ജീവന്റെ വയസ് എത്ര?
                                                            ഭ
ൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട് എത്ര കാലമായി?. ഭൂമി ഉത്ഭവിച്ചിട്ടു 450 കോടി വർഷമായെന്നാണ് ഇന്നത്തെ കണക്ക്. അതിനും ഒരു നൂറു കോടി വർഷങ്ങൾക്ക് ശേഷം ജീവന്റെ പ്രാഥമിക രൂപം ഉരുത്തിരിഞ്ഞു എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ അതിനും വളരെ മുന്പേ, ഒരു മുപ്പത് കോടി വർഷങ്ങൾക്ക് ശേഷം തന്നെ ജീവൻ രൂപപ്പെട്ടിരിക്കാം എന്നതാണ് പുതിയ കണ്ടെത്തലുകൾ. കാനഡയിലെ ക്യുബക്കിലെ നുവ്വാഗിട്ടിക് സൂപ്രക്രസ്റ്റൽ ബെൽട്ടിലെ (എൻ.എസ്.ബി.) ശിലാ പാളികളിൽ കണ്ടെത്തിയ ബാക്ടീരിയ സമാനമായ ജീവ കോശ ഫോസ്സിലുകളാണ് ഈ നിഗമനത്തിന് ആധാരം. ഇവയുടെ പ്രായം 370 മുതൽ 420 കോടി വർഷം വരെയാവാം എന്ന് കരുതുന്നു. ഇത് ഭൂമിയേക്കാൾ ചൂടുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടാവാമെന്ന പുതിയ സാധ്യത മുന്നോട്ട് വെയ്ക്കുന്നു. സമുദ്രാന്തർഭാഗത്തെ ചൂട് നീരുവറകളിലാണ് ജീവോൽപ്പതി എന്ന നിഗമനത്തെയും പുതിയ കണ്ടെത്തൽ സാധൂകരിക്കുന്നു.
ജീവൻ എന്നാൽ എന്ത്? വളർച്ച, പുനുരുൽപ്പാദനം, നിർവ്വഹണ പ്രവർത്തനം തുടങ്ങിയ തുടർച്ചയായ പ്രവർത്തനത്തിലൂടെ മരണത്തിൽ എത്തുന്ന ജൈവതന്മാത്രകളുടെ പ്രവർത്തനമാണ് ജീവൻ എന്ന് സാമാന്യമായി പറയാം. ഓക്സീകരണ പ്രവർത്തനം നടത്തുന്ന കോശങ്ങളാണ് അടിസ്ഥാന യൂണിറ്റ്. എന്നാൽ അതിലും സൂക്ഷ്മ തലത്തിൽ ഇരട്ടിപ്പിക്കാൻ കഴിയുന്ന ഡി.എൻ.എ, ആർ.എൻ.എ കണങ്ങളാണ് ജീവൻ. സ്വയം ഇരട്ടിപ്പിക്കുന്ന പ്രോട്ടീൻ കണങ്ങൾ എന്നും പറയാം.
ഇത്രയും ലളിതമായ ഒരു ജീവ ഘടനപോലും അതി സങ്കീർണ പ്രക്രിയയുടെ സംഘാതമാണ്. എന്നാൽ പുതിയ കണ്ടെത്തൽ അതിന്റെ സങ്കീർണത അൽപ്പം കുറയ്ക്കുന്നു. വളരെ അധികം തർക്കങ്ങളുള്ള അനേകം സിദ്ധാന്തങ്ങൾ ജീവനെ കുറിച്ചും ജീവോൽപ്പത്തിയെ കുറിച്ചും ഇന്നും നിലനിൽകുന്നു. സൃഷ്ടി വാദം, അബയോജെനെസിസ് തുടങ്ങി, ഭൂമി തന്നെ ജീവനുള്ളതാണ് എന്ന ഗൈയ സിദ്ധാന്തം വരെ പലതും.
ഇതിൽ അബയോജെനിസിസ് തന്നെയാണ് ഇന്ന് പൊതുവേ ശാസ്ത്രം അംഗീകരിച്ച പ്രാധാന സിദ്ധാന്തം. ജീവൻ ഇല്ലാത്ത ദ്രവ്യങ്ങളുടെ സവിശേഷ സങ്കലനം ജീവൻ എന്ന പ്രക്രിയയ്ക്ക് കാരണമായി എന്നു ഈ സിദ്ധാന്തം പറയുന്നു. എങ്ങിനെ ജീവൻ ഇല്ലാതവ ഈ സവിശേഷ സങ്കലനത്തിൽ ഉണ്ടായി? ഇവയ്ക്കും പല നിഗമനങ്ങൾ നിലവിലുണ്ട്. ആദ്യ കാലത്തെ ചൂടുള്ള കടലിലെ പ്രൈമോർഡിയൽ സൂപ്പിൽ ഇടിമിന്നലും, സൂര്യനിൽ നിന്നുള്ള അൾട്ര വയലെറ്റ് രശ്മിയും പ്രോട്ടീൻ നിർമ്മാണവും പ്രോട്ടീൻ ആർ.എൻ.എ, ഡി.എൻ.എ നിർമ്മാണവും നടന്നിരിക്കമെന്നതാണത്.
എന്നാൽ പുതിയ കണ്ടെത്തൽ ജീവൻ ഉണ്ടാവാൻ ഇത്രയും സങ്കീർണ പ്രക്രിയയോ, സമയമോ ആവശ്യമില്ല എന്നതിന് തെളിവു തരുന്നു. സമുദ്രാന്തർ ഭാഗത്തെ പാറകളിലെ മിനെറലുകളിൽ ജീവൻ രൂപം കൊള്ളാം. അവിടെയുള്ള സമൃദ്ധമായ ഇരുന്പ് ആദ്യ കാല ജീവന്റെ ഊർജോൽപ്പാദന ഉപാധിയുമാവാം. ജീവന്റെ ഊർജ ഉൽപ്പാദന പ്രക്രിയക്ക് വേണ്ട ഒക്സിഡേഷൻ ഓക്സിജൻ തന്നെ വേണം എന്നില്ല എന്ന് വരുന്നു. അല്ലെങ്കിലും ഓക്സിജൻ ആദ്യകാല ജീവന് തടസമായിരുന്നല്ലോ! ജീവനും അതിന്റെ ഉൽപ്പത്തിയും ഇത്ര ഒക്കെ പഠനം നടക്കുന്പോഴും പൂർണ പിടിയില്ലാത്ത ഒരു പ്രക്രിയയായി നമ്മുടെ മുന്പിൽ നിൽകുകയാണ്.
സൂക്ഷ്മവും സ്ഥൂലവുമായ വസ്തുക്കളെ പോലെ തന്നെ ഒരു ജൈവലോകവും ഉണ്ട് എന്നതു വസ്തുതയാണ്. ജീവൻ ജീവനുള്ളതിൽ നിന്ന് മാത്രമേ ഉരുത്തിരിയുന്നുള്ളൂ എന്നതും ഇന്നും ഒരു പ്രഹേളികയാണ്.
സൂക്ഷ്മ തലത്തിൽ ജീവനെ പല മാറ്റങ്ങൾക്കും വിധേയമാക്കാൻ നമുക്ക് കഴിയുന്നുണ്ട്. സങ്കര ഇനം, ടിഷ്യുകൾച്ചർ, ജീൻ മാറ്റൽ, ക്ലോണിംഗ് ഒക്കെ നമുക്ക് ഇന്ന് സാധിക്കുന്നു. സ്ഥൂല തലത്തിൽ എന്നാൽ ഇത്ര നിയന്ത്രണം സാധ്യമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാടു നശിപ്പിക്കാനും, കൃഷി ഉണ്ടാക്കാനും ഒക്കെ കഴിയുന്പോഴും ഒരു പൂർണ എക്കോ സിസ്റ്റം ഉള്ള വനം ഇന്നും ഉണ്ടക്കാൻ നമ്മുക്ക് സാധ്യമല്ല.
ജീവന്റെ ഉൽപ്പത്തി ആയാലും, ജൈവ വ്യവസ്ഥയായലും ഉള്ള നമ്മുടെ ഈ പരിമിതി തിരിച്ചറിയാതെയുള്ള ഏതു ഇടപെടലും വളരെ സൂക്ഷിച്ചു ചെയ്യേണ്ടതാണ് എന്ന പാഠം കൂടെ ഇത് നമ്മെ ഓർമിപ്പിക്കുന്നു.
												
										