ഫയൽസിനും പൈൽസിനും അവാർഡുകൾ നൽകുന്നവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല: പ്രകാശ് രാജ്
                                                            ഷീബ വിജയൻ
ഷീബ വിജയൻ : മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാതിരുന്നത് അവർ മമ്മൂട്ടിയെ അർഹിക്കാത്തതുകൊണ്ടാണെന്ന് നടൻ പ്രകാശ് രാജ്. 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. "കേരളാ സർക്കാർ എന്നെ വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി. കാരണം, ദേശീയ പുരസ്‌കാരങ്ങളിൽ അതല്ല സംഭവിക്കുന്നത്. അവിടെ ഫയൽസും പൈൽസുമാണ് അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല"- പ്രകാശ് രാജ് പറഞ്ഞു. ദേശീയ അവാർഡ് നിർണയത്തിൽ കേരള ഫയൽസ്(2022), കേരള സ്റ്റോറി (2023) എന്നീ സിനിമകൾക്ക് ലഭിച്ച അംഗീകാരത്തെ വിമർശിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്‍റെ പരമാർശം. മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. സീനിയർ ആയതുകൊണ്ടല്ല മമ്മൂട്ടിയെ പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. മികച്ച കുട്ടികളുടെ സിനിമക്കോ ബാലതാരത്തിനോ പുരസ്‌കാരം നൽകാൻ കഴിയാത്തതിലുള്ള വിഷമവും അദ്ദേഹം പങ്കുവച്ചു. സ്ത്രീകേന്ദ്രീകൃത സിനിമകൾക്ക് സമൂഹം സമയം നൽകിയത് പോലെ, കുട്ടികളുടെ ലോകത്തെക്കുറിച്ച് മനസിലാക്കാനും കഴിയണമെന്നും പ്രകാശ് രാജ് പറഞ്ഞു.
sdsfds
												
										
																	