സോഷ്യൽ എഞ്ചിനീയറിംഗിലെ പുത്തൻ‍ അജണ്ടകൾ


പങ്കജ് നാഭൻ

കേട്ടാൽ‍ മനോഹരമെന്നു തോന്നുന്ന ഒരു പദമാണ് സോഷ്യൽ‍ എഞ്ചിനീയറിംഗ്. എന്നാൽ‍ വിവര സുരക്ഷിതത്വത്തിൽ‍ (INFORMATION SECUIRTY) വ്യക്തിതികൾ‍ക്ക് എതിരായി മാനസിക കൗശല (psychological manipulation) പ്രയോഗം, അല്ലെങ്കിൽ‍ വിവരങ്ങളിൽ‍ നടത്തുന്ന അവിശ്വസ്തതയെക്കൊയാണ് ഈ വാക്ക് അർ‍ത്ഥമാക്കുന്നത്.

സാമൂഹ്യശാസ്ത്രത്തിലാവട്ടെ, ഭരണകൂടവും മറ്റ് അധികാര കേന്ദ്രങ്ങളും ഏകാധിപത്യ പ്രവണതയോടെ വ്യക്തികളെ അവരുടെ താൽപ്പര്യങ്ങൾ‍ക്ക് അനുഗുണമല്ലാത്ത പ്രവർ‍ത്തികളിൽ‍ സ്വാധീനിക്കുന്ന പ്രവർത്തനങ്ങളെയാണ് സോഷ്യൽ‍ എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നത്. ആധുനിക ലോകത്ത് ഇത്തരം സോഷ്യൽ‍ എഞ്ചിനീയറിംഗ് എങ്ങിനെ പ്രവർ‍ത്തിക്കുന്നു എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യൻ‍ സാഹചര്യം.

സമൂഹത്തിലെ അധികാര അവകാശങ്ങൾ‍ കിട്ടേണ്ട വിഭാഗം അവരുടെ തന്നെ അവകാശങ്ങൾ‍ക്ക് വിരുദ്ധമായി ചിന്തിക്കുക പ്രവർ‍ത്തിക്കുക. അതിനു വേണ്ട അജണ്ടകൾ‍ ചില ബൗദ്ധിക കേന്ദ്രങ്ങൾ‍ നിർ‍മ്മിച്ചു വിടുക. ഇവയൊക്കെ സോഷ്യൽ‍ എഞ്ചിനീയറിംഗ് ആസൂത്രണ പദ്ധതികളാണ്. സോഷ്യൽ‍ മീഡിയകളും ധാരാളം ടി.വി ചാനലുകളും ഓൺ‍ലൈൻ‍ മീഡിയയും നമ്മെ കൂടുതൽ‍ സ്വതന്ത്രരാക്കുന്ന സാദ്ധ്യത ഒരുവഴിക്ക് നൽ‍കിയെന്നത് യാഥാർ‍ത്ഥ്യമാണ്. അതാവട്ടെ ലോകത്ത് പുതിയ വിപ്ലവ സാധ്യതകളുയർ‍ത്തിയതും നാം കണ്ടു. ഇവിടെ തന്നെയാണ് ഇത്തരം സ്വാതന്ത്ര്യ സാധ്യതകളെ തടയേണ്ട ആവശ്യകതയും തൽ‍പ്പര കക്ഷികൾ‍ക്ക് ആവശ്യമാവുന്നത്. ഇവിടെയാണ് പുതിയ സോഷ്യൽ‍ എഞ്ചിനീയറിംഗ് തന്ത്രങ്ങൾ‍ വലതുപക്ഷ തിങ്ക്‌ ടാങ്കുകൾ‍ നിർ‍മ്മിക്കുന്നത്.

സതി തിരിച്ചു കൊണ്ടുവരാനുള്ള സ്ത്രീകളുടെ സമരം മുതൽ‍ ശബരിമല സമരം വരെ ഇവയെ നിരീക്ഷിച്ചാൽ‍ കൃത്യമായി ഈ അജണ്ടകൾ‍ സെറ്റ് ചെയ്യപ്പെടുന്നത് കാണാം. ഇടതു പ്രസ്ഥാനങ്ങളുടെ വളർ‍ച്ചയുടെ പഴയ കാലത്തെ ഒന്ന് ഓർ‍ത്ത്‌ നോക്കുക. അന്നത്തെ സമരങ്ങൾ‍ എന്തായിരുന്നു ? ആരായിരുന്നു അവയുടെ മുദ്രാവാഖ്യങ്ങൾ‍ ഉയർത്തിയിരുന്നത്? ജീവൽ‍ പ്രശ്നങ്ങളായിരുന്നു അന്ന് ജനത്തെ അലട്ടിയിരുന്നത്. വിദ്യാഭ്യാസം, തൊഴിൽ‍, കൃഷി ഭൂമി, വിലകയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ‍. അന്നത്തെ ഭരണ കൂടങ്ങൾ‍ കൂടുതൽ‍ ഭീകരം. പോലീസ്, എംഎസ്പി തുടങ്ങിയ ഭീകര മർ‍ദ്ദക സംഘങ്ങൾ‍. ഇന്നത്തേക്കാൾ‍ അംഗ സംഖ്യ കുറഞ്ഞ കമ്മ്യൂണിസ്റ്റ് പാർ‍ട്ടികൾ‍. എന്നാൽ‍ സമരത്തിന്റെ കാരണങ്ങൾ‍ സ്വാഭാവികമായി ഉയർ‍ന്നു വരികയും, അവിടെ അജണ്ട ജനകീയ ആവശ്യങ്ങൾ‍ മുന്നോട്ടു കൊണ്ടുവരുന്ന പ്രസ്ഥാനങ്ങൾ‍ തീരുമാനിക്കുകയും ചെയ്തു. ശരാശരി ജനത്തേക്കാൾ‍ മുന്നിൽ‍ ചിന്തിക്കുന്ന നേതാക്കൾ‍ നേതാക്കളെക്കാൾ‍ പ്രവർ‍ത്തിക്കുന്ന അണികൾ‍. രാജഭരണത്തെയും എല്ലാവിധ മർദ്ദക ഉപാധികളെയും ഇവ കടപുഴക്കി.

അങ്ങിനെ സാർ‍വ്വത്രിക സൗജന്യ വിദ്യാഭ്യാസം, ഭൂപരിഷ്കരണം, നല്ല ശന്പളം, റേഷൻ‍, പെൻ‍ഷൻ‍ തുടങ്ങി പലതും നേടി.ഇതിനൊപ്പം തന്നെ സാംസ്കാരിക നവോത്ഥാന സമരങ്ങളും അവകാശങ്ങളും പരിഷ്കരണവും നടന്നുകൊണ്ടിരുന്നു. എന്നാൽ‍ ഇന്ന് കേരള നവോത്ഥാനം പിന്തിരിഞ്ഞു നടക്കുന്നു എന്ന് വിലപിക്കുന്നവർ‍ പോലും ഇവ തിരിച്ചറിയുന്നില്ല. നവോത്ഥാനം മാത്രമല്ല, മുന്‍പ് നേടിയ അവകാശങ്ങളെല്ലാം തന്നെ തിരിച്ചെടുക്കപ്പെട്ടിട്ടുണ്ടെന്നു പോലും തിരിച്ചറിയുന്നില്ല.

സബ്സിഡി പോലും ലഭിക്കാതെ, ലോൺ‍ പെരുകി ആത്മഹത്യ ചെയ്യുന്ന കർ‍ഷകർ‍. വിദ്യാഭ്യാസം എൽ‍.കെ.ജി മുതൽ‍ തലവരി കൊടുക്കേണ്ടതായി, ഒരു ഡിഗ്രി കഴിയുന്പോഴേക്കും വിദ്യഭ്യാസ കടത്തിൽ‍ മുങ്ങിയ യുവാവ്. പെൻ‍ഷൻ‍ പോയി പങ്കാളിത്തപെൻ‍ഷൻ‍ മാത്രമുള്ള സർ‍ക്കാർ‍ ഉദ്യോഗസ്ഥൻ‍. വീട് മാത്രമല്ല വീട്ടുപകരണങ്ങളും ലോണിൽ‍ തന്നെ. ഒപ്പം ലോണിൽ‍ തന്നെയുള്ള ഒരു ആടംബര കാറുമുള്ള വ്യക്തി അയൽകാരനോടുള്ള അസൂയയും, എന്നാൽ‍ താനെന്തിന്റെയോക്കെ ഉടമയാണെന്ന മിഥ്യാഭിമാനത്തിലേയ്ക്ക് ചരുങ്ങുന്നു.

സൗജന്യ ഇന്റർ‍നെറ്റ് ലഭിക്കുന്പോഴും ജലം പോലും വില കൊടുത്തു വങ്ങേണ്ട അവസ്ഥ. മുന്‍പ് ഒരു പോലീസ് ക്രൈം ഡിറ്റാച്ചമെന്റുകാരന്റെ വല്ലപ്പോഴുമുള്ള നിരീക്ഷണത്തിൽ‍ ആയിരുന്നുവെങ്കിൽ‍ ഇന്ന് ചുറ്റിലും ക്യാമറ സർ‍വ്വീസിലും തന്റെ കൈയ്യിലെ മൊബൈലിന്റെപോലും ചാര കണ്ണിലുമാണ് എന്ന് തിരിച്ചറിയാതെ പോകുന്നു. ഇവയുടെ ഒക്കെ വികാര വിരേചനം നടത്താൻ ഒരു എഫ്.ബി പോസ്റ്റോ, വാട്സ് ആപ് ഗ്രൂപ്പോ മതിയെന്ന തോന്നലും. ഫലത്തിൽ‍ പണ്ട് പോലീസ് ലോക്കപ്പിൽ‍ മർദ്ദിച്ചാൽ‍, അന്യായമായി തടങ്കലിൽ‍ വെച്ചാൽ‍, ഏറ്റുമുട്ടൽ‍ കൊല നടത്തിയാൽ‍ ഉണ്ടാവുമായിരുന്ന സമ്മർ‍ദ്ദമൊന്നും ഇന്ന് ഒരു സർ‍ക്കാരിനുമേലും ഇല്ല എന്നതാണ് വസ്തുത.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയിൽ‍ ഉപയോഗിച്ച കരിനിയമത്തേക്കാളും ഭീകരമായ നീതി നിഷേധം ഇന്ന് സ്വാഭാവിക മായി ഏതൊരു സർ‍ക്കാരിനും ചെയ്യാൻ‍ കഴിയുന്നു എന്നത് പോലും തിരിച്ചറിയപ്പെടുന്നില്ല. ഇവിടെയാണ്‌ നവോത്ഥാനമല്ല സാമൂഹിക അവസ്ഥ തന്നെയാണ് തിരിച്ചു പോയത് എന്ന് തിരിച്ചറിയേണ്ടത്.

ഏതൊക്കെ മേഖലകളിൽ‍ ഇത് സംഭവിച്ചു? മാധ്യമങ്ങൾ‍: സർ‍ക്കാർ‍ സീൽ വെച്ചാലും കല്ലച്ചിൽ‍ അടിച്ചു വിതരണം ചെയ്ത മാധ്യമ പ്രവർത്തകർ‍ക്ക് പകരം, പെയ്ഡ് ന്യൂസും, വൈകാരിക വാർ‍ത്തകളും പടച്ചു ലാഭത്തിനു മത്സരിക്കുന്ന പ്രിന്റു മീഡിയകൾ‍, ആവശ്യത്തിൽ‍ കൂടുതലുള്ള ടി.വി ചാനലുകൾ‍. ഇതിൽ‍ മുഖം കാണിക്കാൻ‍ മത്സരിക്കുന്ന സമൂഹിക സാംസ്‌കാരിക നായകന്മാർ‍.അവാർ‍ഡും, ലാവണങ്ങളും ലക്ഷ്യമാക്കിയ സാഹിത്യകാരൻമാർ‍. എം.എൽ‍.എ, എം.പി ഒക്കെ ആയി മൂന്ന് വർഷം ജോലി ചെയ്‌താൽ ഭേദപ്പെട്ട പെൻ‍ഷൻ‍, അല്ലങ്കിൽ‍ മിനിമം ഒരു പേഴ്‍സണൽ‍ സ്റ്റാഫ് എങ്കിലുമാവുകയെന്നത് ലക്ഷ്യമാക്കിയ രാഷ്ട്രീയ പ്രവർ‍ത്തനം.

ഡിസാെസ്റ്റർ‍ പൊളിറ്റിക്സ് എന്ന മറ്റൊരു മേഖല കൂടെ തുറന്നിട്ടുണ്ട്. ലോകത്ത് കാലാവസ്ഥ വ്യതിയാനം, ചുഴലി, കാട്ടുതീ, വെള്ളപ്പൊക്കം ഇവയൊക്കെ വർദ്ധിച്ചിരിക്കുകയാണല്ലോ. ഇതിൽ‍ എങ്ങിനെ ലാഭമുണ്ടാക്കാമെന്ന് കണക്കുകൂട്ടി പ്രവർ‍ത്തിക്കുന്ന കൺസൽട്ടൻസി മുതൽ‍ നിർ‍മ്മാണ കന്പനികൾ‍ വരെ. ഇങ്ങനെ അടിസ്ഥാന മേഖലയിൽ‍ എല്ലായിടത്തും ജനപക്ഷ രാഷ്ട്രീയത്തിനു പകരം എന്തും അടിച്ചേൽ‍പ്പിക്കാനാവശ്യമായ ആശയ ഉത്പാദനം നടത്തുന്ന തിങ്ക്‌ ടാങ്കുകളുടെ അജണ്ട നിർ‍മ്മാണം, എന്നാൽ‍ ഈ ദുരന്തം മുഴുവൻ‍ ഏറ്റുവാങ്ങുന്ന ജനത്തിനെ കൊണ്ട് തന്നെ സമ്മതം മൂളിക്കുന്ന സോഷ്യൽ‍ എഞ്ചിനീയറിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇടതു പക്ഷവും, മറ്റു ജാനാധിപത്യ ശക്തികളും ഇത് തിരിച്ചു അറിയാതെയും, അറിയുന്നവരവാട്ടെ ഇതിന്റെ ഒക്കെ ഭാഗമായുള്ള ഗുണഭോക്താക്കളായി മാറിയും, ഫാസിസം, ഫാസിസം എന്ന് വിളിച്ചു പറയുന്പോഴും അതിന്റെ വളർ‍ച്ചയ്ക്കുള്ള ഉപാധികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed