘോഷങ്ങളെയും ആ കുഞ്ഞുങ്ങളിലേക്ക് പകരണം. കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കികൊടുക്കണം. പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ജീവിതത്തിലെ കൊച്ചുകൊച്ചു ജോലികളിൽ അവരെക്കൂടി പങ്കുകാരാക്കാം. വിശാലമായ ഈ ലോകത്തെ മണ്ണുണ്ണികളാക്കാതെ, അവരെ നാളത്തെ പുലരിയുടെ വിധാകർത്താക്കൾ ആക്കി നമുക്ക് മാറ്റാം..
വാൽകഷ്ണം: “ഒരാൾക്കൊപ്പം മാത്രം മുറി ഷെയർ ചെയ്താൽ ചിലപ്പോൾ ആ വ്യക്തിയുമായി യോജിച്ചു പോകാൻ പറ്റിയില്ലെങ്കിലോ, അപ്പോൾ പിന്നെ പത്ത് പേരിൽ ആരെങ്കിലും ഒരാളുമായി ഒത്തു പോകുന്നത് അല്ലെ കൂടുതൽ നല്ലത്.. ആ ചോദ്യം കരഞ്ഞ പെൺകുട്ടിയെയും ചിന്തിപ്പിച്ചിരിക്കണം, ഒടുവിൽ പതിയെ ഒരു ചെറുപുഞ്ചിരിയോടെ ഡോർമ്മെറ്ററിക്ക് സമ്മതം..!!

