ഇത് പിന്നെ ആൺകുട്ടിയല്ലെ..


നമ്മുടെ നാട്ടിലെ വാർത്തകൾക്ക് ഒരു പ്രത്യേകതയുണ്ട്. പലപ്പോഴും ഒരേ രീതിയിലുള്ള വാർത്തകൾ അടുത്തടുത്ത ദിവസങ്ങളിൽ നമ്മുടെ മുന്പിൽ എത്തുന്ന അവസ്ഥയാണത്. പെരുന്പാവൂരിലെ ദാരുണമായ കൊലപാതകത്തിന് ശേഷം കഴിഞ്ഞ നാല് ദിവസത്തോളമായി എല്ലായിടത്തും നിറയുന്നത് പിഞ്ചുകുഞ്ഞിനെ മുതൽ വയസായവരെ പോലും പീഡിപ്പിക്കുന്ന വാർത്തകളാണ്. ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം അത് കേരളത്തിൽ വരാൻ പോകുന്ന മഴയെ പറ്റിയും, പിന്നെ അതുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ പറ്റിയുമായിരിക്കും. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബഹളം തുടങ്ങും. എന്തായാലും പീഡനങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ട് ആ ഒരു വിഷയത്തെ ആസ്പദമാക്കി തന്നെയാണ് ഇന്നത്തെ തോന്ന്യാക്ഷര ചിന്തകൾ. 

“ഇത് പിന്നെ ആൺകുട്ടിയല്ലെ, നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. നിങ്ങളുടേത് പോലെ അല്ലല്ലോ.” ഏറെ നേരം എടുത്തു എന്റെ ഭാര്യയ്ക്ക് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയിൽ നിന്ന് വന്ന ഈ മറുപടി നൽകിയ ഷോക്കിൽ നിന്ന് മുക്തമാക്കാൻ.  ഉച്ചനേരത്ത് സ്കൂൾ വിട്ടു വന്നാൽ തന്റെ നാല് വയസ്സുകാരനായ മകനെ നോക്കാൻ ഒരു ജോലിക്കാരനെ നിർത്തിയിട്ടുണ്ടായിരുന്നു ആ സുഹൃത്ത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്മാർട്ടായിരുന്ന കുട്ടി ഉൾവലിയുന്നത് പോലെ തോന്നിയ സുഹൃത്തിന് ആദ്യമൊന്നും കാര്യം പിടികിട്ടിയില്ല. പിന്നീടെപ്പോഴോ കുട്ടി തന്നെ അങ്കിളിന്റെ പോക്രിത്തരങ്ങൾ അൽപ്പാൽപ്പമായി പറഞ്ഞപ്പോഴാണ്  തന്റെ മകന് സംഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങളെ പറ്റി സുഹൃത്ത് തിരിച്ചറിഞ്ഞത്. പക്ഷെ ജോലിക്ക് വേറെ ഒരാളെ കിട്ടാനുള്ള ബുദ്ധിമുട്ടോർത്തും തന്റെ അസൗകര്യങ്ങൾ കാരണവും മൗനം പാലിക്കാനാണ് സുഹൃത്ത് തീരുമാനിച്ചത്. അതെന്തെ അങ്ങിനെ എന്ന് ചോദിച്ച മൂന്ന് പെൺകുട്ടികളുടെ അമ്മ  കൂടിയായ എന്റെ ഭാര്യയോടാണ് താൻ സൂക്ഷിക്കണം, തനിക്കുള്ളത് പെൺമക്കളാണ്, അവർക്ക് നഷ്ടപ്പെടാനുണ്ടെന്നും, എനിക്ക് മകനാണ്,  അവന് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ എന്നും  നല്ല വിദ്യാഭ്യാസവും, ജോലിയുമുള്ള സുഹൃത്ത് വളരെ നിഷ്ങ്കളങ്കമായി ചോദിച്ചത്. 

സ്ത്രീകൾക്ക് മാത്രമാണ് പീഡനമേൽക്കുന്നത് എന്നൊരുഅബദ്ധധാരണ നമ്മുടെ ഇടയിൽ ഇന്നും പലർക്കുമുണ്ട്. എന്നാൽ വലിയൊരുശതമാനം പുരുഷൻമാരും അവരുടെ ബാല്യകൗമാരങ്ങളിൽ ചെറിയ തോതിലുള്ള ശാരീരിക പീഡനം മുതൽ ക്രൂരമായ ബലാത്സംഗത്തിന് വരെ ഇരയാകേണ്ടി വന്നിട്ടുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. എന്നാൽ ആണിന് മുകളിൽ അധികാരത്തിന്റെ അഭിമാന മേലങ്കി പുതപ്പിച്ചിട്ടുള്ള സമൂഹം ഇത് പെട്ടന്നൊന്നും അംഗീകരിച്ച് തരില്ല. പീഡനം എന്നാൽ പെണ്ണിന് അത് വേദനയും, ആണിന് അത് സുഖവുമാണെന്ന അധമ ധാരണയും നമ്മുടെ സമൂഹം വെച്ചു പുലർത്തുന്നുണ്ട്. പീഡനമേറ്റാൽ പോലും ആണിന് നഷ്ടപ്പെടാൻ പെണ്ണിന്റേത് പോലെ കന്യകത്വമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ച് ആശ്വസിക്കുന്ന സ്ത്രീകളും ധാരാളം. 

ഇതുപോലെ തന്നെ ഓരോ തവണയും പീഡനവാർത്തകൾ പുറത്ത് വരുന്പോൾ നമ്മുടെ നിയമങ്ങളിൽ എഴുതിചേർക്കേണ്ട കഠിനമായ ശിക്ഷകളെ പറ്റിയാണ് മിക്കവരും ചർച്ച ചെയ്യാറുള്ളത്. പക്ഷെ ഇതോടൊപ്പം നമ്മുടെ വിദ്യാഭ്യാസരംഗത്തുണ്ടാവേണ്ട മാറ്റങ്ങളെ പറ്റി കൂടി നമ്മൾ ചർച്ച ചെയ്യേണ്ടതില്ലേ? ഒന്പതാം തരത്തിലെത്തുന്പോൾ ബയോളജി അദ്ധ്യാപകൻ വളരെ വേഗതയിൽ ഒരു രഹസ്യം പറയുന്നത് പോലെ പറഞ്ഞ് ഓടിച്ചുപോകേണ്ട കേവലം ഒരു പേജ് മാത്രമണോ ലൈംഗികത എന്ന വിഷയം? ഒരു കുട്ടിക്ക് അവന്റെ ബാല്യം മുതൽ ഈ ഒരു വിഷയത്തെ പറ്റി ശരിയായ അർത്ഥത്തിൽ പറഞ്ഞുകൊടുക്കാൻ സാധിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നമുക്ക് ആവശ്യമല്ലെ? അതുപോലെ ഇത്തരം ഒരു അനുഭവം ഉണ്ടായാൽ അതിനെ എങ്ങിനെ നേരിടണമെന്ന പ്രാഥമികമായ അറിവെങ്കിലും ബാല്യം മുതൽ നമ്മുടെ സമൂഹം നൽകേണ്ടതല്ലെ?

പെരുന്പാവൂരിൽ കൊല്ലപ്പെട്ട ജിഷ മോൾ വിദ്യാഭ്യാസം ഇല്ലാത്ത ഒരാളായിരുന്നില്ല. രാജ്യത്തെ നിയമങ്ങളും, ഭരണഘടനയും അറിയാവുന്ന, അല്ലെങ്കിൽ അതിനെ പറ്റി പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിനിയായിരുന്നു. പക്ഷെ തനിക്ക് നേരെ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു ആക്രമണത്തെ പോലും ചെറുക്കാൻ ജിഷയ്ക്ക് അവളുടെ വിദ്യാഭ്യാസം ഒരുതരത്തിലും സഹായകരമായിട്ടില്ല എന്നത് നമ്മുടെ സമൂഹം ഗൗരവമപരമായി കാണേണ്ട കാര്യമാണ്. ഒപ്പം അടച്ചുറപ്പില്ലാത്ത വീട് മാത്രമാണോ ജിഷയുടെ കൊലപാതകത്തിന് കാരണമെന്നും ഉള്ള് തുറന്ന് ചിന്തിക്കണം. കാരണം, നമ്മുടെ നാട്ടിൽ പാറാവുകാർ കാവൽ നിൽക്കുന്ന ബംഗ്ലാവുകളിലും, നഗരങ്ങളിലെ ഫ്ളാറ്റുകളിൽ പോലും ഓരോ ദിവസവും എത്രയോ ആണിന്റെയും പെണ്ണിന്റെയും മാനം നഷ്ടമാകുന്നുണ്ട്. മിക്കതും ആരും അറിയുന്നില്ലെന്ന് മാത്രം...!

You might also like

Most Viewed