വേണ്ടത് ഒരു ആക്ഷൻ ഹീറോ ഗാന്ധിയെ


സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ ഗാന്ധിയൻ ആശയങ്ങൾ കടമെടുത്ത് ഒരു മാറ്റത്തിനായി അണ്ണാ ഹസാരെ ഡൽഹി നഗരത്തെ ഇളക്കി മറിച്ചത്. മാർക്സിനെയും ലെനിനേയും, സ്റ്റാലിനെയും ഇരു കൈ നീട്ടി സ്വീകരിച്ച ഇന്ത്യയിലെ ഒരു ബുദ്ധി ജീവി സമൂഹം പാടെ മറന്ന് പോയത് സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്.

1818ൽ മാർക്സ് ജനിക്കുകയും, 1869ൽ ഗാന്ധിജി ജനിക്കുകയും ചെയ്തു. ഇതിനിടയിൽ ജനിച്ച സിഗ്്മണ്ട് ഫ്രോയിഡാണ് മനുഷ്യമനസ്സിനെക്കുറിച്ചും അതിലെ നിഗൂഢതകളെക്കുറിച്ചും ചില ഗവേഷണങ്ങൾ നടത്തിയത്. മാർക്സ് ഭൗതികമായ  വൈരുദ്ധ്യാത്മകതയെക്കുറിച്ച് മാത്രം ചിന്തിക്കുകയും, തൊഴിലാളി കേവലം ഒരു ഉത്പാദന പ്രക്രിയയ്ക്കു ആധാരമായ ഒരു ഘടകവും മാത്രമാണെന്ന് കരുതി.

മാർക്സ് കമ്യൂണിസത്തിലൂടെ സ്വപ്നം കണ്ടത് ഒരു സോഷ്യലിസ്റ്റിക്‌ ജനതയെ വാർത്തെടുക്കുക അതുവഴി കമ്യൂണിസം കൈവരിക്കുക എന്ന സ്വപ്നം തന്നെയായിരുന്നു. മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യവും ഇത്തരമൊരു സോഷ്യലിസ്റ്റ് സമൂഹത്തെ തന്നെയാണ് വിഭാവനം ചെയ്തത്.

മാർക്സ് കാണാത്ത മനുഷ്യ മനസ്സിനെ അല്ലെങ്കിൽ ആത്മീയതയെ തിരിച്ചറിഞ്ഞതാണ് ഗാന്ധിജിയുടെ വിജയം. ഒരു പരിധി വരെ മാർക്സിസത്തിൽ നിന്ന്  വൈലൻസ് ഒഴിവാക്കിയാൽ ഗാന്ധിസമായി എന്ന് പറയാം.

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായ ഗ്രാമങ്ങളും പ്രകൃതി വിഭവങ്ങളുടെ തുല്യ വിതരണവും, ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവാനുള്ള ഓരോ പൗരന്റെ അവകാശവും, സത്യസന്ധരായ നേതാക്കളും  സുതാര്യമായ ഭരണവുമൊക്കെ ഗാന്ധിജിയുടെ പിൻമുറക്കാർ എന്ന് അവകാശപ്പെട്ടവർ മറന്നതാണ് ഇന്ത്യയുടെ വികസനത്തിനും ഗാന്ധിസത്തിനും  തടയിട്ടത്.

കള്ളപ്പണവും, അഴിമതിയും, ദുർ ഭരണവും മടുത്ത ജനം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്പോഴാണ് പെട്ടിയിൽ പൂട്ടിക്കെട്ടി വെച്ച ഗാന്ധിയൻ ആശയങ്ങൾ അണ്ണാ ഹസാരെ തുറന്ന് വിട്ടത്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗം ഏറെ പ്രതീക്ഷകളോടെയായിരുന്നു അത്തരമൊരു മുന്നേറ്റത്തെ നോക്കി കണ്ടത്.

അണ്ണാ ഹസാരെയ്ക്ക് ഒരു അഭിനവ ഗാന്ധിയുടെ മുഖം കൈവരിച്ചപ്പോഴേക്കും കൂടെയുണ്ടായിരുന്ന അരവിന്ദ് കേജരിവാൾ നെഹ്്റുവിന്റെ മുഖംമൂടി കടമെടുത്ത് തുടങ്ങിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി മാസങ്ങൾക്കുള്ളിൽ മഹാത്മജി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ പിന്നീട് ഇന്ത്യൻ ജനത കാണേണ്ടി വരുമായിരുന്നത് ഗാന്ധിജിയും നെഹ്റുവും തമ്മിലുള്ള ആശയപരമായ ഏറ്റുമുട്ടലുകൾ ആയിരുന്നു. 

ഒരു രാജ്യത്തിന്റെ ഭരണ ചക്രത്തെ ‘മോണിറ്റർ’ ചെയ്യുന്ന ഒരു ‘മോറൽ പോലീസിംഗ്’ ആയിരുന്നു അണ്ണാ ഹസാരെ നോട്ടമിട്ടിരുന്നതെങ്കിൽ അരവിന്ദ് കേജരിവാൾ ലക്ഷ്യമിട്ടത് അധികാരം തന്നെയായിരുന്നു. 

അരവിന്ദ് കേജരിവാൾ ഒരു ഒഴുക്കിൽ പൊങ്ങി വന്ന നേതാവാണ്‌.  വിദ്യാഭ്യാസ യോഗ്യതയും, സത്യസന്ധതയും ഉണ്ടായാൽ മാത്രം ഒരു ഭരണത്തലവൻ ആകുവാൻ പറ്റില്ല. ആം ആദ്മി പാർട്ടിക്ക് ഇന്ത്യ മുഴുവൻ വേരുകൾ ഉണ്ടാകാനുള്ള അവസരം അണ്ണാ ഹസാരെ സൃഷ്ടിച്ചിരുന്നു. കേജരിവാളാകട്ടെ  പാർട്ടിയെ  ചുറ്റിപറ്റി ഡൽഹിയിൽ മാത്രം കറങ്ങുകയും പാർട്ടിയെ കേവലം ഒരു സംസ്ഥാനത്തേയ്ക്ക്  മാത്രമായി തളച്ചിടുകയും ചെയ്തു.

മലയാള സിനിമകളിൽ ഹാസ്യ താരങ്ങളായി കടന്ന് വന്ന ജഗദീഷും, കലാഭവൻ മണിയും, സുരാജ് വെഞ്ഞാറമൂടും കുറച്ച് മാസങ്ങൾ  മാത്രം നായകന്മാരായി വെള്ളിത്തിരയിൽ തിളങ്ങിയ പോലെ ഒരു അവസ്ഥയാണ് കേജരിവാളിനും വന്നിരിക്കുന്നത്.

നായകനാണോ എന്ന് ചോദിച്ചാൽ അതേയെന്നും, അല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നും പറയുവാൻ തോന്നുന്ന ഒരു അവസ്ഥയാണ് കാണികളുടെ മനസ്സിലും കേജരിവാളിനെകുറിച്ചുള്ളത്. ഇന്ത്യയെ നയിക്കുവാനുള്ള ഒരു ദേശീയ പാർട്ടിയായി ആം ആദ്മിയെ മുന്നോട്ട് കൊണ്ട്പോകാനുള്ള ചിന്തയും കഴിവും പ്രാപ്തിയും അരവിന്ദ് കേജരിവാളിനില്ല. അതിനു പറ്റുന്ന, ആകാശത്തേയ്ക്ക് പറന്നുയർന്ന് ഇന്ത്യയെ ഒറ്റ നോട്ടത്തിൽ പഠിക്കുവാനും കാര്യങ്ങൾ ഗ്രഹിക്കുവാനുമുള്ള കഴുക കണ്ണുള്ള ഒരു രാഷ്ട്രീയ ജ്ഞാനമുള്ള ഭരണ നൈപുണ്യമുള്ള ഒരു നേതാവ് ഈ പാർട്ടിക്ക് വേണം.

മഹാത്മജി ഇന്ത്യ മുഴുവൻ കറങ്ങി നാട്ടുരാജാക്കന്മാരെ അനുയോജിപ്പിച്ചു ഭാരതത്തെ ഒറ്റ രാജ്യമാക്കി മാറ്റിയത് പോലെ ചിന്തിക്കുവാനുമുള്ള ദീർഘവീക്ഷണം ഉള്ള ഒരു നേതാവിന്റെ അസാന്നിദ്ധ്യം ഈ പാർട്ടിയിൽ  പ്രകടമാണ്. കേരളത്തിലും പാർട്ടിയുടെ അനുയായികൾ രാഷ്ട്രീയപരമായ പ്രശ്നങ്ങളോട് പ്രതികരിക്കുവാൻ ഉപയോഗിക്കുന്ന പഴഞ്ചൻ രീതികളും ഉണങ്ങിയ പ്രസ്താവനകളും വലിയ പ്രതീക്ഷകളൊന്നും നമുക്ക് നൽകുന്നില്ല.

മഹാത്മാ ഗാന്ധി കൊണ്ട് വന്ന സമരമുറകളും ഭരണതന്ത്രങ്ങളും അതേപോലെ കടമെടുത്താൽ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വളരെയധികം സാദ്ധ്യതകൾ ഉള്ള പാർട്ടിക്ക് വേര് മുളക്കണമെങ്കിൽ അവർ ഒരു യഥാർത്ഥ ഗാന്ധിയനെ നേതാവായി തിരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

You might also like

Most Viewed