പുണ്യങ്ങളുടെ പൂക്കാലം


സയ്യിദ് ഫക്രുദ്ധീൻ കോയ തങ്ങൾ. തേങ്ങാപട്ടണം ( പ്രസിഡന്റ് - സമസ്ത ബഹ്‌റൈൻ )

അല്ലാഹുവിന്റെ വചനം : '' അല്ലയോ സത്യവിശ്വാസികളേ ഇതിന് മുമ്പുള്ള ജനതകളിൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെമേൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയഭക്തി ഉള്ളവരായി തീരുവാൻ വേണ്ടി '' (അൽബഖറ : 183). പ്രവാചക വചനം : '' കളവ് പറയുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും ആരെങ്കിലും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്‍പര്യവും ഇല്ല. '' ( ബുഖാരി ). ഇഹപരവിജയത്തിനു വേണ്ടി ലോകമെമ്പാടുമുള്ള മുസ്ലിം ജനത വ്രതം അനുഷ്‌ഠിച്ചുകൊണ്ട് കഠിനപരിശ്രമം ചെയ്യുന്ന ഒരു മാസക്കാലമാണ് റംസാൻ മാസം. ഒരു പ്രത്യേക കാലയളവില്‍ ഒരു പ്രത്യേക രീതിയിൽ പ്രത്യേക സുഖങ്ങളെ ത്യജിച്ചുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കുവാന്‍ ചെയ്യുന്ന കര്‍മ്മമാണ് പരിശുദ്ധ ഖുർ ആൻ നോമ്പ് എന്നുള്ള വാക്ക്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഈ നോമ്പ് ലോകാവസാനം വരെയുള്ള മുസ്ലിം ജനത അനുഷ്‌ഠിക്കണമെന്ന് കല്പിച്ചപ്പോൾ പറഞ്ഞ ഖുര്‍ ആനിലെ വാചകങ്ങൾ '' ഭയഭക്തിയുള്ളവരായി തീരുവാൻ വേണ്ടി നിങ്ങളുടെ മേൽ നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു'' എന്നാണ്. നമുക്കറിയാം ഇതിൽ നോമ്പുകാരന്റെ ഒരു മാസകാലത്തെ ആഹാരപാനീയങ്ങളും അതോടൊപ്പം ഒരുപാട് സുഖങ്ങളെയും ഉപേക്ഷിച്ചുകൊണ്ടുള്ള ഈ നോമ്പിന് പ്രവാചകന്‍ പറഞ്ഞ വിവക്ഷ കളവ് പറയലും അതിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ പട്ടിണികിടക്കേണ്ട ആവശ്യമില്ല എന്നായിരുന്നു.

ഒരു വിശ്വാസി അഞ്ചുനേരം പ്രാർത്ഥിക്കുന്നു. അവന്റെ പ്രാർത്ഥനകൾക്ക് വേണ്ടി ഒരുക്കങ്ങളും ചെയ്യാറുണ്ട്. പ്രാർത്ഥനകൾക്ക് മുമ്പ് അംഗശുദ്ധി വരുത്തി നല്ല വസ്ത്രങ്ങളണിഞ്ഞു അല്ലാഹുവിന്റെ മുമ്പിൽ അവൻ നിൽക്കുന്നു. എന്നാല്‍ നോന്പില്‍ പ്രവാചകന്‍ പറഞ്ഞത് അതിനുമുമ്പായി അവൻ സത്യമല്ലാത്ത വാക്കുകളും സത്യമല്ലാത്ത പ്രവർത്തികളും ഉപേക്ഷിക്കുക എന്നതാണ്. മറ്റു പ്രാർത്ഥനകളിൽ ഒരുപാട് കർമ്മങ്ങൾ ചെയ്യുമ്പോൾ നോമ്പുകാരനിൽ ഉദ്ദേശിക്കപ്പെടുന്നത് ഒരുപാട് വിഷയങ്ങളെ ഉപേക്ഷിക്കലാണ്. ഈ ലോകം ഇന്നനുഭവിക്കുന്ന ദുരിതങ്ങൾ പള്ളികളുടെയും പ്രാർത്ഥനാലയങ്ങളുടെയും കുറവുകൊണ്ടല്ലെന്നും മനുഷ്യന്റെ സ്വഭാവ ദുര്‍വീകരണംമൂലമാണ് പ്രയാസങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഒരു മനുഷ്യൻ ഒരുപാട് പ്രാർത്ഥിക്കുന്നവനാകാം അല്ലെങ്കില്‍ പ്രാർത്ഥനകള്‍ ഒട്ടും ഇല്ലാത്തവനാകാം.

അതൊന്നും അവൻ ജീവിക്കുന്ന സമൂഹത്തെ ബാധിക്കുന്നതല്ല. എന്നാൽ മനുഷ്യന്റെ സ്വഭാവം സമൂഹത്തെ ബാധിക്കുന്നു. സമൂഹത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം മോശമായാൽ അതനുഭവിക്കുന്നത് അവന്റെ ഭാര്യ, മക്കൾ, അവന്റെ ബന്ധുമിത്രാദികൾ അതുപോലെ അവനുമായി അടുത്ത് ഇടപഴകുന്നവർ ആരെല്ലാമാണോ അവരെല്ലാം അതിന്റെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലാഹു പറയുന്നു '' നോമ്പ് എന്റേതാണ് നോമ്പിന് പ്രതിഫലം കൊടുക്കുന്നത് ഞാനാണ്. നോമ്പുകാരൻ തന്റെ മനസ്സിനെ നിയന്ത്രിക്കുകയും മനസ്സിന്റെ ഇച്ഛകൾക്ക് കീഴ് പ്പെടാതിരിക്കുകയും ആഹാരവും പാനീയങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നു''. (ഹദീസ് ഖുദ്സി ) ഒരു മനുഷ്യന്റെ മനസ്സിന് രണ്ടു രീതിയിലുള്ള ആഗ്രഹങ്ങളുണ്ടാകും. ആഹാരം കഴിക്കുക, സൽപ്രവർത്തികൾ ചെയ്യുക തുടങ്ങിയവ ഒരു രീതിയും, രണ്ടാമത്തെ രീതി കളവ് പറയുക , മോശമായ പ്രവർത്തികൾ ചെയ്യുക എന്നതാണ്. ഇവ രണ്ടും മനുഷ്യന്റെ ഇച്ഛകളിൽ നിന്നാണ് സംഭവിക്കുന്നത്.നോന്പുകാരനെ സംബന്ധിച്ചിടത്തോളം അവൻ ആഹാരപാനീയങ്ങളെ ഉപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ തരം തിന്മകളെയും ഉപേക്ഷിച്ചുകൊണ്ടാണ് നോന്പ് തുടങ്ങേണ്ടത്. നിങ്ങൾ നിസ്കരിക്കും അതിനുവേണ്ടി ഒരുക്കങ്ങൾ ചെയ്യും അതുപോലെ സകാത് കൊടുക്കുന്നതിനും ഹജ്ജിനു പോകുന്നതിന് വേണ്ടിയുമൊക്ക ഒരുക്കങ്ങൾ ചെയ്യും. എന്നാൽ പരിശുദ്ധ റമദാൻ കൊണ്ട് വിശ്വാസികളോട് ഖുർആൻ പറയുന്നത് നോമ്പിന് ചെയ്യുന്ന ഒരുക്കങ്ങൾ ദുസ്വഭാവങ്ങളെ ഉപേക്ഷിക്കുക എന്നുള്ളതാണ്.പരിശുദ്ധ റമദാനിലെ പ്രാര്‍ത്ഥന എന്നു പറയുന്നത് മനുഷ്യന്റെ ദുസ്വഭാവങ്ങളെ ഉപേക്ഷിക്കുക എന്നതാണ് റമദാന്‍ മാസം കൊണ്ട് ഉദേശിക്കുന്ന ആദ്യത്തെ കര്‍മ്മം അങ്ങനെ റംസാന്‍ മാസം മറ്റ് പ്രാര്‍ത്ഥനകളില്‍ നിന്ന് വ്യത്യസ്തമായി മാറുന്നു. അല്ലാഹുവിനോടുള്ള ആരാധനകൾ കൊണ്ട് മാത്രം ഒരു മനുഷ്യൻ സൽസ്വഭാവിയാകില്ല .

സഹജീവികളോടുള്ള അവന്റെ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും നേരായ രീതിയിൽ ആകുമ്പോഴാണ് അവൻ സത്യവിശ്വാസി ആകുന്നതും അതുവഴി അവനു മോക്ഷം ലഭിക്കുന്നതും. നോമ്പിനെ കുറിച്ച് ഈ വിഷയങ്ങളാണ് ഖുർ ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നത്. അത് ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് നമ്മുടെ നോമ്പ് പരിപൂർണ്ണമാകുന്നത്. അതുവഴി മാത്രമാണ് ഈ ലോകത്തിനു ഒരു വിശ്വാസിക്ക് ശാന്തിയും സമാധാനവും നൽകുവാൻ കഴിയുക .നമുക്കതിന് സാധിക്കട്ടെ. രക്ത ചൊരിച്ചിലുകൾ ഇല്ലാത്ത ശാന്തിയും സമാധാനവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കുവാൻ ഈ പരിശുദ്ധ റമദാൻ കാരണമാകട്ടെയെന്നും അതിനായി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed