രാഷ്ട്രീയ കാപട്യവും ജനങ്ങളും


പങ്കജ് നാഭൻ 

ശ്രീ രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർ‍ശനം അതിന്റെ ജന പങ്കാളിത്തം കൊണ്ടും അദ്ദേഹത്തിന്റെ പ്രസംഗം കൊണ്ടും ഗംഭീരമായി. ബി.ജെ.പി യുടെഭരണം, അത് നൽ‍കിയ പ്രത്യാശയൊക്കെ അസ്തമിച്ച ജനത്തിന്റെ പ്രതികരണമായി ഇതിനെ കാണാം.

“ഞാൻ‍ നിങ്ങളോട് ചോദിക്കാനല്ല, നിങ്ങളെ കേൾ‍ക്കാനാണ് വന്നത്” എന്ന അദ്ദേഹത്തിന്റെ വാചകങ്ങൾ‍ ഇന്ത്യൻ‍ ജനാധിപത്യത്തിന്‍റെ പ്രത്യാശ കൂടെയാണ്. എന്നാൽ‍ രാഷ്ട്രീയക്കാർ‍ ഇലക്ഷൻ‍ അടുക്കുന്പോൾ‍ ജനത്തിന് വാഗ്ദാനം പലതും നൽകും അവ നടപ്പിലാക്കുമെന്നു ജനത്തിനോ, നടപ്പിലാക്കാമെന്ന നിർ‍ബന്ധം നേതാക്കൾ‍ക്കോ ഇല്ല എന്നതാണ് പൊതു ബോധം. അതല്ലെങ്കിൽ‍ ഇന്ത്യയിൽ‍ ഇന്നുവരെ ഇലക്ഷനുകളിൽ‍ ഇറക്കിയ മാനിഫെസ്റ്റോകളിലെ പകുതിയെങ്കിലും നടപ്പിലാക്കിയിരുന്നുവെങ്കിൽ‍ രാജ്യം ഇന്ന് ഏതു നിലയിലെത്തുമായിരുന്നു എന്ന് ആലോചിച്ചു നോക്കാവുന്നതാണ്.

ഓഷോ തന്റെ ‘കമ്മ്യുണിസവും ധ്യാനവും’ എന്ന കൃതിയിൽ‍ ഇന്ത്യൻ‍ ജനതയുടെ ഹിപ്പോക്രസിയെ കുറിച്ച് പറയുന്നുണ്ട്. എംഎൻ‍ റോയിയുമായുള്ള സംഭാഷണം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

എംഎൻ‍ റോയ് ഇന്ത്യയിൽ‍ എത്തിയ കാലം. അദ്ദേഹം റഷ്യൻ‍ വിപ്ലവത്തിലും അതിനു ശേഷം റഷ്യൻ‍ പോളിറ്റ് ബ്യുറോയിലും ഒക്കെ അംഗമായിരുന്ന ലോക വിപ്ലവകാരി. ഇന്ത്യൻ‍ വിപ്ലവത്തെ കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ത്യ എന്നും ത്യാഗത്തിന്റെയും ഭൌതിക നിരാസത്തിന്റെയും ആത്മത്യാഗ ത്തിന്റെയുമൊക്കെ ഇടമായത് കൊണ്ട്, സമത്വം അതിനു വേണ്ടിയുള്ള വിപ്ലവത്തിന് പെട്ടന്നു ജനപിന്തുണയ്ക്ക് സാധ്യതയുണ്ട് എന്നതായിരുന്നു ഇന്ത്യയിൽ‍ വരുന്പോൾ‍ റോയിയുടെ ധാരണ.

എന്നാൽ‍ ഓഷോ പറയുന്നത് ഇന്ത്യൻ‍ ജനത അതൊക്കെ പുറത്തും, ഉള്ളിൽ‍ ആർ‍ത്തിയുടെയും പണാസക്തിയുടെയും ഒക്കെ പിറകേയുമാണ് എന്നാണ്. റോയ് പിന്നീടുള്ള ജീവിതത്തിൽ‍ അത് ഇന്ത്യയിൽ‍ അനുഭവിച്ചതും അതിന്റെ അടിസ്ഥാനത്തിൽ‍ ഓഷോ ഉണ്ടാക്കിയ കഥയുമാവാമത്.

ഇന്ത്യൻ‍ രാഷ്ട്രീയത്തിൽ‍ എന്നും എല്ലാ പാർ‍ട്ടികളും ഇത്തരം കാപട്യം കൊണ്ട് നടന്നതും കാണാം. വാഗ്ദാന ലംഘനങ്ങൾ‍, അഴിമതി ഇവയുടെ കൂത്തരങ്ങായി മുഖ്യധാരാ പാർ‍ട്ടികൾ‍ അരങ്ങു തകർ‍ത്തത് ഇന്ത്യൻ‍ ചരിത്രത്തിൽ‍ നിറയെ കാണാം.

ലോക ചരിത്രത്തിലെ വ്യത്യസ്ഥ വ്യവസ്ഥകളെ വിശകലനം ചെയ്ത കാൾ‍ മാർ‍ക്സ് ആവട്ടെ മുതലാളിത്തത്തിന്റെ ഒരു പ്രത്യേകതയായി കാണുന്നതും ഇതിനു തുല്യമായ ഒരു പ്രക്രിയയാണ്. ഇതുവരെയുള്ള എല്ലാ വ്യവസ്ഥയിലും ചൂഷണം അടിസ്ഥാനമാണ് എങ്കിലും മുതാളിത്ത ചൂഷണം വളരെ ഗോപ്യമാണ് എന്നതാണത്. ഒരു ഫ്യുഡൽ‍ ഉടമ, അടിയാളനെ ചൂഷണം നടത്തുന്നത് നേരിട്ടാണ് എങ്കിൽ‍ മുതലാളിയുടെ ചൂഷണം പരോക്ഷമാണ്. ഒരു തൊഴിലാളി ന്യായമായ കൂലി തനിക്കു ലഭിക്കുന്നു എന്ന് കരുതുന്നത് അത്തരം ഒരു പരോക്ഷ ചൂഷണ രീതിയായത് കൊണ്ടാണ്.

അതുകൊണ്ട് തന്നെ ഇന്ത്യൻ‍ ജനതയ്ക്ക് എല്ലാവിധത്തിലും മുതലാളിത്തവുമായി ഒത്തു പോവാൻ‍ വലിയ ബുദ്ധിമുട്ടില്ല. നേതാക്കൾ‍ക്ക്‌ ജനത്തെ കബളിപ്പിക്കാനും. ഫ്രാൻ‍സിൽ‍ കഴിഞ്ഞ മാസം വലിയ കലാപങ്ങൾ‍ ഉണ്ടായി. കാരണം മറ്റൊന്നുമല്ല പെട്രോൾ‍ വില വർ‍ദ്ധന. എന്നാൽ‍ ഇന്ത്യയിൽ‍ ഇതൊക്കെ ജനം വളരെ സമാധാനപരമായി സഹിക്കുന്നു.

ഇവിടെയാണ്‌ വിഷയാരംഭത്തിൽ‍ പറഞ്ഞ രാഷ്ട്രീയ കാപട്യ പ്രശ്നം. രാഹുൽ‍ ഗാന്ധി മനോഹരമായി പ്രസംഗിക്കുന്നിടത്തു ഒന്നും തന്നെ ഇന്ത്യൻ‍ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾ‍ മുന്നോട്ടു വെയ്ക്കുന്നില്ല എന്ന് കാണാം. കാരണം വ്യക്തം. ഇന്ത്യയിൽ‍ ഇന്ന് മോഡി കൊണ്ടുനടക്കുന്ന എല്ലാ രാഷ്ട്രീയ നയവും കോൺഗ്രെസ്സു തന്നെ കൊണ്ട് വന്നതാണ് എന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. കാർ‍ഷിക സബ്സിഡി എടുത്തു കളഞ്ഞത്, പെട്രോൾ‍ വില നിശ്ചയ അധികാരം കന്പനികൾ‍ക്ക് കൊടുത്തത്, ജി.എസ്.ടി, ആധാർ‍, എന്തിനു ഗോവധ നിരോധം വരെ. മോഡിയുടെ കൂടെ അതോടോപ്പം ഹിന്ദുത്വ അജണ്ട കൂടെയുണ്ട് എന്ന് മാത്രം. അതും ആത്മാർ‍ത്ഥമായല്ല കുറേ വോട്ടു നേടാൻ‍ മാത്രം.

ഇതൊരു കോൺഗ്രെസ്സിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യൻ‍ ജനതയുടെ തന്നെ പ്രത്യേകതയാണ്. രാഷ്ട്രീയക്കാർ‍ ശരിയല്ല എന്നതാണ് പോതുവെ ഭൂരിപക്ഷവും സംഭാഷണങ്ങളിൽ‍ പറയുക. എന്നാൽ‍ ഇലക്ഷന് ‘ക്യു’ നിന്ന് തങ്ങളുടെ പാർട്ടികൾ‍ക്ക് വോട്ടു ചെയ്യാനും ഇതേ ജനം മത്സരിക്കുന്നത് കാണാം.

രാഷ്ട്രീയ നേതാക്കളെ മൊത്തത്തിൽ‍ അപലപിക്കുന്ന അതേ ജനം തന്നെയാണ് ഈ പ്രവർ‍ത്തി ചെയ്യുന്നത്. ഫലത്തിൽ‍ രാഷ്ട്രീയത്തിലെ കാപട്യം എന്നത് നേതാക്കളുടെയല്ല, മറിച്ച് ഇത്തരം ജനത്തിൽ‍ നിന്ന് ഉയർ‍ന്നു വരുന്ന നേതാക്കളുടെ സ്വഭാവിക പരിണിതി മാത്രമാണ്. അതുകൊണ്ട് തന്നെ ഇടതും, വലതും, ഫാസിസവും ഒന്നും തന്നെ വ്യക്തമായി തിരിച്ചറിയാൻ‍ പറ്റാത്ത നിലയിലാണ് ഇന്ത്യൻ‍ രാഷ്ട്രീയം ഇന്ന് എത്തി നിൽക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed