ആന്തരിക സൗഖ്യം ആശയുടെ അത്താണി..


ഏതു ജീവിതത്തിനും ഒരു അന്ത്യമുണ്ട്. എന്നാൽ എങ്ങനെ മരിക്കുന്നു എന്നതാണ് പരമപ്രധാനം. Holy Living and Holy Dieing എന്ന ഒരു പുസ്തകം വളരെ പ്രസിദ്ധമാണ്. ശുദ്ധജീവിതമെന്ന പോലെ ശുദ്ധ മരണവും സംപ്രാപ്യമാക്കേണ്ടിയിരിക്കുന്നു. ശാരീരികമായ രോഗവും അതുവഴി മരണവും സംഭവിച്ചേക്കാം. എന്നാൽ ആന്തരിക സൗഖ്യം പ്രാപിച്ച ഒരു വ്യക്തി മരണത്തെ പേടിസ്വപ്നമായി കാണാതെ ആശ്വസിക്കുന്നു. ധൈര്യത്തോടും പ്രത്യാശയോടും കൂടെ മരണം കൈവരിക്കുന്നു. അങ്ങനെയെങ്കിൽ ഈ ‘ആന്തരിക സൗഖ്യ’മെന്നാൽ എന്താണ്? ആ സൗഖ്യജീവിതം എങ്ങനെ കൈവരിയ്ക്കാം?

ക്യാൻസർ മാരകമായ ഒരു രോഗമാണെന്നായിരുന്നു സമൂഹത്തിന്റെ നിഗമനം. പക്ഷേ വൈദ്യശാസ്ത്രം ക്യാൻസറിനെ കീഴടക്കിയെന്ന് നമ്മുടെ ഇടയിലെ ചില ജീവിതസാക്ഷ്യങ്ങൾ തെളിയിക്കുന്നു. മലയാളത്തിന്റെ മഹാനടനായ ഇന്നസെന്റ് ക്യാൻസറിനെ അതിജീവിച്ച് മുന്നേറുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷ്യത്തിൽ മനോവീര്യമാണ് ഇതിന് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മവിശ്വാസത്തിലധിഷ്ഠിതമായ ജീവിതം മനസിന് ധൈര്യം നൽകും. പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടുവാനുള്ള സർഗ്ഗശക്തി സുകൃതചിന്തകളിലൂടെ നേടിയെടുക്കാം. സുകൃതചിന്തകളുടെ വേര് മനുഷ്യമനസിലുറപ്പിക്കാനാണ് പലർക്കും സാധിക്കാത്തത്. ചെറുകാറ്റിൽ ഉലയുന്ന തോണി പോലെ പലപ്പോഴും നാമൊക്കെ ചില ചില്ലറ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്പോൾ മാനസികമായി ആടിപ്പോകാറുണ്ട്. പരീക്ഷയിലെ പരാജയം, ഇന്റർവ്യൂവിൽ ഉണ്ടായ തോൽവി, ഉദ്യോഗക്കയറ്റം ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങൾ, കച്ചവടത്തിലെ നഷ്ടം, കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ എന്നിത്യാദി അനേകം വൈധരണികളെ നമുക്ക് നേരിടേണ്ടതായി വന്നേക്കാം. അപ്പോഴൊക്കെ മനസ് പതറിപ്പോയാൽ ആന്തരിക സൗഖ്യം അകലെയായിരിക്കും. ജീവിതത്തിലെ കാറ്റിലെയും കോളിലെയും നൈരാശ്യതയ്ക്കുള്ളിൽ പ്രത്യാശ നിറഞ്ഞ ഒരു ശാന്തതയുണ്ടെന്ന് വിശ്വസിച്ച് അതിനായി കാത്തിരിക്കുന്ന മനുഷ്യമനസ് ആന്തരിക സൗഖ്യ തീരത്തെത്തും എന്നത് ശരിതന്നെ. 

അനർത്ഥങ്ങൾ അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. മുന്നറിയിപ്പൊന്നും കൂടാതെയുള്ള അവയുടെ കടന്നാക്രമണം നമ്മെ സ്തബ്ധരും അസ്തപ്രജ്ഞരുമാക്കാം. എന്നാൽ ചുരുക്കം ചിലർ സമനില തെറ്റാതെ വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനും ക്രിയാത്മകമായി പ്രതികരിക്കാനും പ്രാപ്തി വെളിപ്പെടുത്തുന്നു. അങ്ങനെയുള്ള ഒരാളിന്റെ അനുഭവം അദ്ദേഹം എന്നോട് പങ്കുവെച്ചു. നിരാശയുടെ നിമിഷങ്ങളെ പ്രത്യാശയുടെ പ്രസരണാവസരമാക്കി മാറ്റിയ ഒരു വ്യക്തിയാണ് അദ്ദേഹം.

ഒരു അന്തർദേശീയ കന്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡണ്ടായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന് ആ ജോലി നഷ്ടമായി. മൂത്തമകളുടെ വിവാഹം നടത്തിയതോടെ സന്പാദ്യത്തിന്റെ ഗണ്യമായ ഭാഗവും ചെലവായി. ഗൾഫിലെ ഒരു നല്ല കന്പനിയിൽ ജോലി തരപ്പെടുത്തി പോകാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി. ശ്വാസകോശത്തിൽ എന്തോ പ്രശ്നമുള്ളതായി പ്രഥമ പരിശോധനയിൽ കണ്ടെത്തി. കൂടുതൽ വിശദവും വിദഗ്ദ്ധവുമായ പരിശോധനയിൽ ശ്വാസകോശത്തിന് ക്യാൻസർ ആണെന്ന് തെളിഞ്ഞു. ഭീതിയും നിരാശയും ഉയർത്തുന്ന വാർത്ത. ഈ രോഗത്തിന്റെ പേരു കേൾക്കുന്പോൾ തന്നെ പലരും ഞെട്ടിപ്പോകും. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും കൂടാതെ ആരോഗ്യത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും പ്രതീക്ഷയോടെ കഴിയുന്പോൾ, പൊടുന്നനെ മാരകമായ ഒരു രോഗത്തിന് അടിമയായി എന്നറിയുന്പോൾ ഞെട്ടിപ്പോകാത്തവരായി ആരും ഉണ്ടാകില്ല. ഗൾഫിലെ മെച്ചപ്പെട്ട ഉദ്യോഗം കൈയെത്തുന്ന അകലത്തിൽ എത്തിനിൽക്കുന്പോൾ ഡോക്ടർ വെളിപ്പെടുത്തിയത് ‘കീമോതെറാപ്പി പ്രയോഗിച്ചു നോക്കാം’ എന്നാണ്. അത് പരാജയപ്പെട്ടാൽ ആയുസ്സ് നാല് മാസം മാത്രം. എങ്കിലും ശുഭപ്രതീക്ഷയോടെ ചികിത്സ ആരംഭിച്ചു. കീമോയുടെ പാർശ്വഫലങ്ങൾ അനുഭവിച്ചു കൊണ്ടേയിരുന്നു. മാനസികമായും ശാരീരികവുമായ അസ്വാസ്ഥ്യം അലട്ടുന്ന ആ ദുഃസ്ഥിതിയിൽ അദ്ദേഹം പ്രത്യാശയുടെ രശ്മികൾ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിച്ചു. നിഷേധാത്മക ചിന്തകൾക്ക് അടിമപ്പെടാതെ ‘പോസറ്റീവ്’ ആയി ചിന്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രോഗത്തിന്റെ പ്രതിസന്ധി ജീവിതത്തിൽ നാലു നന്മകൾ വരുത്താൻ കാരണമായിത്തീർന്നുവെന്നദ്ദേഹം വിശ്വസിക്കുന്നു.

1. പുകവലിയോട് വിടപറയാൻ കഴിഞ്ഞു. വീട്ടിനുള്ളിലെ വായുതന്നെ സിഗരറ്റിന്റെ ഗന്ധം നിറഞ്ഞതായിരുന്നു. കിടക്കയും കസേരകളും കർട്ടനുമെല്ലാം ദീർഘനാളത്തെ പുകയുടെ ഗന്ധം വഹിക്കുന്നവയായിരുന്നു. ഒരുദിവസം ശരാശരി 35 സിഗരറ്റ് വലിച്ചു. ഏതാണ്ട് 35 വർഷത്തോളം അത് നീണ്ടുനിന്നു. മൊത്തം അഞ്ച് ലക്ഷം സിഗരറ്റെങ്കിലും പുകച്ചിട്ടുണ്ടാകും. പലപ്പോഴും ഈ ദുശ്ശീലം നിറുത്താൻ ശ്രമിച്ചിട്ടുള്ളതാണ്. പക്ഷേ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് പൂർണ്ണമായി വർജ്ജിക്കാൻ കഴിഞ്ഞു. കുടുംബാംഗങ്ങൾക്കത് ആശ്വാസമായി.

2.ഉത്തമ സുഹൃത്തുക്കളെ തിരിച്ചറിയാൻ കഴിഞ്ഞു. നമ്മുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമാണ് ഉത്തമ സുഹൃത്തുക്കൾ ആരൊക്കെയെന്ന് വെളിപ്പെടുന്നത്. A friend in need is a friend indeed. നമ്മുടെ ആവശ്യത്തിൽ കടന്നെത്തുന്ന ആളാണ് യഥാർത്ഥ സ്നേഹിതൻ. ക്യാൻസർ ബാധിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ആത്മാർത്ഥ സുഹൃത്തുക്കൾ സന്ദർശിക്കുവാനും സാന്ത്വന വാക്കുകൾ പറയാനും അവരുടെ സ്നേഹവും ഉൽക്കണ്ഠയും സഹതാപവും പ്രകടമാക്കാനും തുടങ്ങി. അത് അദ്ദേഹത്തിന്റെ മനസിന് കുളിർമ നൽ
കി. ഇന്റർനെറ്റിലൂടെയും ബന്ധപ്പെടുവാൻ ചിലർ ശ്രമിച്ചു. ഈവിഷയത്തെക്കുറിച്ച് ലഭ്യമായ പുസ്തകങ്ങൾ ചില‍ർ എത്തിച്ചു കൊടുത്തു. ഇതൊക്കെ ആയപ്പോൾ ഈ രോഗത്തെ ചെറുത്ത് തോൽപ്പിക്കാമെന്നുള്ള ആത്മവിശ്വാസം ഉണ്ടായി. എന്തെന്നില്ലാത്ത ഒരു ആന്തരികസൗഖ്യം അദ്ദേഹത്തിന് ലഭിച്ചു എന്നദ്ദേഹം സാക്ഷിക്കുന്നു.

3. ജോലിത്തിരക്കിൽ നിന്നുള്ള മോചനം. ഔ
ദ്യോഗിക ജീവിതാവസരത്തിൽ, ഒന്നിനും സമയമില്ലാത്ത അവസ്ഥയായിരുന്നു. കുടുംബാംഗങ്ങളുമായി സന്തോഷപൂർവ്വം സമയം ചെലവിടാൻ ക
ഴിഞ്ഞിരുന്നില്ല. ഓഫീസിൽ തീരാത്ത ജോലി വീ
ട്ടിൽ വന്ന് പൂർത്തിയാക്കുക പതിവായിരുന്നു. ഔ
ദ്യോഗിക കൃത്യനിർവഹണം ഒരു ഭ്രാന്തുപോലെ ആയിരുന്നു. കൊടുന്പിരിക്കൊണ്ട മനസും തളർന്ന ശരീരവുമായാണ് ദിവസങ്ങൾ കഴിഞ്ഞത്. എ
ന്നാൽ ഇപ്പോൾ ജോലി പോയി. രോഗം ബാധിച്ചു. വിശ്രമത്തിന് ആവോളം സമയം ലഭിക്കുന്നു. കുടുംബാംഗങ്ങളുമായി സമയം പങ്കിടുവാനും ഹൃദയം തുറന്ന് സംസാരിക്കുവാനും അവസരം ലഭി
ക്കുന്നു. ഔദ്യോഗിക ജീവിത കാലത്ത് ടൈം മാനേജ്മെന്റ് എന്നത് ഒരു ശൈലിയാക്കിയെടുക്കേണ്ടതായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമായി.

4. ആത്മീയ ചിന്തയിലേക്ക് തിരിച്ചു വരുവാനിട
യായി. ഭൗതിക ചിന്തകളിൽ മാത്രം മനസ് മുഴുകി കഴിഞ്ഞ അവസ്ഥയ്ക്ക് മാറ്റം വന്നു. ആത്മീയ ചിന്തയിലേക്ക് തിരിയുവാൻ കഴിഞ്ഞപ്പോൾ ആശ്വാസം കണ്ടെത്തി. പ്രകൃതിയിലെ മനോഹര ദൃശ്യങ്ങൾ ഹൃദയത്തെ ആകർഷിച്ചു. പക്ഷികളുടെ കളകൂജനവും പാറിപ്പറക്കുന്ന പൂന്പാറ്റകളും മഞ്ഞു കണമണി‍‍ഞ്ഞ പുൽത്തകിടിയുമെല്ലാം ശ്രദ്ധയിൽ വന്നു. അവയൊന്നും കേൾക്കുവാനോ കാണുവാനോ കഴിയാതിരുന്ന അദ്ദേഹത്തിന് പ്രകൃതി തന്നെ ഉന്മേഷപ്രദമായി അനുഭവപ്പെട്ടു.

മനസിന്റെ ശാന്തിയും ഹൃദയത്തിന്റെ പ്രസന്നതയും രോഗത്തെ ചെറുത്ത് നിൽക്കുവാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഏതു രോഗവും ജീവിതത്തിൽ ആകുലതയും ആ
കാംക്ഷയും ഉളവാക്കാം. എന്നാൽ മങ്ങാത്ത പ്രത്യാശയും സർഗാത്മക ചിന്തകളും അവയെ അതിജീവിക്കാൻ നമ്മെ സഹായിക്കും. അപ്പോഴാണ് ആന്തരീക സൗഖ്യം അനുഭവവേദ്യമാകുന്നത്.

ബെൽജിയത്തിലെ പുരാതനമായ നഗരമാണ് ‘ഗിൽ’. മനോരോഗികൾ സുഖം പ്രാപിക്കുന്നതിനായി അവിടെ എത്തിച്ചേരുന്നു. ഗിൽ നഗരത്തെക്കുറിച്ച് ഒരു ഐതീഹ്യമുണ്ട്. എ.ഡി 600നോട് അടുത്ത് അയർലൻഡിലെ രാജാവിന്റെ പത്നി മരിച്ചപ്പോൾ, ആ വിയോഗത്തിന്റെ ആഘാതം മൂലം രാജാവ് ഒരു ഭ്രാന്തനായി മാറി. പ്രായപൂർത്തിയായ തന്റെ മകൾ ഡിംഫ്ന, തന്റെ ഭാര്യ തന്നെയാണെന്ന് രാജാവ് ചിത്തഭ്രമം മൂലം ചിന്തിക്കുവാൻ തുടങ്ങി. ആ വിധത്തിൽ രാജാവ് അവളെ സമീപിച്ചപ്പോൾ ഭയാക്രാന്തയായ ഡിംഫ്ന പലായനം ചെയ്ത് കപ്പൽമാർഗ്ഗം ബൽജിയത്തിൽ എത്തി. അവിടെ ഉൾപ്രദേശത്തേക്ക് നീങ്ങി. ഗിൽ എന്ന സ്ഥലത്ത് താമസമാക്കി. രാജാവിന്റെ പട്ടാളക്കാർ അവളുടെ താവളം മനസിലാക്കി വിവരം രാജാവിനെ അറിയിച്ചു. രാജാവ് അവിടെ എത്തി അവളെ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ അവൾ ചെറുത്തു നിന്നു. കുപിതനായ രാജാവ് അവളെ വധിച്ചു. ഈ ക്രൂരകൃത്യം നടത്തിയ സ്ഥലത്ത് തദ്ദേശവാസികൾ ഡിംഫ്നയുടെ നാമത്തിൽ ഒരു ദേവാലയം നിർമ്മിച്ചു. അത്ഭുതശക്തിയുള്ള ഒരു സ്ഥലമെന്ന വിഖ്യാതി വേഗത്തിൽ അതിനുണ്ടായി. മനോരോഗികൾ ഇവിടെ വന്ന് പാർത്താൽ സുഖം പ്രാപിക്കുമെന്ന വിശ്വാസം പ്രബലമായി പ്രചരിച്ചു. അങ്ങനെ മനോരോഗികൾക്ക് പ്രത്യാശ നൽകുന്ന ഒരു നഗരമായി ഗിൽ തീർന്നു. മനോരോഗം പിശാചു ബാധയാണെന്ന ധാരണ പഴയകാലത്ത് സാർവത്രികമായിരുന്നു. ഇപ്പോഴും ഈ വിശ്വാസം നിലനിൽക്കുന്നു. മനഃശാസ്ത്രം പുരോഗമിച്ചിട്ടും ഈ അന്ധവിശ്വാസം പുലർത്തുന്നവർ കുറവല്ല. ഏതായാലും ഗിൽ എന്ന നഗരത്തിലെത്തുന്നവർക്ക്  സുഖം ലഭിക്കുന്നുവെന്നത്  അനിഷേധ്യമായ ഒരു വസ്തുതയാണ്.

മനോരോഗം ബാധിച്ചവരെ മുറിക്കകത്ത് പൂട്ടിയും മരക്കുറ്റിയിൽ ചങ്ങലയിട്ട് ബന്ധിച്ചും പീ‍‍ഡിപ്പിച്ചിട്ടുള്ള സംഭവങ്ങൾ മാധ്യമങ്ങളിലൂടെ കഴിഞ്ഞ കാലത്തൊക്കെ നാം അറിഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടുകാർ തന്നെയാണ് ഈ പ്രവർത്തി ചെയ്യുന്നത്. ആന്തരിക സൗഖ്യമില്ലാത്ത മനോരോഗികളെ ഇത്തരത്തിൽ പീഡിപ്പിക്കുന്ന വീട്ടുകാരും ആന്തരിക സൗഖ്യമില്ലാത്തവരല്ലേ? ഗിൽ നഗരം സന്ദർശിക്കുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് ഉണ്ടാകുന്നത്. അവിടെ മനോരോഗികളോട് മറ്റുള്ളവർ പുലർത്തുന്ന മനോഭാവം വെറുപ്പിന്റെയോ ഈർഷ്യയുടെയോ അല്ല, സ്നേഹത്തിന്റെയും സഹാനുഭൂതിയുടെതുമാണ്. ഈ രോഗം ഈശ്വരകോപം മൂലമാണുണ്ടാകുന്നതെന്ന് മുദ്രയടിച്ച് ശപിക്കുകയോ രോഗികളെ ഒറ്റപ്പെടുത്തുകയോ ഗിൽ നിവാസികൾ ചെയ്യുന്നില്ല. ഉപദ്രവകാരികളല്ലാത്ത രോഗികളെ ഗിൽ നിവാസികൾ അതിഥികളായി അവരുടെ വീട്ടിൽ സ്വീകരിച്ച് ഉപചരിക്കുന്നു. ഭക്ഷണച്ചെലവ് രോഗികളുടെ ബന്ധുക്കൾ നൽകണമെന്നു മാത്രം. ഇങ്ങനെയുള്ള ആതിഥേയ ഭവനങ്ങളിലെ സ്നേഹോഷ്മളമായ പരിചരണവും കരുണാപൂർണ്ണമായ പെരുമാറ്റവും മിക്കരോഗികളെയും സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നു. മനോരോഗികൾക്ക് ആതിഥ്യം നൽകി അവരെ സ്വാഗതം ചെയ്യുന്ന വ്യവസ്ഥിതി നൂറ്റാണ്ടുകളായി ഗില്ലിൽ തുടർന്നു വരുന്നു. അവിടെ മനോരോഗചികിത്സാ കേന്ദ്രങ്ങളുണ്ട്. ഭവനങ്ങളിലെ സ്നേഹപരിചരണവും മനശാസ്ത്രപരമായ ചികിത്സാവിധികളും സമന്വയിപ്പിച്ചുള്ള ഒരു സമീപനമാണ് അവിടെയുള്ളത്. ഈ വാർത്ത വായനക്കാരിൽ എന്തു ചിന്തകളാണ് ഉയർത്തുന്നത്? 

മറ്റുള്ളവരുടെ സ്നേഹവും കരുണയും സഹായവം ആഗ്രഹിക്കുന്നവരും അർഹിക്കുന്നവരുമായ ഏത് മനുഷ്യരും. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമെങ്കിൽ ആന്തരിക സൗഖ്യമെന്ന വലിയ സിദ്ധി നമുക്ക് ലഭിക്കും. ഈയടുത്ത കാലത്ത് കോട്ടയം മെഡിക്കൽ കോളേജിനടുത്ത് പ്രവർത്തിക്കുന്ന ഒരു അഭയകേന്ദ്രത്തിന്റെ ഡയറക്ടർ ശ്രീ. പി.യു തോമസ് ബഹ്റിൻ സന്ദർശിക്കുകയുണ്ടായി. ഗവ
ൺമെന്റിൽ ഒരു താഴ്ന്ന ജീവനക്കാരനായ അദ്ദേഹം
ഇതിനോടകം എത്ര മനോരോഗികളെ പരിചരിച്ച് സ്വസ്ഥരാക്കിയിട്ടുണ്ട്! അവരെ സുഖപ്രാപ്തിയിലെത്തിക്കുക മാത്രമല്ല അവരുടെ പുനരധിവാസത്തിനുള്ള പരിപാടികളും അദ്ദേഹം നടപ്പാക്കി കൊണ്ടിരിക്കുന്നു! സമൂഹത്തിന്റെ മനഃസാക്ഷി ഉണരേണ്ട മഹാസംരംഭമാണത്.

ചോദിക്കണം നാം ഓരോരുത്തരും നമ്മോടു തന്നെ ഒരു ചോദ്യം. ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ? നാമോരോരുത്തരും നമുക്ക് ചുറ്റുമുള്ള സഹോദരരുടെ കാവൽക്കാരായി തീരുന്പോൾ മാത്രമേ, ആന്തരികസൗഖ്യം നമുക്ക് ലഭിക്കുകയുള്ളൂ.

 

You might also like

Most Viewed