അടിച്ചു മോനേ...

കഴിഞ്ഞ ദിവസം തിരക്കിട്ടൊരു ജോലി തീർക്കുന്നതിനിടെയായിരുന്നു ആ കോളെത്തിയത്. ഫോണിലെത്തുന്ന ഏതു കോളും എടുക്കുന്നതിൽ വിമുഖതയില്ലാത്തതിനാൽ തിരക്കിനിടയിലും ഫോണെടുത്തു. സാധാരണ കോളല്ല. ഐ.എം.ഒയെന്നും ഇമോയെന്നും ഒക്കെ വിളിക്കപ്പെടുന്നൊരു ക്രോസ് പ്ലാറ്റ് ഫോം വീഡിയോ കോളിംഗ് സംവിധാനം വഴിയുള്ള വിളിയാണ്. നന്പറല്ല പേരാണ് സ്ക്രീനിൽ തെളിഞ്ഞിരിക്കുന്നത്. വിവ വിവ വിവ എന്നയാളാണ് വിളിക്കുന്നത് എന്നു ഫോണെടുത്തപ്പോഴേ പിടികിട്ടി. പക്ഷേ ആരാണീ വിവ വിവയെന്നു മാത്രം മനസ്സിലാകുന്നില്ല, അങ്ങനെയൊരു പരിചയക്കാരൻ ഓർമ്മയിൽ എങ്ങുമില്ല. വിശ്രുത ക്രിക്കറ്റർ വിവ് റിച്ചാർഡ്സിനെപ്പോലെ വല്ല വെസ്റ്റിൻഡീസുകാരോ മറ്റോ ആകാനും മതി. സാധാരണയായി ഐ.എം.ഒയിൽ വീഡിയോ കോളുകളാണ് വരാറുള്ളത്. ഇത് അങ്ങനെയല്ല. വോയ്സ് കോളാണ്.
ചിന്തകൾ നിമിഷാർത്ഥങ്ങൾ കൊണ്ടു തീർത്തു തിടുക്കത്തിൽ ഫോണെടുത്തു. ആരായാലും സംസാരം പെട്ടെന്നു തീർത്തിട്ടു ബാക്കി ജോലി ചെയ്യാനുള്ളതാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ആംഗ്യാനുവാദം വാങ്ങി ഭവ്യതയോടേ ആദ്യ ഹലോയിലൂടെ അപരിചതനെ അഭിവാദ്യം ചെയ്തു.
“ഹലൊ... കൺഗ്രറ്റുലെഷൻസ്... ആപ് വിവ കൊെസ്റ്റമൊർ ഹെ... ആപ്നേ ബീസ് ഹസാർ ദിനാർ കേ വിവ ബംബർ റഫിൾ ജീത് ഗയാ...” എൻ്റെ ആദ്യാഭിവാദ്യത്തിനുള്ള ആഗതൻ്റെ മറുപടിതന്നെ ഇത്രത്തോളം ദീർഘിച്ചതായിരുന്നു. ഒറ്റ ശ്വാസത്തിലായിരുന്നു കക്ഷി അതു പറഞ്ഞു തീർത്തത്. ഒരു വല്ലാത്ത ധൃതി ആ ശബ്ദത്തിലുണ്ടായിരുന്നു. ഏതായാലും ആൾ വിൻഡീസ് മുൻ നായകനോ അദ്ദേഹത്തിൻ്റെ നാട്ടുകാരോ ഒന്നുമല്ല. ഐ.എം.ഒ ആയതിനാൽ കോൾ അത്ര ക്ലിയറല്ല. എങ്കിലും ആക്സൻ്റ് വച്ചു നോക്കുന്പോൾ ഒരു ബംഗാളിച്ചുവ. സംസാര മാദ്ധ്യമം ഹിന്ദിയാണെങ്കിലും അതത്ര ശുദ്ധ ഹിന്ദിയുമല്ല. ശരിക്കു കേൾക്കുന്നില്ല, ഒന്നുകൂടി വ്യക്തമായി പറയൂ എന്ന എൻ്റെ മറുപടി ചെന്നതും മറുവശത്തുള്ളയാൾ ഒന്നു ശ്വാസം വിട്ടെന്ന പോലെ സംസാരിച്ചു തുടങ്ങി. അവിയൽ പരുവത്തിലുള്ള ആ സംഭാഷണം അതേപടി പുനസൃഷ്ടിക്കുന്നതു ശ്രമകരമായതിനാൽ മലയാള പരിഭാഷയിലേക്കു തിരിയുന്നു.
“താങ്കൾക്ക് വിവ റാഫിൾ മൽസരത്തിൽ ഇരുപതിനായിരം ദിനാർ അടിച്ചിരിക്കുന്നു. തൊട്ടടുത്ത ബി.എഫ്.സി ബ്രാഞ്ചിൽ നിന്നും സി.പിആറു കൊടുത്താൽ പണം വാങ്ങാം. അതിൻ്റെ കൺഫർമേഷനു വേണ്ടി താങ്കളുടെ സി.പിആർ നന്പറും പിൻ നന്പറും പറയുക...”
നന്പറാണ് സംഗതിയെന്ന് ആദ്യം തന്നെ മനസ്സിലായിരുന്നു. കാരണം രാജ്യത്തെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളായ വിവ സ്വന്തം കസ്റ്റമറെ വിളിക്കാൻ ഐ.എം.ഒ ഉപയോഗിക്കില്ല. മാത്രമല്ല അവരുടെ കോളർ ഐ.ഡി ഒരിക്കലും വിവ വിവ വിവ എന്നാവില്ലെന്നുമുറപ്പ്. എന്റെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് അടുത്തുണ്ടായിരുന്ന സുഹൃത്തു കൃഷ്ണകുമാർ പറഞ്ഞു:− “ആ ബംഗാളിയോടു പറയേണ്ട ഭാഷ വേറെയാ സത്യേട്ടാ. അവനോടു വച്ചിട്ടു പോവാന്പറ.” എന്നാൽ തട്ടിപ്പിന്റെ രീതിയറിയുക എന്നതു തന്നെയായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട് ഒരൽപ്പം സമയം പോയാലും സാരമില്ല, കൃഷ്ണകുമാറിനെ കൈകാട്ടി സമാധാനിപ്പിച്ച് ഞാൻ സംഭാഷണം തുടർന്നു.
“സമ്മാന വിവരം പറഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഞാനെന്തു ചെയ്യണമെന്നാണ് താങ്കൾ പറഞ്ഞത്?”
“താങ്കൾ ബി.എഫ്. സി ബ്രാഞ്ചിൽ ചെന്നാൽ മതി. കാശു കിട്ടും. ഇപ്പോൾ സി.പിആർ നന്പറും പിൻ നന്പറും പറയുക...”
“അതിനെന്തിനാണ് സി.പിആർ നന്പറും പിൻ നന്പറും?”
“താങ്കൾ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ നിൽക്കാതെ സി.പിആർ നന്പറും പിൻ നന്പറും പറയുക... നിങ്ങൾക്ക് 20000 ദിനാർ വേണ്ടെന്നുണ്ടോ?
താങ്കളുടെ പോരെന്താണ് എന്റെ ചോദ്യത്തിന് അയാളൊരു പേരു മറുപടിയായിപ്പറഞ്ഞു. ഒപ്പം താനും ഇന്ത്യക്കാരനാണെന്നും കൂട്ടിച്ചേർത്തു.
“എവിടെ നിന്നാണു വിളിക്കുന്നത്?
“സൗദിയിൽ നിന്നാണ്. സൗദി വിവയ്ക്കാണ് റാഫിളിന്റെ ചുമതല...” സി.പിആർ നന്പറും പിൻ നന്പറും പറയാനുള്ള പതിവ് അഭ്യർത്ഥന പിന്നാലെയെത്തി. എന്റെ സി.പിആർ കയ്യിലെടുക്കാൻ മറന്നെന്ന കള്ളം പറഞ്ഞപ്പോൾ എന്നാൽ പിൻനന്പർ ഉടൻ പറയൂ എന്ന നിർദ്ദേശമെത്തി. ഭവ്യതയൊട്ടും കുറയ്ക്കാതെ “അതൊന്നും എന്റെ ഓർമ്മയിലില്ല എന്താ ചെയ്ക, എന്ന എന്റെ അന്വേഷണത്തിന് എന്നാൽ ഞാൻ ഹോൾഡു ചെയ്യാമെന്ന മറുപടി.
“ഹോൾഡു ചെയ്തിട്ടു കാര്യമില്ല, ഒരു കാര്യം ചെയ്യൂ. താങ്കളുടെ ഫോൺ നന്പർ തരൂ. ഞാൻ അങ്ങോട്ടു വിളിച്ച് വിവരങ്ങളെല്ലാം ഒന്നിച്ചു തരാം” എന്ന നിർദ്ദേശം ഞാൻ മുന്നോട്ടു വെച്ചു.
“താങ്കളാദ്യം സി.പിആർ നന്പറും പിൻ നന്പറും തരൂ... എന്നതായിരുന്നു അത്ര ആവേശവും ധൃതിയുമില്ലാത്ത മറുപടി. താങ്കൾക്ക് പണത്തിൽ അത്ര താൽപ്പര്യമില്ലെന്നു തോന്നുന്നു...”
“അങ്ങനെയല്ല... ഞാൻ...” എന്ന് തുടങ്ങി ആ സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ ഞാൻ ശ്രമം തുടങ്ങുന്പോഴേക്കും എന്റെ സി.പിആർ നന്പറും പിൻ നന്പറും തട്ടിയെടുക്കുകയെന്ന തന്ത്രം നടപ്പാകില്ലെന്നു തിരിച്ചറിഞ്ഞ ആ വിരുതൻ ഫോൺ കട്ടു ചെയ്തു കഴിഞ്ഞിരുന്നു. വൻതുക സമ്മാനമെന്ന ഞെട്ടലിന്റെ തേരിലേറ്റി പാവങ്ങളുടെ സി.പിആർ നന്പറും പിൻ നന്പറും ചോർത്തി വൻ തട്ടിപ്പു നടത്തുന്ന വ്യക്തിയോ വലിയ സംഘത്തിലെ അംഗമോ ആണയാൾ.
ഭൂമിമലയാളത്തിലെ രാഷ്ട്രീയക്കാരെക്കാൾ വലിയ തട്ടിപ്പുകാർ ഇവിടെ പ്രവാസ ഭൂമിയിൽ നമുക്കു ചുറ്റുമുണ്ട്. ജാഗ്രതൈ.